

വരുൺ ധവാൻ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസാണ് സിറ്റാഡൽ: ഹണി ബണ്ണി. സീരിസിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരിസിൽ സാമന്തയാണ് നായികയായെത്തുന്നത്. ട്രെയ്‌ലർ ലോഞ്ചിനിടെ വരുൺ ധവാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. തെന്നിന്ത്യൻ സിനിമ സംവിധായകർ മാത്രമാണ് തനിക്ക് ആക്ഷൻ സിനിമകളിൽ അവസരങ്ങൾ തന്നിട്ടുള്ളൂവെന്നാണ് വരുൺ പറയുന്നത്.
"എനിക്ക് തോന്നുന്നത് തെന്നിന്ത്യയിലുള്ളവരാണിപ്പോൾ എന്നെ കൂടുതൽ ശ്രദ്ധിക്കുന്നതും എനിക്ക് ആക്ഷൻ സിനിമകളിൽ അവസരങ്ങൾ തരുന്നതും. അവരാണ് എന്റെ പൊട്ടൻഷ്യൽ മനസിലാക്കിയതും, അത് സത്യവുമാണ്. ഇപ്പോൾ എനിക്ക് രാജ് ആൻഡ് ഡികെ, സാം (സാമന്ത) എന്നിവരുടെ കൂടെ പ്രവർത്തിക്കാനായി. അടുത്തതായി അറ്റ്‌ലി, കീർത്തി സുരേഷ് എന്നിവർക്കൊപ്പമാണ് എന്റെ പ്രൊജക്ട്. ഈ രണ്ട് പ്രൊജക്ടുകളും ആക്ഷന് പ്രാധാന്യമുള്ളതാണ്.
ഇതിന് ശേഷം ഞങ്ങളുടെ ഇൻഡസ്ട്രിയിൽ നിന്നും ആക്ഷൻ സിനിമകൾക്കായി സംവിധായകർ എന്നെ സമീപിക്കുമെന്നാണ് പ്രതീക്ഷ"- വരുൺ പറഞ്ഞു. "ഇപ്പോൾ ഞാനിത് പറയാൻ കാരണം ലോക്ക്ഡൗൺ സമയത്ത് ആദിത്യ ചോപ്രയ്‌ക്കൊപ്പം ബാഡ്മിൻ്റൺ കളിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു, ആ സമയത്ത് മനീഷ് ശർമ്മയും അവിടെയുണ്ടായിരുന്നു. ടൈഗർ 3 യുടെ നിർമ്മാണ ഘട്ടത്തിലായിരുന്നു അവർ. എന്തുകൊണ്ടാണ് ഒരു യുവതാരത്തെ വച്ച് ആക്ഷൻ സിനിമ ചെയ്യാത്തതെന്ന് ഞാൻ ആദിയോട് ചോദിച്ചു.
എന്നെ വച്ച് ഒരു ആക്ഷൻ സിനിമ ചെയ്തു കൂടെയെന്നും ഞാൻ ചോദിച്ചിരുന്നു. എന്നാൽ എനിക്ക് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ നൽകുമെന്നും ആക്ഷൻ റോളുകൾ നൽകാൻ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് പലപ്പോഴും ഞാൻ അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചു കൊണ്ടേയിരുന്നു. പിന്നെയൊരിക്കൽ അദ്ദേഹം പറഞ്ഞു എനിക്ക് അത് ചെയ്യാൻ കഴിയില്ല, അത്രയും ബജറ്റ് തരാനുമാകില്ല, വലിയ ബജറ്റ് തരാൻ പറ്റുന്ന സ്ഥലത്തല്ല നിങ്ങളെന്ന്. അദ്ദേഹത്തിന്റെ ആ വാക്കുകളേക്കുറിച്ചായിരുന്നു പിന്നെ ഞാൻ ചിന്തിച്ചത്. ഞാൻ അദ്ദേഹത്തിന് മെസേജ് ചെയ്തു, 'സർ എന്താണ് ബജറ്റ്?'. അദ്ദേഹം എനിക്ക് ഒരു കണക്ക് തന്നിട്ട് പറഞ്ഞു, ആക്ഷൻ സിനിമകൾ ചെയ്യണമെങ്കിൽ ആവശ്യമായ ബജറ്റാണിതെന്ന്.
എനിക്ക് സിറ്റാഡൽ: ഹണി ബണ്ണിയിലേക്ക് അവസരം വന്നപ്പോൾ ബജറ്റ് എത്രയാണെന്നാണ് ഞാൻ നിർമ്മാതാക്കളോട് ആദ്യം ചോദിച്ചത്. എനിക്ക് ഇങ്ങനെയൊരു അവസരം നൽകിയതിന് ആത്മാർഥമായി ഞാൻ നന്ദിയുള്ളവനാണ്".- വരുൺ കൂട്ടിച്ചേർത്തു. നവംബർ ഏഴിന് ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സിറ്റാഡൽ: ഹണി ബണ്ണി പ്രേക്ഷകരിലേക്കെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates