

വരലക്ഷ്മി ശരത്കുമാറിന്റെ സിനിമാപ്രവേശനത്തെക്കുറിച്ച് രാധിക ശരത്കുമാര്‍. വരലക്ഷ്മി സിനിമയില്‍ അഭിനയിക്കുന്നതിനോട് ശരത്കുമാറിന് ആദ്യം എതിര്‍പ്പായിരുന്നുവെന്നാണ് രാധിക പറയുന്നത്. താനും വരലക്ഷ്മിയും അമ്മ ഛായയും ചേര്‍ന്ന് ശരത്കുമാറിനെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ പോയതിനെക്കുറിച്ചും രാധിക സംസാരിക്കുന്നുണ്ട്.
വരലക്ഷ്മിയുടെ പുതിയ ചിത്രം സരസ്വതിയുടെ പ്രീ-റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു രാധിക. മകളുടെ വിജയത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് ശരത്കുമാറാണെന്നാണ് രാധിക പറയുന്നത്. ആ വാക്കുകളിലേക്ക്:
ഈ നിമിഷം ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് എന്റെ ഭര്‍ത്താവ് ശരത്കുമാര്‍ ആയിരിക്കും. അദ്ദേഹത്തിന് അത് പുറമെ കാണിക്കാനറിയില്ല. പക്ഷെ എന്നോട് എപ്പോഴും സംസാരിക്കാറുണ്ട്. ഈയ്യടുത്ത് ഞങ്ങള്‍ എയര്‍പോര്‍ട്ടിലിരിക്കുമ്പോള്‍ ഒരാള്‍ വന്ന് എന്റെ സിനിമ നന്നായെന്ന് പറഞ്ഞു. പിന്നൊരാള്‍ വന്ന് അദ്ദേഹത്തിന്റെ സിനിമ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. ഭാര്യയുടേയും ഭര്‍ത്താവിന്റേയും സിനിമകള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍.
പിന്നൊരാള്‍ വന്ന് നിങ്ങളുടെ മകള്‍ റയാന്റെ റീലുകള്‍ കാണാറുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഒരു സ്ത്രീ വന്ന് നിങ്ങളുടെ മകള്‍ വരലക്ഷ്മിയെ ഏറെ ഇഷ്ടമാണെന്നും അവരോട് ഞങ്ങളുടെ അന്വേഷണം പറയണമെന്നും പറഞ്ഞു. ശരത്തിന് ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ഞങ്ങളുടെ കുടുംബത്തിന്റെ തൂണുകള്‍ ശരത്തും നിക്കുമാണ്.
വരു സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍ അവളുടെ അച്ഛന്‍ എതിര്‍ത്തു. അദ്ദേഹം അവളെ വല്ലാതെ ടോര്‍ച്ചര്‍ ചെയ്തു. നീ അഭിനയിക്കരുതെന്ന് പറഞ്ഞു. നിര്‍മാതാക്കളെ വിളിച്ച് എന്റെ മകളെ കാസ്റ്റ് ചെയ്യരുതെന്ന് വരെ പറഞ്ഞു. ഒരു ദിവസം ഞാനൊരു സെറ്റില്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലിരിക്കുമ്പോള്‍ വരുവും ഛായയും വന്നു. വരു ദേഷ്യവും സങ്കടവും കാരണം വേഗത്തിലാണ് സംസാരിക്കുന്നത്. ഛായ ശാന്തമായി എന്നോട് ശരത്തിനോട് സംസാരിക്കാന്‍ പറഞ്ഞു.
ഞാനല്ല തീരുമാനമെടുക്കേണ്ടത്, പക്ഷെ ഞാന്‍ നിങ്ങളെ പിന്തുണയ്ക്കാം. ശരത്തിനോട് സംസാരിക്കാമെന്ന് പറഞ്ഞു. സെറ്റില്‍ ചെല്ലുമ്പോള്‍ ശരത് നമിതയോടൊപ്പം ഡാന്‍സ് സീന്‍ എടുക്കുകയാണ്. ഗ്ലാമര്‍ ഡാന്‍സ് ആണ്. ശരത് ബോഡിയൊക്കെ കാണിച്ച് സ്‌റ്റൈലില്‍ നില്‍ക്കുകയാണ്. ഞങ്ങളെ കണ്ടതും ഓടി കാരവനില്‍ കയറി. ഞങ്ങളും പിന്നാലെ ഓടിക്കയറി. വരു കാരവനില്‍ ഇരുന്നും കരയുകയായിരുന്നു. ശരത് സമ്മതിക്കുന്നതേയില്ല. നിന്നെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്, ബുദ്ധിയുപയോഗിച്ച് എന്തെങ്കിലും ചെയ്യൂവെന്നൊക്കെ പറഞ്ഞു. ഛായ എന്തെങ്കിലും ചെയ്യൂവെന്ന് പറഞ്ഞ് എന്നെ നോക്കി. ഞാന്‍ പൊലീസ് വേഷത്തിലിരിക്കുകയാണ്. അവസാനം ശരത് സമ്മതിച്ചു.
അവളുടെ സിനിമയ്ക്ക് അദ്ദേഹവും എനിക്കൊപ്പം വന്നിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, അഭിമാനിക്കൂ, അവള്‍ നല്ലൊരു നടിയാകും എന്ന്. വരലക്ഷ്മിയെക്കുറിച്ച് എനിക്ക് വലിയ അഭിമാനമാണ്. ഇന്ന് വരലക്ഷ്മി എവിടെ എത്തി നില്‍ക്കുന്നുവോ അവള്‍ എത്രത്തോളം ശക്തിയാണോ അതിന്റെ കെഡ്രിറ്റ് മുഴുവന്‍ ഛായയ്ക്കാണ് ഞാന്‍ നല്‍കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates