
ഫെബ്രുവരി മാസമെന്നാൽ പൊതുവേ പ്രണയത്തിന്റെ മാസമാണെന്നാണ് പറയാറ്. ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത് ഫെബ്രുവരി മാസത്തിലാണ്. അതുകൊണ്ട് പ്രണയ ദിനാഘോഷത്തിന് മാറ്റു കൂട്ടാൻ നിരവധി പ്രണയ ചിത്രങ്ങളാണ് ഈ മാസം തിയറ്ററുകളിലും ഒടിടിയിലും പ്രേക്ഷകരെ കാത്തിരിക്കുന്നത്.
ഹൃദയസ്പർശിയായ സിനിമകളും ത്രില്ലറുകളുമൊക്കെയാണ് ഈ ആഴ്ച ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഈ ആഴ്‌ചയിലെ ഒടിടി റിലീസുകള്‍ ഏതൊക്കെ പ്ലാറ്റ്‌ഫോമുകളിലാണ് എത്തുന്നത് എന്ന് നോക്കാം.
2025 ലെ ഓസ്കർ നോമിനേഷനിൽ ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഗുനീത് മോംഗ നിർമിച്ച അനുജ. ആദം ജെ ഗ്രേവ്‌സ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സജ്ദ പത്താൻ, അനന്യ ഷാൻഭാഗ്, നാഗേഷ് ബോൻസ്‌ലെ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ഈ മാസം അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.
ഫെബ്രുവരി 7 ന് സോണി ലിവിലൂടെയാണ് വെബ് സീരിസായ ബഡാ നാം കരേങ്കെ എത്തുക. പ്രണയകഥയാണ് സീരിസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. റിതിക് ഘൻഷാനിയും ആയിഷ കടുസ്‌കറുമാണ് പ്രധാന വേഷത്തിലെത്തുന്നത്. പലാഷ് വസ്വാനിയാണ് ബഡാ നാം കരേങ്കെ സംവിധാനം ചെയ്യുന്നത്.
കൊൽക്കത്തയെ നടുക്കുന്ന ഒരു കൊലപാതകവും അതിനേ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചാൽചിത്രോ എന്ന സിനിമയുടെ പ്രമേയം. ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഡിസംബർ 20 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ടോട്ട റോയ് ചൗധരി, അനിർബൻ ചക്രബർത്തി, ശന്തനു മഹേശ്വരി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്. ഹോയ്‌ചോയ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 7 ന് ചിത്രം സ്ട്രീം ചെയ്യും.
രവി പ്രകാശ് നായകനായെത്തുന്ന ചിത്രമാണ് കോബാലി. റിവഞ്ച് ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ശ്രീതേജും ചിത്രത്തിൽ ശക്തമായ കഥാപാത്രമായെത്തുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി നാലിന് ചിത്രമെത്തും.
നർത്തകിയായ ഒരു സ്ത്രീ വിവാഹത്തോടെ അടുക്കളയിൽ തളച്ചിടപ്പെടുകയും പിന്നീട് അവർ തന്റെ വ്യക്തിത്വം തിരിച്ചറിയുന്നതും പോരാടുന്നതുമാണ് മിസിസ് എന്ന ചിത്രത്തിന്റെ പ്രമേയം. സന്യ മൽഹോത്ര, കൻവാൽജീത് സിങ്, സിയ മഹാജൻ, നിഷാന്ത് ദാഹിയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഫെബ്രുവരി 7 ന് സീ5 ൽ മിസിസ് റിലീസ് ചെയ്യും.
സ്പോർട്സ് ഇഷ്ടമുള്ളവർക്ക് ഏറെ ആവേശം പകരുന്ന റിലീസാണ് ദ് ഗ്രേറ്റസ്റ്റ് റൈവൽറി: ഇന്ത്യ vs പാക്കിസ്ഥാന്റേത്. വിരേന്ദർ സേവാഗ്, സൗരവ് ഗാംഗുലി, സുനിൽ ഗാവസ്‌കർ, വഖാർ യൂനിസ്, ജാവേദ് മിയാൻദാദ്, രവിചന്ദ്രൻ അശ്വിൻ, ഇൻസമാം-ഉൾ-ഹഖ്, ഷോയിബ് അക്തർ തുടങ്ങിയ താരങ്ങൾ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളുടെ അറിയാ കഥകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് ഇതിലൂടെ. ഫെബ്രുവരി ഏഴിന് നെറ്റ്ഫ്ലിക്സിലൂടെ ദ് ഗ്രേറ്റസ്റ്റ് റൈവൽറി സ്ട്രീം ചെയ്യും.
ഷെയ്ൻ നിഗം നായകനായെത്തിയ തമിഴ് ചിത്രമാണ് മദ്രസ്കാരൻ. നിഹാരിക കൊണ്ടിയേല ആണ് ചിത്രത്തിൽ ഷെയ്ന്റെ നായികയായെത്തിയത്. ജനുവരി 10 ന് പൊങ്കൽ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഫെബ്രുവരി 7 മുതൽ ആഹാ തമിഴിൽ ആണ് മദ്രസ്കാരൻ സ്ട്രീം ചെയ്ത് തുടങ്ങുക. സത്യ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തിയത്. കലൈയരശനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
അച്ഛനും മകനും തമ്മിലുള്ള ബന്ധത്തേക്കുറിച്ചാണ് ചിത്രം പറയുന്നത്. ശ്രേയ ചൗധരി, ബൊമൻ ഇറാനി, പൂജ സരൂപ്, ഹർഷ് സിങ്, അവിനാശ് തിവാരി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഫെബ്രുവരി ഏഴിന് പ്രൈം വിഡിയോയിൽ ദ് മേത്ത ബോയ്‌സ് ആസ്വദിക്കാനാകും.
അടുത്തിടെയാണ് മമ്മൂട്ടി ചിത്രം വല്യേട്ടൻ റീ റിലീസായി എത്തിയത്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിന്റെ 4കെ പതിപ്പിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സായ് കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ശോഭന, പൂർണിമ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ വല്യേട്ടനും ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെ ഫെബ്രുവരി ഏഴിന് ചിത്രം സ്ട്രീം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates