

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിര്‍മാതാവ് ഹസീബ് മലബാര്‍. പുലർച്ചെ മൂന്ന് മണിക്ക് ഫോണില്‍ വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റുകയുള്ളൂവെന്ന് പറഞ്ഞ നടനാണ് ശ്രീനാഥ് ഭാസിയെന്നും ഹസീബ് മലബാർ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘നമുക്കു കോടതിയിൽ കാണാം’ എന്ന സിനിമയുടെ നിർമാതാവ് ആണ് ഹസീബ്.
സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ദിവസം പുലർച്ചെ മൂന്നു മണിക്ക് ശ്രീനാഥ് ഫോണിൽ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും ഷൂട്ടിങ് ലൊക്കേഷനിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്നെന്നും നടന്റെ നിസ്സഹകരണം മൂലം ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ ഹസീബ് പറയുന്നു. ഷൂട്ടിങ് സെറ്റിൽ കാരവനിൽവച്ച് നടൻ ലഹരിമരുന്ന് ഉപയോഗിക്കുമായിരുന്നെന്നും ഹസീബ് പറഞ്ഞു.
'കാരവന് ലഹരി പിടിച്ചെടുക്കാന്‍ കഴിവുണ്ടെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആക്‌സിഡന്റ് ഉണ്ടാകുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേത് ആയേനെ എന്നും ഹസീബ് മാധ്യമങ്ങളോട് പറഞ്ഞു. ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിക്കെതിരെയും ആരോപണം ഉയരുന്നത്.
ഇന്നലെ രാത്രിയായിരുന്നു ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായുള്ള ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഇറങ്ങി ഓടിയത്. അതേസമയം ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിലും ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെന്ന സ്ത്രീയെ ആലപ്പുഴയില്‍ നിന്നും പിടികൂടിയപ്പോള്‍ താന്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നായിരുന്ന മൊഴി അവർ നല്‍കിയിരുന്നു. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്‌സൈസിന് ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates