മലർ മിസും ജോർജും അന്ന് ഉണ്ടാക്കിയ ഓളം; 'പ്രേമ'ത്തിന്റെ 10 വർഷങ്ങൾ

"മലരേ നിന്നെ കാണാതിരുന്നാൽ... " എന്ന പാട്ടിന് ഇന്നും ആരാധകരേറെയാണ്.
Premam
പ്രേമം (Premam)ഫെയ്സ്ബുക്ക്
Updated on
2 min read

"പ്രേമം എന്ന ചലച്ചിത്രത്തിന്റെ ചിത്രസംയോജനം മിനിഞ്ഞാന്നോടെ ഏതാണ്ട് ഒരു നിലയായി. ഈ പടത്തിന്റെ നീളം 2 മണിക്കൂറും 45 മിനിറ്റുകളും ആണ്‌. കാണികളുടെ ശ്രദ്ധയ്ക്ക്.. ചെറുതും വലുതുമായ 17 പുതുമുഖങ്ങൾ ഈ പടത്തിലുണ്ട്. അതല്ലാതെ വയറ് നിറച്ചു പാട്ടുണ്ട്. പിന്നെ 2 ചെറിയ തല്ലും. പ്രേമ (Premam) ത്തിൽ കുറച്ചു പ്രേമവും തമാശയും മാത്രമേ ഉണ്ടാവൂ. യുദ്ധം പ്രതീക്ഷിച്ച് ആരും ആ വഴി വരരുത് "- പ്രേമം സിനിമ റിലീസിന് മുൻപ് സംവിധായകൻ അൽഫോൻസ് പുത്രൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പായിരുന്നു ഇത്.

ജോർജും മലർ മിസും മേരിയുമൊക്കെ കൂടി മോളിവുഡിൽ ഓളം തീർത്തിട്ട് ഇന്ന് 10 വർഷം പൂർത്തിയായിരിക്കുന്നു. യാതൊരുവിധ ബഹളങ്ങളുമില്ലാതെയായിരുന്നു പ്രേമത്തിന്റെ വരവ്. 2015 ൽ ട്രെയ്‌ലറോ ടീസറോ ഒന്നുമില്ലാതെ വന്ന് ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ തൂത്തുവാരി ചിത്രം. നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ മൂന്ന് കാലഘട്ടങ്ങളിലായി സംഭവിക്കുന്ന പ്രണയമാണ് ചിത്രം പറഞ്ഞത്.

പ്ലസ് ടുവിന് പഠിക്കുമ്പോൾ താൻ പ്രണയിച്ച പെൺകുട്ടിയെ തന്റെ അതേ പേരിലുള്ള മറ്റൊരാൾ സ്വന്തമാക്കുന്നത് കണ്ടു നിന്ന ജോർജ് എന്ന ചെറുപ്പക്കാരൻ. ഡി​ഗ്രിക്ക് കോളജിലെത്തുമ്പോൾ ​ഗസ്റ്റ് ലക്ചറർ ആയി വരുന്ന അധ്യാപികയോട് ജോർജിന് തോന്നുന്ന പ്രണയം. അതും ജോർജിന് വേദനയായി മാറുകയാണ്. ഒടുവിൽ ആദ്യത്തെ പ്രണയിനി മേരിയുടെ സഹോദരിമായുള്ള ജോർജിന്റെ പ്രണയം വിജയിക്കുന്നു. ഇതായിരുന്നു പ്രേമത്തിന്റെ ഇതിവൃത്തം. പ്രത്യേകിച്ച് ഒന്നും സിനിമയിൽ ഇല്ലാതിരുന്നിട്ടു കൂടി പ്രേമം കേരളത്തിൽ ഒരു ട്രെൻഡ് സെറ്ററായി മാറി.

ആ വർഷത്തെ ഓണത്തിന് കേരളത്തിലെ കോളജുകളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും യൂണിഫോം ആയി മാറി കറുത്ത ഷർട്ടും വെള്ള മുണ്ടും. അതുവരെ മലയാളികൾ കണ്ട് ശീലിച്ച നായിക സൗന്ദര്യത്തിൽ നിന്ന് മാറിയുള്ള ഒരു നായികയെയാണ് പ്രേമത്തിലൂടെ സംവിധായകൻ അവതരിപ്പിച്ചത്. മലർ മിസ് ആയെത്തി സായ് പല്ലവി മലയാളികളുടെ മനസിൽ ചേക്കേറി.

Premam
പ്രേമംഫെയ്സ്ബുക്ക്

ചിത്രത്തിലെ പാട്ടുകളും മലയാളികൾക്കിടയിൽ വൻ തരം​ഗമായി മാറി. "മലരേ നിന്നെ കാണാതിരുന്നാൽ... " എന്ന പാട്ടിന് ഇന്നും ആരാധകരേറെയാണ്. രാജേഷ് മുരുകേശൻ ആയിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്. അൽഫോൻസ് പുത്രന്റെ നേരത്തിലും സം​ഗീതമൊരുക്കിയത് രാജേഷ് മുരുകേശൻ ആയിരുന്നു. ചിത്രത്തിലെ ഒൻപതോളം ഗാനങ്ങളിൽ എട്ടെണ്ണത്തിനും വരികൾ എഴുതിയത് ശബരീഷ് വർമയാണ്.

മലയാളത്തിന് പുറമെ ചിത്രം തമിഴ്‌നാട്ടിലും ചിത്രം വിജയം കൊയ്‌തു. തമിഴ്‌നാട്ടിൽ 200 ദിവസത്തോളമാണ് പ്രേമം പ്രദര്‍ശിപ്പിച്ചത്. മലയാളത്തിലേക്ക് ഒരുപിടി നല്ല താരങ്ങളെയും അണിയറ പ്രവർത്തകരെയും സംഭാവന ചെയ്ത ചിത്രം കൂടിയായിരുന്നു പ്രേമം. ചിത്രത്തിൽ പുതുമുഖങ്ങളായെത്തിയ സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ പിന്നീട് തെന്നിന്ത്യയിലെ വൻ തിരക്കുള്ള നായികമാരായി മാറി.

അൻവർ റഷീദ് ആയിരുന്നു ചിത്രം നിർമിച്ചത്. പ്രേമത്തിന്റെ 10-ാം വാർഷിക ആശംസകൾ. ഈ സിനിമ പ്രതീക്ഷിച്ചതിലും വലിയ വിജയമാക്കിയതിന്, സിനിമ കണ്ട എല്ലാവർക്കും, എന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും, അഭിനേതാക്കൾക്കും, ഞങ്ങളുടെ നിർമാതാവിനും നന്ദി.- എന്നാണ് പ്രേമത്തിന്റെ 10-ാം വർഷത്തിൽ സംവിധായകൻ അൽഫോൻസ് പുത്രൻ കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com