മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ വീട് വിൽക്കില്ലെന്ന് വ്യക്തമാക്കി മകൾ റീത്ത. വാടകക്കാരെ ഒഴിവാക്കാൻ പറഞ്ഞതാണ് വാർത്തയായത് എന്നാണ് റീത്ത പറയുന്നത്. വീട് വില്‍ക്കുന്നുണ്ടെന്ന് വാര്‍ത്ത വന്നതിന് ശേഷം നിരവധി ഓഫറുകള്‍ വരുന്നുണ്ടെന്നും എന്നാൽ വീട് നവീകരിച്ച് ഹോളിഡേ ഹൗസായി ഉപയോഗിക്കാനാണ് മകൾ തീരുമാനിച്ചിരിക്കുന്നതെന്നും ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ റീത്ത വ്യക്തമാക്കി.
'നേരത്തെ സ്കൂളിന് വീട് വാടകയ്ക്ക് നല്‍കിയിരുന്നു. അവരത് നാശമാക്കിയപ്പോള്‍ അത് നിര്‍ത്തി. ആര്‍ക്കും കൊടുക്കുന്നില്ല. ഇടയ്ക്ക് പോയി വൃത്തിയാക്കും. കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് ഒരു പാര്‍ട്ടി വന്ന് ഓഫീസ് ആയി ഉപയോഗിക്കാന്‍ ചോദിച്ചിരുന്നു. മകള്‍ രേഷ്മയോട് ചോദിച്ചപ്പോള്‍ ആര്‍ക്കും കൊടുക്കണ്ട എന്നാണ് പറഞ്ഞത്. ഒരാള്‍ വീട് വാങ്ങാന്‍ നില്‍ക്കുന്നുണ്ട് വില്ക്കുന്നുണ്ടെങ്കില് അവര്‍ക്ക് കൊടുക്കും. അപ്പോള്‍ വാടകയ്ക്ക് കൊടുത്താല്‍ അതൊരു തടസമാകുമെന്ന് അവരോട് പറഞ്ഞു. ആ സംഭവത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വാര്‍ത്ത കാണുന്നത്. വാടകക്കാരെ ഒഴിവാക്കാന്‍ പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയായി മാറിയത്.'- റീത്ത പറഞ്ഞു.
ലൈല കോട്ടജ് കെട്ടി തീർന്നപ്പോഴാണ് താൻ ജനിച്ചതെന്നും നാട്ടിലുള്ളപ്പോൾ അച്ഛൻ താമസിച്ചിരുന്നത് ഈ വീട്ടിലായിരുന്നെന്നും അവർ വ്യക്തമാക്കി. സര്‍ക്കാരിന് വീട് വിട്ട് നല്‍കില്ലെന്നും റീത്ത പറഞ്ഞു. അതിനായി ആരും സമീപിച്ചിട്ടില്ലെന്നും വ്യക്തമാക്കി. തിരുവനന്തപുരം ചിറയൻകീഴ് പുലിമൂട് ജംഗ്ഷനു സമീപം 1956ലാണ് മകള്‍ ലൈലയുടെ പേരില്‍ പ്രേം നസീർ വീട് പണിയുന്നത്. 50 സെന്റും വീടും ഉള്‍പ്പെടുന്ന സ്ഥലം പ്രേം നസീറിന്റെ ഇളയ മകള്‍ റീത്തയുടെ മകള്‍ രേഷ്മയുടെ ഉടമസ്ഥതയിലാണ്. വീട് വിൽക്കുന്നതായി വാർത്ത വന്നതിനു പിന്നാലെ നസീറിന്റെ ഓർമകളുള്ള വീട് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് എത്തിയത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates