

കേരളത്തിലെ തിയേറ്ററുകളെ നിറച്ച് പ്രദര്‍ശനം നടത്തി, ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ 'പിക്‌നിക്' സിനിമയ്ക്ക് 50 വയസ്സ്. നടന്‍ പ്രേംനസീറിന്റെ അഭിനയ ജീവിതത്തിലെ അക്കാലത്തെ ഏറ്റവും വലിയ വാണിജ്യ വിജയമായിരുന്നു ഈ സിനിമ. 1975 ല്‍ പുറത്തിറങ്ങിയ ഈ ചലച്ചിത്രം, 50 ലേറെ ദിവസമാണ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചിരുന്നത്.
1970 കളില്‍ കഥപറച്ചിലിലും ശൈലിയിലും പുതിയ സമീപനം സ്വീകരിച്ചുകൊണ്ട്, അടൂര്‍ ഗോപാലകൃഷ്ണന്‍, ജി അരവിന്ദന്‍ തുടങ്ങിയ സംവിധായകര്‍ മലയാള സിനിമയില്‍ ഒരു പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരുന്നപ്പോഴാണ്, ഈ പ്രവണതകളെ ധിക്കരിച്ച് പുറത്തിറങ്ങിയ 'പിക്‌നിക്' സിനിമ വിജയഗാഥ സൃഷ്ടിച്ചത്.
ജെ ശശികുമാറായിരുന്നു സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. ഏപ്രില്‍ 11 ന് സിനിമയുടെ 50-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഈ ചലച്ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്നുപേര്‍ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. ചിത്രത്തിലെ പ്രധാന അഭിനേത്രിയായിരുന്ന ലക്ഷ്മി, ഗായകന്‍ കെ ജെ യേശുദാസ്, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി എന്നിവര്‍ മാത്രമാണ് ജീവിച്ചിരിപ്പുള്ളത്.
'സിനിമ ഇത്ര വലിയ വിജയമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം കാഴ്ചക്കാരുടെ എണ്ണം കുറവായിരുന്നു. പിന്നീട് പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുക്കുകയായിരുന്നുവെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ വി എം ചാണ്ടിയുടെ മകന്‍ ജോബോയ് അലക്‌സാണ്ടര്‍ പറഞ്ഞു. '1970 കളില്‍, ഒരു സിനിമ വിജയകരമാകാന്‍ 25 ദിവസം ഓടിയാല്‍ മതിയായിരുന്നു. 'പിക്‌നിക്' സംസ്ഥാനത്തെ 14 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. അതില്‍ തിരുവനന്തപുരത്തെ ശക്തി തിയേറ്ററില്‍ 50 ദിവസത്തിലേറെയായിരുന്നു ഷോ. കഥയും സംഗീതവുമാണ് ആളുകളെ സിനിമയിലേക്ക് ആകര്‍ഷിച്ചത്. ജോബോയ് പറയുന്നു.
ചാണ്ടിയും സി സി ബേബിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിഷു-ഈസ്റ്റര്‍ സീസണ്‍ ലക്ഷ്യമിട്ടാണ് റിലീസ് ചെയ്തത്. ഏഴു ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സിനിമ കേരളത്തിലുടനീളം 16 ലക്ഷം രൂപ കളക്ഷന്‍ നേടി. അക്കാലത്തെ മികച്ച വിജയമാണത്. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് സംഗീതമായിരുന്നു. ശ്രീകുമാരന്‍ തമ്പി രചിച്ച ഗാനങ്ങള്‍ക്ക് അര്‍ജുനന്‍ മാസ്റ്റര്‍ സംഗീതമൊരുക്കി.
ഏഴു ഗാനങ്ങളായിരുന്നു സിനിമയിലുണ്ടായിരുന്നത്. എഴുതിയ പാട്ടുകള്‍ക്ക് ഈണങ്ങള്‍ ചിട്ടപ്പെടുത്തുന്നതായിരുന്നു അക്കാലത്തെ രീതിയെന്ന് ശ്രീകുമാരന്‍ തമ്പി അടുത്തിടെ ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. നാലു ഗാനങ്ങളാണ് യേശുദാസ് ആലപിച്ചത്. പി ജയചന്ദ്രനും പാടിയിട്ടുണ്ട്. യേശുദാസ് ആലപിച്ച 'കസ്തൂരി മണക്കുന്നല്ലോ' എന്ന ഗാനം ഇപ്പോഴും ആളുകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.
ചിത്രത്തിന്റെ ജനപ്രീതിക്ക് കാരണമായ മറ്റൊരു ഘടകം കളര്‍ സിനിമയായിരുന്നു എന്നതാണ്. അക്കാലത്ത് കളര്‍ പ്രിന്റ് അപൂര്‍വമായിരുന്നു. കൂടുതലും ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളായിരുന്നു. കളര്‍ സിനിമയെന്നതും പ്രേക്ഷകരെ ആകര്‍ഷിച്ചു. 1980 കളോടെയാണ് കളര്‍ സിനിമകള്‍ സാധാരണയായി മാറിയത് എന്നും ജോബോയ് പറഞ്ഞു. 50 വര്‍ഷം പിന്നിടുമ്പോള്‍, 'പിക്‌നിക്' ഒരു നൊസ്റ്റാള്‍ജിയ മാത്രമല്ല, മലയാള സിനിമ അതിന്റെ ശബ്ദം കണ്ടെത്തുകയും പാരമ്പര്യത്തെ രൂപപ്പെടുത്തുകയും ചെയ്ത ഒരു കാലഘട്ടത്തിന്റെ അടയാളമായി കൂടിയാണ് നിലകൊള്ളുന്നത്. പിക്‌നിക് സിനിമ ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates