

നിർമാതാവ് സാന്ദ്ര തോമസിന് പിന്തുണയുമായി നടൻ പ്രകാശ് ബാരെ. മികച്ച സിനിമകൾ നിർമിക്കുകയും സ്ത്രീ പ്രാതിനിധ്യത്തിനായി വാദിക്കുകയും ചെയ്യുന്ന സാന്ദ്രയുടെ നാമനിർദേശ പത്രിക തള്ളിയത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും പ്രകാശ് ബാരെ പറഞ്ഞു. നേരിട്ട് നേരിടാനുള്ള ഭയം കൊണ്ടാണ് സാന്ദ്രയുടെ നാമനിർദേശ പത്രിക തള്ളി അടിച്ചമർത്താൻ നോക്കുന്നതെന്ന് പ്രകാശ് ബാരെ പറയുന്നു.
സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രകാശ് ബാരെയുടെ പ്രതികരണം. ‘‘ഞാൻ സാന്ദ്ര തോമസിനൊപ്പം നിലകൊള്ളുന്നു. മലയാള സിനിമയിൽ ഇതുവരെ വേരൂന്നിയ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന സിനിമാപ്രവർത്തകരുടെ പ്രവർത്തനങ്ങളാൽ മലയാള സിനിമ വികസിച്ചു കൊണ്ടിരിക്കുകയാണ്.
മികച്ച സിനിമകൾ നിർമിക്കുകയും ശക്തരായ പുരുഷന്മാരെ നേർക്കുനേർ നേരിട്ടുകൊണ്ട് സ്ത്രീ പ്രാതിനിധ്യത്തിനായി വാദിക്കുകയും ചെയ്യുന്ന ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിൽ ഒരാളാണ് സാന്ദ്ര തോമസ്. പക്ഷേ കർക്കശക്കാരൻമാരായ ഒരുകൂട്ടം പുരുഷന്മാർ നിലകൊള്ളുന്ന ഒരു പവർ ഗ്രൂപ്പ് ആധിപത്യം പുലർത്തുന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ബൈലോയെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് സാന്ദ്ര തോമസ് പ്രസിഡന്റ, ട്രഷറർ സ്ഥാനത്തേക്ക് നൽകിയ സ്ഥാനാർഥിത്വം തടയാൻ ശ്രമിക്കുകയാണ്.
ഒരു സ്ഥാനാർഥിയുടെ പേരിൽ കുറഞ്ഞത് മൂന്ന് സിനിമകളെങ്കിലും സെൻസർ ചെയ്തിരിക്കണമെന്ന് ബൈലോയിൽ വ്യക്തമായി പറയുന്നുണ്ട്. സാന്ദ്രയ്ക്ക് സ്വന്തം പേരിൽ 9 സിനിമകൾ സെൻസർ ചെയ്തിട്ടുണ്ട് എന്ന് നോമിനേഷൻ സൂക്ഷ്മപരിശോധനാ യോഗത്തിൽ അവർ ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാൽ റിട്ടേണിങ് ഓഫിസർ പറയുന്നത് സാന്ദ്രയുടെ സ്വന്തം ബാനറിൽ രണ്ട് സിനിമകൾ മാത്രമേ ഉള്ളൂ എന്ന്.
അവർ ഫ്രൈഡേ ഫിലിം ഹൗസിൽ പാർട്ണർ ആയിരിക്കുമ്പോൾ ചെയ്ത സിനിമകൾ പാടെ തള്ളിക്കളഞ്ഞുകൊണ്ട് പ്രസിഡന്റ്, ട്രഷറർ സ്ഥാനത്തേക്കുള്ള അവരുടെ നാമനിർദേശ പത്രിക നിരസിക്കുകയാണ് ചെയ്തത്. എന്നാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാൻ അവരെ അനുവദിച്ചിട്ടുണ്ട്. ഇത് നിയമപരമായി ന്യായരഹിതമായ പ്രവർത്തിയാണ്.
തൊഴിലിടങ്ങളിലെ പീഡനങ്ങൾക്കും അഴിമതിക്കും സ്വജനപക്ഷാപാതത്തിനുമെതിരെ ശക്തമായ നിലപാടുകൾ എടുത്ത് എന്തുകൊണ്ടും യോഗ്യയായ ഒരു സ്ത്രീയെ നിശബ്ദയാക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. അവർ സത്യം പറയുന്നതിനാൽ അവർക്കെതിരെ നിൽക്കുന്നവർ ഭയപ്പെടുകയാണ്. അവൾ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നതിനാൽ അവളെ ഭീഷണിപ്പെടുത്തപ്പെടുത്താൻ ശ്രമിക്കുകയാണ്.
ന്യായമായ ഒരു തെരഞ്ഞെടുപ്പാണ് നടക്കേണ്ടത്. അവർ ഇവിടെ വേണമോ വേണ്ടയോ എന്ന് അംഗങ്ങൾ തീരുമാനിക്കട്ടെ. സ്ത്രീകളെ മുൻനിരയിലേക്ക് കൊണ്ടുവരികയാണ് വേണ്ടത് ഒഴിവാക്കുകയല്ല. സാന്ദ്ര മത്സരിക്കട്ടെ. സെൻസർ സർട്ടിഫിക്കറ്റുകളിൽ സാന്ദ്ര തോമസിന്റെ പേര് ഉൾപ്പെടുത്തിയ സിനിമകൾ ‘സക്കറിയയുടെ ഗർഭിണികൾ’ (2013), ‘ഫിലിപ്സ് ആൻഡ് ദ് മങ്കി പെൻ’, ‘പെരുച്ചാഴി’, ‘ഫ്രൈഡേ’ (2012), ‘ആട്’ (2015), ‘അടി കപ്യാരെ കൂട്ടമണി’ (2015), ‘കള്ളൻ ഡിസൂസ’ (2022), ‘നല്ല നിലാവുള്ള രാത്രി’ (2023), ‘ലിറ്റിൽ ഹാർട്ട്സ്’(2024) എന്നിവയാണ്.
സെൻസർ സർട്ടിഫിക്കറ്റിൽ സാന്ദ്രയുടെ പേര് ഉൾപ്പെടുത്തിയ ഒമ്പത് സിനിമകൾ ഉള്ളതുകൊണ്ട് തന്നെ മത്സരിക്കാൻ സാന്ദ്രയ്ക്ക് ആരെക്കാളും യോഗ്യതയുണ്ട്. സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കറ്റുകൾ അവഗണിച്ചുകൊണ്ട് സ്വന്തം ബാനറിൽ വരുന്ന സിനിമകൾ മാത്രമേ പരിഗണിക്കൂ എന്ന റിട്ടേണിങ് ഓഫിസറുടെ കടുംപിടിത്തം നിയമപരമായി നിലനിൽക്കുന്നതല്ല. എല്ലാവരും വസ്തുതകൾ കാണുന്നുണ്ടെന്നും നീതി നടപ്പാക്കാൻ ആവശ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.’’–പ്രകാശ് ബാരെയുടെ വാക്കുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates