മനുഷ്യനെ കൊന്നു തിന്നുന്ന പെണ്ണിന്റെ കഥ പറയുന്ന ദ് ലേഡി ഷോർട്ട്ഫിലിം ശ്രദ്ധ നേടുന്നു. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ഞെട്ടിപ്പിക്കുന്നതാണ്. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ കാനിബൽ ചിത്രം എന്ന വിശേഷണത്തോടെയാണ് ഷോർട്ട്ഫിലിം എത്തിയത്. കാട്ടുപാതയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ ഒരു യുവാവ് അപകടത്തിൽ പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവവുമാണ് ചിത്രത്തിൽ.
കാലിന് ഗുരുതരമായി പരുക്കേറ്റ യുവാവ് സഹായത്തിനായി അടുത്തുള്ള വീട്ടിൽ ചെല്ലുന്നു. അവിടെ അയാളെ സ്വീകരിക്കുന്നത് ഗർഭിണിയായ ഒരു സ്ത്രീയാണ്. ബോധരഹിതനായി വീഴുന്ന യുവാവ് കണ്ണു തുറക്കുമ്പോൾ വീടിനുള്ളിലാണ്. അതിനിടെ യുവതിയുടെ കരച്ചിൽ കേട്ട് ചെല്ലുന്ന ഇയാൾ കാണുന്നത് ജീവനുള്ള ഒരു മനുഷ്യന്റെ പച്ചമാംസം തിന്നുന്ന പെണ്ണിനെയാണ്. ഇവരിൽ നിന്ന് രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമമാണ് ചിത്രത്തിൽ കാണിക്കുന്നത്.
വന്ദന, അശ്വിൻ കെ.ആർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രം സ്റ്റാർട്ട് ക്യാമറ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വിപിൻ വാസുദേവ് ആണ് നിർമിച്ചിരിക്കുന്നത്. അരുൺ സി. കുമാർ, വന്ദന ഗിരി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കഥയും തിരക്കഥയും വന്ദന ഗിരി നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അശ്വിൻ കെ.ആർ. തന്നെ ആണ്. പശ്ചാത്തല സംഗീതം മേജിയോ ജോസഫ്. ഇരുട്ടിന്റെ ഭീകരതയെയും സൗന്ദര്യത്തെയും മികച്ച ഫ്രെയിമുകളിലൂടെയും പശ്ചാത്തലസംഗീതത്തിലൂടെയും പ്രേക്ഷകരിലേക്കെത്തിക്കാൻ അണിയറ പ്രവർത്തകർക്കായി. ആമസോൺ പ്രൈമിൽ യുകെയിലും യുഎസിലും റിലീസ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates