

98-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിന് മുൻപ് ഓസ്കർ വോട്ടിങ് പ്രക്രിയയിൽ സുപ്രധാന നിയമം കൊണ്ടുവന്ന് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. വോട്ടിങിന് മുൻപായി നോമിനേഷനിൽ വരുന്ന വിവിധ വിഭാഗങ്ങളിലുള്ള എല്ലാ സിനിമകളും അക്കാദമി അംഗങ്ങൾ നിർബന്ധമായി കാണണമെന്ന് പുതിയ നിയമത്തിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ചുളള അറിയിപ്പ് പുറത്തുവിട്ടത്.
വോട്ടര്‍മാര്‍ ചില സിനിമകള്‍ ഒഴിവാക്കുന്നു എന്ന ദീര്‍ഘകാലമായുള്ള പരാതികള്‍ ഇല്ലാതാക്കാനാണ് പുതിയ നിയമം അക്കാദമി കൊണ്ടുവന്നിരിക്കുന്നത്. സംഘടനയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമായ അക്കാദമി സ്ക്രീനിങ് റൂമിലൂടെയാണ് ഇനി വോട്ടിങ് നിയന്ത്രിക്കുക. നോമിനേഷനിലുള്ള എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഇനി അക്കാദമി അംഗങ്ങള്‍ക്ക് ബാലറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
മുന്‍പ് അന്താരാഷ്ട്ര ഫീച്ചര്‍, ഷോര്‍ട്ട് ഫിലിമുകള്‍ പോലുളള വിഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ നയം ഇപ്പോള്‍ ബോര്‍ഡിലുടനീളം ബാധകമാണ്. ഇത്തവണ പുതിയൊരു വിഭാഗം കൂടി കൊണ്ടുവന്നിരിക്കുകയാണ് അക്കാദമി. അച്ചീവ്‌മെന്റ് ഇന്‍ കാസ്റ്റിങ് ആണ് മത്സര വിഭാഗത്തില്‍ ആദ്യമായി ചേര്‍ത്തിരിക്കുന്നത്. സിനിമകളിലെ മികച്ച കാസ്റ്റിങിന് കാസ്റ്റിങ് ഡയറക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതാണിത്. മികച്ച കാസ്റ്റിങിന് പത്ത് സിനിമകള്‍ വരെ ഇതിനായി പരിഗണിക്കും.
അതേസമയം അക്കാദമിയുടെ പുതിയ നീക്കത്തിനെതിരെ വ്യാപക ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിലർ ഇത് കൊള്ളാമെന്ന് പറയുമ്പോൾ, മറ്റു ചിലർക്ക് ആശയക്കുഴപ്പമുണ്ട്. ചിലരാകട്ടെ ഇത് പ്രായോഗികമാണോ എന്നാണ് ചോദിക്കുന്നത്.
'ഇത്രയും നാൾ അപ്പോൾ വെറുതെ വോട്ട് ചെയ്യുകയായിരുന്നോ?', 'ഐഎംഡിബി സ്കോറുകൾ നോക്കിയാണ് അവർ വോട്ട് ചെയ്തതെന്ന് തോന്നുന്നു', 'അപ്പോൾ ഓസ്‌കർ അവാർഡുകളും വ്യാജമായിരുന്നോ???', 'മുൻപ് അവർ എന്ത് അടിസ്ഥാനത്തിലാണ് അപ്പോൾ വോട്ട് ചെയ്തത്... എനിക്ക് മനസ്സിലാകുന്നില്ല',
'വോട്ട് ചെയ്യുന്നതിനു മുൻപ് സിനിമയെക്കുറിച്ച് ഒരു ക്വിസ് നടത്തണം', 'ദ് കളർ പർപ്പിൾ, വാട്ട്സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ്, മാൽകോം എക്സ് തുടങ്ങിയ സിനിമകൾ അവഗണിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസിലായി', ഈ വോട്ടർമാർ കറുത്തവരുടെ സിനിമകൾ കാണുന്നുണ്ടായിരുന്നില്ലേ?'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. 2026 മാർച്ച് 15 നാണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates