

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് (Soubin Shahir)പൊലീസ് നോട്ടിസ്. പതിനാലു ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. സൗബിനു പുറമേ നിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടിസ് അയച്ചിട്ടുണ്ട്.
കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കാനാവില്ലെന്നും അന്വേഷണം തുടരാമെന്നുമായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്.
സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ 7 കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനല്‍കിയില്ലെന്ന സിറാജിന്റെ പരാതിയിലാണ് സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.
2022 നവംബര്‍ 30ന് 5.99 കോടി രൂപ പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് 50 ലക്ഷം രൂപ ഷോണ്‍ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലും നല്‍കി. ഇതിനൊപ്പം 51 ലക്ഷം രൂപ പലപ്പോഴായി പണമായി കൈപ്പറ്റിയെന്നുമായിരുന്നു സിറാജിന്റെ മൊഴി. കരാര്‍ പ്രകാരം പരാതിക്കാരനു 40 കോടിയുടെ അര്‍ഹതയുണ്ടെന്നും അതു നല്‍കിയില്ലെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
