'ഭയന്നിട്ടാണെങ്കിലും രോഗത്തിന്റെ തീക്ഷ്ണാവസ്ഥയിൽ ആണെങ്കിലും അദ്ദേഹം ചെയ്തത് തെറ്റ് തന്നെ; ടൂവീലറുകാർ ഭൂരിപക്ഷവും ട്രാഫിക് നിയമം പാലിക്കുന്നവരല്ല'

കാൻസറിന്റെ ക്ഷീണിതാവസ്ഥയിലും ഒപ്പം ചിക്കുൻഗുനിയ ബാധിച്ച ക്ഷീണത്തിലും ആണ് അദ്ദേഹം.
Prasanth Vasudev Nair, Maniyanpilla Raju
Prasanth Vasudev Nair, Maniyanpilla Rajuഫെയ്സ്ബുക്ക്
Updated on
2 min read

നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. നടൻ വാഹനം നിർത്താതെ പോയത് തെറ്റ് തന്നെയാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തെറ്റ് മാപ്പ് അർഹിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മണിയൻപിള്ള രാജുവിനെ ചില ദൃശ്യ മാധ്യമങ്ങളെങ്കിലും വലിച്ചുകീറിയതായാണ് മനസ്സിലാക്കുന്നത്. ഞാൻ കാത്തിരുന്നത് ഒരു സിസിടിവി ദൃശ്യത്തിനു വേണ്ടിയായിരുന്നു. അത് വന്നു കഴിഞ്ഞപ്പോൾ ആ മനുഷ്യൻ അപകടസ്ഥലത്ത് വണ്ടി നിർത്താതെ ഓടിച്ചു പോയി മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് അടുത്ത പ്രഭാതം വരെ ഒരുതരം ഒളിവിൽ കഴിഞ്ഞതിന് തീർത്തും തക്കതായ ന്യായീകരണം ആയി മാറുന്നു അത്.

അദ്ദേഹം അത് വിശദീകരിക്കുകയും ചെയ്തു. എൻറെ ഉള്ളിൽ ഉയർന്ന ചോദ്യങ്ങൾ ഇതായിരുന്നു. കാൻസർ വന്നതിനുശേഷം താൻ മദ്യപിക്കില്ല എന്ന് അദ്ദേഹം പറഞ്ഞെങ്കിലും മദ്യപിച്ചതു കൊണ്ടായിരിക്കുമോ അടുത്ത പ്രഭാതം വരെ അദ്ദേഹം അങ്ങനെ മാറി നിന്നത്? അല്ലെങ്കിൽ വണ്ടി നിർത്തിയിരുന്നെങ്കിൽ നാട്ടുകാർ അദ്ദേഹത്തെ അദ്ദേഹത്തിൻ്റെ സെലിബ്രിറ്റി സ്റ്റാറ്റസും രോഗാവസ്ഥയും ഒന്നും മാനിക്കാതെ കൈകാര്യം ചെയ്യുമായിരുന്നോ ? ഇത്തരം സന്ദർഭങ്ങളിൽ അതൊക്കെ മാനിക്കേണ്ട കാര്യമുണ്ടോ?

വണ്ടി നിർത്താതെ പോയെങ്കിലും അദ്ദേഹത്തിന് ആരോടെങ്കിലും പറഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള കടമ ഉണ്ടായിരുന്നില്ലേ?

ഈ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി അദ്ദേഹം പറഞ്ഞു കഴിഞ്ഞു. കാൻസറിന്റെ ക്ഷീണിതാവസ്ഥയിലും ഒപ്പം ചിക്കൻഗുനിയ ബാധിച്ച ക്ഷീണത്തിലും ആണ് അദ്ദേഹം. സംഭവത്തിൽ അദ്ദേഹം വല്ലാതെ ഭയന്നുപോയി. ഒരുപക്ഷേ നാട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്നു തന്നെ അദ്ദേഹം ഭയന്നു. നമ്മുടെ നാട്ടിലെ സ്ഥിതി അതാണല്ലോ? ബൈക്ക് കാറിൽ ഇടിച്ചാൽ കാറുകാരന് കുറ്റം! സൈക്കിൾ ബൈക്കിൽ ഇടിച്ചാൽ ബൈക്കുകാരന് കുറ്റം ! അങ്ങനെയൊക്കെ സംഭവിക്കുമ്പോൾ നിയമം കയ്യിലെടുക്കാൻ നമ്മുടെ ജനത്തിൽ ഒരു വിഭാഗവും !

സിസിടിവി ദൃശ്യം വളരെ വ്യക്തമാണ്. സുബ്രഹ്മണ്യം ഹാളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ കുറച്ചുസമയം വണ്ടി നിർത്തി മറ്റു വണ്ടികൾ വരുന്നുണ്ടോ എന്ന് അദ്ദേഹം നോക്കുന്നുണ്ട്. അതിനുശേഷം ആണ് അദ്ദേഹം വണ്ടി ക്രോസ് ചെയ്യുന്നത്. അത് അവഗണിച്ച് ബൈക്ക് കാറിൽ വന്ന് ഇടിക്കുകയായിരുന്നു. അപകടം നടന്ന ശേഷം ആ കുട്ടികൾ എണീറ്റ് നിൽക്കുന്നത് കണ്ട ശേഷമാണ് അദ്ദേഹം അപകടസ്ഥലം വിട്ടത്.

അപ്പോൾ തന്നെ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു എന്നും അതിനുമുമ്പ് ട്രിവാൻഡ്രം ക്ലബ്ബിലെ സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. എൻറെ ചോദ്യങ്ങൾക്ക് അവിടെ ഉത്തരമായി. ആ സുഹൃത്തുക്കളാണ് ആംബുലൻസ് വിളിച്ചതും ബാക്കി ക്രമീകരണങ്ങൾ ചെയ്തതും. എങ്കിലും ഭയന്നാണെങ്കിൽക്കൂടിയും, രോഗത്തിൻറെ തീക്ഷ്ണാണാവസ്ഥയിൽ ആണെങ്കിലും അദ്ദേഹം ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷേ ആ തെറ്റ് ഈ സാഹചര്യങ്ങളിൽ പൊതുസമൂഹത്തിന്റെ മാപ്പർഹിക്കുന്നു.

നിയമം നിയമപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യട്ടെ. നമ്മുടെ ടൂവീലറുകാർ പലപ്പോഴും ചെയ്യുന്ന ഒരു രീതിയാണിത്. എത്രയോ അനുഭവങ്ങൾ എനിക്കുണ്ട്. പറഞ്ഞാൽ നമ്മളും ശത്രുവാകും. കാറുകാർ എല്ലാം ശരിയായി വണ്ടിയോടിക്കുന്നു എന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ ടൂവീലറുകാർ ഭൂരിപക്ഷവും ഒരു ട്രാഫിക് നിയമവും പാലിക്കുന്നവരല്ല. അതിൽ സ്ത്രീകളുമുണ്ട്.

അവർ ഇടതുവശത്തു കൂടി പെട്ടെന്ന് ഓവർടേക് ചെയ്ത് നമ്മുടെ വണ്ടിയുടെ മുന്നിലേക്ക് കയറി പെട്ടെന്ന് ക്രോസ് ചെയ്യും. ട്രാഫിക് ബ്ലോക്കുകളിൽ എതിർ ദിശയിൽ വരുന്ന വാഹനങ്ങൾക്ക് വഴി കൊടുക്കാതെ ബ്ലോക്ക് ചെയ്യും. എൻ്റെ ആൺമക്കളോട് ഞാൻ എപ്പോഴും പറയാറുണ്ട്. ടൂവീലർ എന്നത് സർക്കസ് ആണ്.

Prasanth Vasudev Nair, Maniyanpilla Raju
യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ

അത് വാങ്ങാൻ മാത്രമേ പലർക്കും നിർവാഹമുള്ളൂ എന്ന അവസ്ഥയുടെ കാര്യം വേറെ. പക്ഷേ അതിൻറെ അപകടസാധ്യത തിരിച്ചറിഞ്ഞ് ശ്രദ്ധിക്കേണ്ട ചുമതല അവർക്കുണ്ട്. പ്രത്യേകിച്ച് നമ്മുടെ ചെറുപ്പക്കാർക്ക്. അവർക്കത് ശ്രദ്ധിക്കാനുള്ള മനസ്സ് ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അപകടത്തിൽപ്പെട്ട കുട്ടികൾ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. അവരുടെ അച്ഛനമ്മമാരുടെ വിഷമത്തിലും പങ്കുചേരുന്നു.

സ്നേഹം നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും

Summary

Cinema news: Prasanth Vasudev Nair facebook post about Maniyanpilla Raju car accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com