

മലയാളത്തിലെ പ്രണയ ചിത്രങ്ങളിൽ ഏറെ ആരാധകരുള്ള സിനിമയാണ് പി പത്മരാജൻ സംവിധാനം ചെയ്ത് 1987 ജൂലൈ 31ന് പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ. മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയെ ശ്രദ്ധേയമാക്കിയത്. അതുവരെ മലയാളികൾ കണ്ടും കേട്ടും ശീലിച്ചിട്ടുള്ള പ്രണയ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച സിനിമ കൂടിയായിരുന്നു തൂവാനത്തുമ്പികള്‍. ഉദകപോള എന്ന സ്വന്തം നോവലിനെ ആസ്പദമാക്കിയായിരുന്നു പത്മരാജൻ സിനിമ ഒരുക്കിയത്.
ജയകൃഷ്ണൻ, ക്ലാര, രാധ എന്നീ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്കിടയിലുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. ജയകൃഷ്ണനായി മോഹൻലാലും ക്ലാരയായി സുമലതയും രാധയായി പാർവതിയും അക്ഷരാർഥത്തിൽ ജീവിക്കുകയായിരുന്നു. ജയകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണമായ പ്രണയ ബന്ധങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്.
രണ്ട് വ്യത്യസ്ത സ്ത്രീകളോടുള്ള അയാളുടെ പ്രണയവും, അയാൾ കടന്നുപോകുന്ന മാനസിക സംഘർഷങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളുമെല്ലാം മലയാളികൾ വളരെ പെട്ടെന്നാണ് മന:പാഠമാക്കി മാറ്റിയത്.
'ഓർമിക്കാൻ നമുക്കിടയിൽ ഒന്നുമില്ല, പക്ഷെ മറക്കാതിരിക്കാൻ നമുക്കിടയിൽ എന്തോ ഉണ്ട്.', 'ആദ്യമായിട്ട് മോഹം തോന്നുന്ന ആളെ ജീവിതം മുഴുവന്‍ ഒരുമിച്ച് ഉണ്ടാവുന്നത് ഭാഗ്യമുള്ളവര്‍ക്കെ കിട്ടു.’, 'കാണാതിരിക്കുമ്പോൾ മറക്കാൻ കുറച്ചുകൂടി എളുപ്പമല്ലേ..? ഒരിക്കലും അല്ല... കാണാതിരിക്കുമ്പോൾ എന്നും ഓർക്കാൻ മറക്കാറില്ല എന്നതാണ് സത്യം.'- തുടങ്ങി ക്ലാരയും ജയകൃഷ്ണനും തമ്മിലുള്ള ഓരോ സംഭാഷണവും മലയാളികൾ ഏറ്റെടുത്തിരുന്നു.
കാലം മാറി, ജയകൃഷ്ണനോടും രാധയോടും ക്ലാരയോടുമുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിലും സമീപനത്തിലും കാഴ്ചപ്പാടുകളിലുമൊക്കെ മാറ്റം വന്നു. പുരുഷൻമാരുടെ മനസിൽ തൂവാനത്തുമ്പികൾക്ക് വലിയൊരു ഫാൻ ബേസ് ഉണ്ടെങ്കിലും ഇന്നിപ്പോൾ സ്ത്രീകൾക്കിടയിൽ ചിത്രത്തേക്കുറിച്ച് അത്ര മതിപ്പ് പോരാ എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ നിന്നും മറ്റുമുള്ള പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.
അതുപോലെ ഒരു കാലത്ത് ആഘോഷിക്കപ്പെട്ടിരുന്ന തൂവാനത്തുമ്പികളോട് ഒരല്പം അകൽച്ച കാണിച്ചു തുടങ്ങിയിട്ടുണ്ട് പുതു തലമുറ. മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയമൊന്നും ന്യൂ ജനറേഷന് അത്ര പിടിക്കില്ല. 'പ്രണയം എന്ന് സിനിമ പറഞ്ഞു വെയ്ക്കുന്നതിനെ അങ്ങനെ കാണാൻ പറ്റില്ല, കാമം... അത്ര തന്നെ', 'അന്നത്തെ കാലത്തെ സിനിമകൾ പുരുഷ കേന്ദ്രീകൃതമാണെന്നും പുരുഷന്റെ സ്വാർഥത തന്നെയാണ് ഇവിടെ വിജയിക്കുന്നതെന്നുമാണ്' ഇപ്പോൾ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
'ജയകൃഷ്ണന് ക്ലാരയെ കല്യാണം കഴിക്കാൻ തോന്നുന്നു. അപ്പോൾ അയാൾക്ക് രാധയോട് എന്താ അത്രയും കാലം പ്രണയം ഇല്ലായിരുന്നോ അല്ലെങ്കിൽ ആ ഫീൽ ഇല്ലായിരുന്നോ? ഇതറിഞ്ഞപ്പോൾ രാധ പിന്മാറി. ഒടുവിൽ ഇനിയും വരാമെന്ന് പറഞ്ഞ് അവിടുന്ന് പോയ ക്ലാര തിരിച്ചുവന്നപ്പോൾ വേറെ ഭർത്താവും കുടുംബവുമൊക്കെ ആയി, അതോടെ ജയകൃഷ്ണൻ രണ്ടുപേരും ഇല്ലാത്ത അവസ്ഥയിൽ ആയി. ഒടുവിൽ വീണ്ടും രാധയുടെ കൂടെ പോകുന്നു. ചുരുക്കി പറഞ്ഞാൽ, ക്ലാരയെ കിട്ടിയപ്പോ രാധയെ തേച്ചു, ഒടുവിൽ ക്ലാര ജയകൃഷ്ണനെ തേച്ചു. അപ്പോൾ ജയകൃഷ്ണൻ വീണ്ടും രാധയെ സ്നേഹിക്കാൻ പോയി',- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.
'ഈ കഥയിൽ യാതൊരു ലോജിക്കും ഇല്ല. ഒരാളെ പറ്റി അപവാദം കേൾക്കുമ്പോൾ ദേഷ്യവും അയാൾ അതെ അതൊക്കെ നടന്നതാണെന്ന് പറയുമ്പോൾ അയാളോട് സ്നേഹവും തോന്നുന്നത് സ്വാഭാവികം അല്ല', 'തൃശൂർ ഭാഷ ഇത്ര വികലം ആക്കി വെച്ച ഒരു സിനിമ മലയാള സിനിമ ചരിത്രത്തിൽ ഇല്ല'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്.
'നായകൻ കാമ പൂർത്തീകരണം നടത്തുന്ന ഒരു ശരീരം അതാണ് ക്ലാര, വേറെ ഒന്നും ഇല്ല... ഓവറേറ്റഡ് മൂവി' എന്ന് പറയുന്നവരും കുറവല്ല. അതേസമയം ഇന്നും തൂവാനത്തുമ്പികളെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നവരും അനവധിയാണ്. അവരുടെയൊക്കെ മനസിൽ ഒരു മഴയായി ക്ലാര ഇന്നും പെയ്തു കൊണ്ടേയിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates