
വളരെ പെട്ടെന്ന് തന്നെ മാർച്ച് മാസവും കഴിയാറായിരിക്കുകയാണ്. ഇതെന്താ സമയം പറക്കുവാണോ... എന്ന് ചിലപ്പോഴൊക്കെ നമുക്ക് തോന്നിയിട്ടുണ്ടാകുമല്ലേ. അതൊക്കെ അവിടെ നിൽക്കട്ടെ നമുക്ക് സിനിമയിലേക്ക് വരാം. ഈ ആഴ്ചയും നല്ല അടിപൊളി റിലീസുകളാണ് ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. മസ്തിഷ്ക മരണം, വലതുവശത്തെ കള്ളൻ, കാട്ടാൻ തുടങ്ങി നിരവിധി റിലീസുകളാണ് ഒടിടിയിൽ ഈ വാരാന്ത്യമെത്തുന്നത്. പുത്തൻ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കാം.
വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി മണികണ്ഠൻ ഒരുക്കുന്ന തമിഴ് വെബ് സീരിസ് ആണ് 'കാട്ടാൻ'. വിജയ് സേതുപതി തന്നെയാണ് സ്വന്തം ബാനറിൽ ഈ സീരിസ് നിർമ്മിച്ചിരിക്കുന്നത്. 'കാക്ക മുട്ടൈ', 'കടൈസി വ്യവസായി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മണികണ്ഠനും, 'ഈട' എന്ന ചിത്രത്തിന്റെ സംവിധായകൻ ബി അജിത്ത്കുമാറും ചേർന്നാണ് ഈ പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാർ തമിഴിലൂടെ മാർച്ച് 27 മുതൽ സീരിസ് സ്ട്രീമിങ് ആരംഭിക്കും.
കൃഷാന്ദ് സംവിധാനം ചെയ്ത മസ്തിഷ്ക മരണം: സൈമണ്‍സ് മെമ്മറീസ് ഒടിടിയിലേക്ക്. സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ജോണറിലുള്ള ചിത്രം ഫെബ്രുവരി 27 നാണ് തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രദര്‍ശനം ആരംഭിക്കും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 27 ന് ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങും.
സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കിയ ചിത്രമാണ് 'വലതുവശത്തെ കള്ളൻ'. ജനുവരി 30 ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ബിജു മേനോൻ, ജോജു ജോർജ്, ഗോകുൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രമിപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. മാർച്ച് 27 ന് മനോരമ മാക്സിലൂടെ സ്ട്രീം ചെയ്ത് തുടങ്ങും.
പാലക്കാട് സർക്കിൾ ഓഫീസിലെ അസി എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ബി ജെ ശ്രീജി രചനയും സംവിധാവും നിർവഹിച്ച ചിത്രമാണ് ചന്ദ്രനും പൊലീസും. ജയശ്രീ ശിവദാസ്, കൃഷ്ണൻ ബാലകൃഷ്ണൻ, അനൂപ് കൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മനോരമ മാക്സിലൂടെ ചിത്രം കാണാനാകും.
റാണി മുഖർജി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മർദാനി 3. ക്രൈം ത്രില്ലറായെത്തിയ ചിത്രത്തിൽ റാണി മുഖർജി ഒരു പൊലീസ് ഉദ്യോഗസ്ഥയായാണ് എത്തിയത്. നെറ്റ്ഫ്ലിക്സിലൂടെ മാർച്ച് 27 മുതൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates