
ഓണം കളറാക്കാനുള്ള അവസാനവട്ട ഓട്ടത്തിലായിരിക്കുമല്ലേ. ഈ വർഷം ഓണം റിലീസായെത്തിയ ലോകയും ഹൃദയപൂർവവും പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് ബോക്സോഫീസിൽ. ഏഴ് ദിവസം കൊണ്ട ലോക 100 കോടി കടന്നിരിക്കുകയാണ്. അതേസമയം ഒടിടിയിലും ഈ ആഴ്ച കിടിലൻ ചിത്രങ്ങളാണ് എത്തുന്നത്. സൈജു കുറുപ്പിന്റെ ഫ്ലാസ്ക് മുതൽ പാൻ ഇന്ത്യൻ ചിത്രമായ കണ്ണപ്പ വരെ ഈ ആഴ്ച ഒടിടി റിലീസിനുണ്ട്. പുത്തൻ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
സൈജു കുറുപ്പ് നായകനായി എത്തിയ ചിത്രമാണ് ഫ്ലാസ്‍ക്. രാഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സൈജു കുറുപ്പ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രം മികച്ച അഭിപ്രായം നേടി. മനോരമ മാക്സിലൂടെ ഇപ്പോള്‍ ഫ്ലാസ്‍ക് സിനിമ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.
ഉണ്ണി മുകുന്ദനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനുമായ ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് കാഥികൻ. കഥാപ്രസംഗത്തിന്റെയും കാഥികരുടെയും പ്രൗഢിനിറഞ്ഞ പഴയകാലവും ഇപ്പോഴത്തെ അവസ്ഥയെയും തുറന്നു കാട്ടുന്ന ചിത്രമാണിത്. സെപ്റ്റംബർ 4 മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് തുടങ്ങി.
ഷൈൻ ടോം ചാക്കോ, കതിർ, ഹക്കിം ഷാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സസ്പെൻസ് ഡ്രാമ ചിത്രമാണ് 'മീശ'. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിന് തയ്യാറെടുക്കുകയാണ്. മനോരമ മാക്സിലൂടെയാണ് മീശ ഒടിടിയിലെത്തുന്നത്. സെപ്റ്റംബർ 12 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് കൂടൽ. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. മറീന മൈക്കിളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ആസിഫ് അലി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് സർക്കീട്ട്. തമർ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമുണ്ടായിട്ടു കൂടി തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിലൂടെ ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
വിഷ്ണു മഞ്ജു നായകനായി എത്തിയ ബിഗ് ബജറ്റ് സിനിമയാണ് കണ്ണപ്പ. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയിൽ അണിനിരന്നിരുന്നു. പാൻ-ഇന്ത്യൻ ചിത്രത്തിൽ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹൻലാലും രുദ്രയായി പ്രഭാസും ശിവനായി അക്ഷയ് കുമാറുമാണ് വേഷമിട്ടിരുന്നത്. സെപ്റ്റംബർ നാല് മുതൽ ചിത്രം ഒടിടി സ്ട്രീമിങ് തുടങ്ങി. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം കാണാനാകും.
മനോജ് ബാജ്പേയി, ജിം സർഭ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇൻസ്പെക്ടർ സെൻഡെ. ചിന്മയി മണ്ഡേലക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിയൽ ലൈഫ് സ്റ്റോറിയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. സെപ്റ്റംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് സു ഫ്രം സോ. സിനിമയുടെ മലയാളം പതിപ്പും കേരളത്തില്‍ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും ജെപി തുമിനാട് ആണ്. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധനേടിയ ജെപി തുമിനാട്, 'സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി' എന്ന ചിത്രത്തിലൂടെ നടനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. 'സു ഫ്രം സോ' എന്ന ഈ ചിത്രത്തിലും അദ്ദേഹം പ്രധാന വേഷം ചെയ്തിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates