'ഔസേപ്പിന്റെ രണ്ട് ആൺമക്കളോടും പ്രേക്ഷകർക്ക് വെറുപ്പ് തോന്നരുത് എന്നുണ്ടായിരുന്നു'; ശരത് ചന്ദ്രൻ ആർജെ അഭിമുഖം
കാമ്പുള്ള കഥയും കരുത്തുറ്റ കഥാപാത്രങ്ങളും വേറിട്ട ആഖ്യാനരീതിയുമായി പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് നവാഗതനായ ശരത് ചന്ദ്രൻ ആർജെ സംവിധാനം ചെയ്ത ഔസേപ്പിന്റെ ഒസ്യത്ത്. സ്നേഹം, കരുതൽ, വിശ്വാസം, നിരാശ, സങ്കടം, സ്വാർഥത, സന്തോഷം, നിസഹായവസ്ഥ തുടങ്ങി മനുഷ്യരുടെ പല വികാരങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രേക്ഷകനെ ആഴത്തിൽ ചിന്തിപ്പിക്കുകയും സ്പർശിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിൽ ഏറെയും. ഔസേപ്പിന്റെ ഒസ്യത്ത് എന്ന ചിത്രങ്ങളുടെ വിശേഷങ്ങളുമായി സമകാലിക മലയാളത്തിനൊപ്പം ചേരുകയാണ് സംവിധായകൻ ശരത് ചന്ദ്രൻ ആർജെ.
ആദ്യ സിനിമ തന്നെ ഒരു ഫാമിലി ത്രില്ലറായി ചെയ്യാമെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്?
ഈ ഒരു സിനിമയുടെ ത്രെഡ് നമുക്ക് പല രീതിയിൽ വർക്ക് ചെയ്യാം. ത്രില്ലർ, ഇൻവസ്റ്റിഗേഷൻ, ക്രൈം, പ്രണയവും ഇൻവസ്റ്റിഗേഷനും ചേർത്ത് അങ്ങനെ ഏത് രീതിയിൽ വേണമെങ്കിലും ചെയ്യാം. ഈ സിനിമയിൽ പറയുന്ന പോലെയൊരു പ്രശ്നം ഒരു കുടുംബത്തിലുണ്ടായാൽ, അത് അവർക്ക് രഹസ്യമാക്കി വയ്ക്കേണ്ടി വന്നാൽ, അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എന്തായിരിക്കും?. ഇതിപ്പോൾ ഈ സിനിമയിലെ കഥാപാത്രങ്ങളാരും മോശം ആളുകളോ ക്രിമിനൽസോ ഒന്നുമല്ല. സാഹചര്യം കൊണ്ട് പലതും ചെയ്ത് പോവുകയും പിന്നീട് അതിൽ നീറി ജീവിക്കേണ്ടി വരുകയുമാണ്.
പക്ഷേ പുറത്തു പറയാൻ പറ്റാത്ത ഒരു സാഹചര്യം വരുകയും അങ്ങനെ ജീവിക്കേണ്ടി വരുകയും ചെയ്യുമ്പോൾ അവരുടെ മാനസികാവസ്ഥ എന്തായിരിക്കും?, അവരുടെ ജീവിതം ഏങ്ങനെ മാറും?. അവർ തമ്മിലുള്ള സംഘർഷങ്ങൾ എങ്ങനെ തുടങ്ങും?. ഇനിയിപ്പോൾ ഇക്കാര്യം പുറത്ത് പറഞ്ഞില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ?, അവരുടെ ജീവിതം ഇനി മുന്നോട്ടു പോകില്ല എന്ന് പറഞ്ഞാൽ ആര് ബലിയാടാകും?. ഇങ്ങനെ കുറേ ചോദ്യങ്ങൾ വന്നപ്പോഴാണ് ഈ ഒരു രീതിയിൽ കഥ ട്രീറ്റ് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. പിന്നെ മനുഷ്യർക്കിടയിലെ ബന്ധങ്ങളേക്കുറിച്ചും അവരുടെ ഇമോഷൻസിനേക്കുറിച്ചുമൊക്കെ സംസാരിക്കാൻ എനിക്ക് പൊതുവേ ഇഷ്ടമാണ്.
വളരെ കാർക്കശ്യക്കാരനായ എന്നാൽ മക്കളോട് സ്നേഹമുള്ള ഒരപ്പനാണ് ഔസേപ്പ്. വിജയരാഘവനിൽ തന്നെയാണോ ആദ്യം ഔസേപ്പിനെ കണ്ടത്?
ഔസേപ്പ് എന്ന കഥാപാത്രത്തിനായി ആരെ കാസ്റ്റ് ചെയ്യുമെന്നുള്ളതിൽ ആദ്യം കുറച്ച് സംശയമുണ്ടായിരുന്നു. കാരണം കുടിയേറ്റവുമൊക്കെയായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തി കൂടിയാണ് ഔസേപ്പ്. ഒരു പുതുമുഖത്തെ ആ കഥാപാത്രത്തിനായി കാസ്റ്റ് ചെയ്താൽ അതെങ്ങനെയായി തീരുമെന്ന് പറയാൻ പറ്റില്ല. അങ്ങനെയാണ് പിന്നെ വിജയരാഘവനിലേക്ക് എത്തുന്നത്. 'പൂക്കാലം' കണ്ടു കഴിഞ്ഞപ്പോഴാണ് ഏത് പ്രായത്തിലേക്കും ആക്കാൻ പറ്റുന്ന ഒരാളാണ് അദ്ദേഹമെന്ന് തോന്നിയത്.
പിന്നെ അദ്ദേഹത്തിന്റെ അഭിനയത്തേക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയണ്ട കാര്യമില്ല. ഒരു പൂവ് ചോദിച്ചാൽ പൂക്കാലം തരുന്ന ആളാണ് വിജയരാഘവൻ സാർ. ഒരു സീൻ കൊടുത്തു കഴിഞ്ഞാൽ നമ്മൾ ചോദിക്കുന്നതിന്റെ നൂറിരട്ടിയാണ് അദ്ദേഹം തരുന്നത്, കഥാപാത്രമായി അദ്ദേഹം ജീവിക്കും. ഒരിക്കലും വിജയരാഘവൻ ചേട്ടനെ ഔസേപ്പിൽ നമുക്ക് കാണാൻ കഴിയില്ല. ആ നാട്ടിൽ ജീവിക്കുന്ന ഏതോ ഒരു മനുഷ്യനായിട്ടേ നമുക്ക് തോന്നുകയുള്ളൂ. ഒരുപാട് കാര്യങ്ങൾ അദ്ദേഹം നമുക്ക് പറഞ്ഞു തരും. അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കും. അതൊക്കെ വളരെ അമൂല്യമായ കാര്യമാണ്.
ഈ സിനിമയിൽ ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളാണ് ദിലീഷിന്റെയും ഷാജോണിന്റെയും. മൈക്കിൾ, ജോർജ് എന്നീ കഥാപാത്രങ്ങളേക്കുറിച്ച്?
മൈക്കിളിനേയായലും (ദിലീഷ് പോത്തൻ), ജോർജിനെയായലും (ഷാജോൺ) ആളുകൾ വെറുക്കരുത് എന്നുണ്ടായിരുന്നു. അവരുടെ സാഹചര്യം കൊണ്ട് ഒരു സംഭവം ജീവിതത്തിൽ ഉണ്ടായിപ്പോയി. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, എന്നാൽപ്പോലും നമ്മുടെയുള്ളിന്റെയുള്ളിൽ എവിടെയോ ഒരു തോന്നലുണ്ടാകണം ഇവർ എങ്ങനെയെങ്കിലും രക്ഷപ്പെട്ടിരുന്നങ്കിൽ എന്ന്.
അങ്ങനെയൊരു ചിന്തയിൽ നിന്നാണ് ഈ രണ്ട് കഥാപാത്രങ്ങളുമുണ്ടാകുന്നത്. ഈ കഥാപാത്രങ്ങൾ മുൻപ് എങ്ങനെയായിരുന്നു എന്ന് മാത്രമാണ് ദിലീഷ് പോത്തനും ഷാജോണിനും ആകെ പറഞ്ഞു കൊടുക്കേണ്ടി വന്നത്. ബാക്കി അവർ നൂറ്റമ്പത് ശതമാനം തിരിച്ചു തരികയായിരുന്നു. ഇരുവരും ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം.
സാധാരണ സിനിമകളിൽ കണ്ടുവരുന്ന ഒരു ക്ലീഷേ പൊലീസ് കഥാപാത്രമല്ല ചിത്രത്തിലെ കനി കുസൃതിയുടേത്?
ധന്യ (കനി കുസൃതി) എന്ന കഥാപാത്രത്തിന് ഒരു റെഫറൻസ് ഉണ്ടായിരുന്നു. 'ദ് സൈലൻസ് ഓഫ് ദ് ലാംബ്സ്' എന്ന സിനിമയിലെ ക്ലാരിസ് എന്ന കഥാപാത്രത്തെയാണ് റെഫറൻസ് ആക്കിയെടുത്തത്. ആത്മവിശ്വാസത്തിന്റെ പ്രശ്നങ്ങളുള്ള വളരെ സൈലന്റായ എന്നാൽ ഒരുപാട് കഴിവുള്ള ഒരു കഥാപാത്രമാണ് ധന്യ. അന്വേഷണത്തിലാണെങ്കിലും ബുദ്ധിപരമായ നീക്കങ്ങൾ അവർ നടത്തുന്നുണ്ട്, അതിലേക്ക് അവർ എത്തുന്നുമുണ്ട്.
സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയ്ന്റ് തിരക്കഥയാണ്. ഫസൽ ഹസനുമായുള്ള കെമിസ്ട്രി എങ്ങനെയായിരുന്നു? അതുപോലെ ബോളിവുഡ് സിനിമകളൊക്കെ ചെയ്തിട്ടുള്ള സിനിമാറ്റോഗ്രഫറാണ് ഇതിൽ ഛായാഗ്രഹണം ഒരുക്കിയതും.
ഫസലുമായി ഒരുപാട് ചർച്ചകൾ നടത്തിയിരുന്നു. ഈ സിനിമയുടെ ഏകദേശം മുപ്പതോളം ഡ്രാഫ്റ്റുകൾ വരെ ഞങ്ങൾ ചെയ്തിരുന്നു. ക്ലൈമാക്സും പല രീതിയിൽ ട്രൈ ചെയ്തിരുന്നു. ഏറ്റവും ചേരുന്നു എന്ന് തോന്നിയതാണ് നിലവിലെ ക്ലൈമാക്സ് ആയി ചെയ്തിരിക്കുന്നത്. വലിയ അനുഭവസമ്പത്തുള്ള ഒരു സിനിമാറ്റോഗ്രഫറാണ് അരവിന്ദ്. ബോളിവുഡിലൊക്കെ ഒരുപാട് സിനിമകൾ ചെയ്തിട്ടുള്ളയാളാണ്. അദ്ദേഹത്തോട് ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യുകയും, നമുക്ക് വേണ്ട സീനുകളുടെ വിഷ്വലുകൾ സെറ്റ് ചെയ്യാനൊക്കെ അദ്ദേഹം നന്നായി സഹായിച്ചിട്ടുണ്ട്.
ഒരു സ്ഥലത്തിന്റെ പുറമേയുള്ള സൗന്ദര്യത്തിനേക്കാൾ, അതിന്റെ അകത്തുള്ള സൗന്ദര്യം കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ നോട്ടം വരെ അത്രയും മനോഹരമായാണ് അദ്ദേഹം ചെയ്ത് തന്നത്. സുമേഷ് പരമേശ്വരനാണ് സംഗീതം ചെയ്തിരിക്കുന്നത്. അക്ഷയ് മേനോനായിരുന്നു പശ്ചാത്തല സംഗീതം ചെയ്തത്. സീനിന്റെ ഇമോഷൻ എന്താണെന്ന് മാത്രമേ അദ്ദേഹത്തിന് പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടുള്ളൂ. ബാക്കിയൊക്കെ അദ്ദേഹം വേണ്ട രീതിയിൽ ചെയ്ത് തന്നു. എഡിറ്റർ അജിത്തും ഒരുപാട് സഹായിച്ചിട്ടുണ്ട്, നമ്മുടെ വൈബിനൊത്ത് നിൽക്കുന്ന ആളു കൂടിയാണ് അജിത്.
ഹൈറേഞ്ചിലായിരുന്നല്ലോ ചിത്രീകരണമൊക്കെ. സിനിമയിൽ തന്നെ പലയിടങ്ങളിലും മഴയും കോടയുമൊക്കെ വരുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധകൾ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നോ?
കുട്ടിക്കാനം, പീരുമേട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഷൂട്ടിനിടയിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു ഷൂട്ട്. മൺസൂണിന്റെ പീക്ക് ടൈമായിരുന്നു. ചില ദിവസം ഒരു മണിക്കൂർ മാത്രമൊക്കെയാണ് ഷൂട്ട് ചെയ്യാൻ പറ്റുക. മഴ കാരണം ഷൂട്ട് ചെയ്യാൻ പറ്റാത്ത ദിവസമുണ്ടായിരുന്നു.
പല ഔട്ട്ഡോർ സീനുകളും ഇൻഡോറായി ചെയ്യേണ്ടി വന്നു, ചില കാര്യങ്ങളൊക്കെ റീ ഡ്രാഫ്റ്റ് ചെയ്യേണ്ടി വന്നു. പക്ഷേ ഷൂട്ട് നിർത്തിവക്കേണ്ടി വന്നില്ല. ഷെഡ്യൂൾ അനുസരിച്ച് ഞങ്ങൾ ചെയ്യുകയായിരുന്നു. 33 ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു. ഇതൊരു പ്രൊജ്കടായി പുറത്തിറക്കാൻ ഏകദേശം നാലര വർഷത്തോളം സമയമെടുത്തു. നിലവിലിപ്പോൾ സിനിമകൾക്ക് വേണ്ടിയുള്ള സ്ക്രിപ്റ്റുകളുടെ വർക്കിലാണ് ഞാൻ. പക്ഷേ പ്രൊജക്ടായി ഒന്നും തുടങ്ങിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

