'സംഘപരിവാര്‍ ഭാഷ്യം ഒളിച്ചു കടത്താന്‍ ശ്രമം', 'മാലിക്' ചരിത്രത്തെ വ്യഭിചരിച്ചു ; കുറിപ്പ് 

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് ബീമാപള്ളി വെടിവെപ്പ് നടക്കുന്നത്
കോടിയേരി, രാഹുല്‍ മാങ്കൂട്ടത്തില്‍ / ഫയല്‍
കോടിയേരി, രാഹുല്‍ മാങ്കൂട്ടത്തില്‍ / ഫയല്‍
Updated on
2 min read

തിരുവനന്തപുരം: സിനിമയുടെ മേക്കിംഗിലും അഭിനേതാക്കളുടെ പ്രകടനത്തിലും മികച്ചു നില്‍ക്കുന്ന മാലിക്, ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. മറവിയുടെ മാറാല പിടിക്കാന്‍ പോലും കാലമില്ലാത്ത സമയത്ത് നടന്ന ഒരു സംഭവത്തെ തീര്‍ത്തും ചരിത്ര വിരുദ്ധമായി സമീപിച്ചിരിക്കുന്നത് ചരിത്ര ബോധമുള്ളവര്‍ക്ക് ഒരിക്കലും ദഹിക്കാത്തതാണ്. രാഹുല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് ബീമാപള്ളി വെടിവെപ്പ് നടക്കുന്നത്. 1957 നു ശേഷം കേരളത്തില്‍ നടന്ന ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് ബീമാപള്ളിയിലേത്. പക്ഷേ കേരളത്തില്‍ രാഷ്ട്രീയ കോളിളക്കങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ കടന്നു പോയ മനുഷ്യാവകാശ ധ്വംസനം കൂടിയാണ് തിരുവനന്തപുരത്തെ ബീമാപള്ളിയില്‍ നടന്നത്. 

ബീമാപ്പളളി വെടിവെപ്പിന് ഉത്തരവാദിയായ കോടിയേരി ബാലകൃഷ്ണനെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെയോ ഒരിടത്ത് പോലും മിന്നായമായി കാണിക്കാതിരിക്കാന്‍ സംവിധായകന്‍ കാണിച്ച സൂക്ഷ്മത പ്രത്യേകം എടുത്ത് പറയേണ്ടതാണ്. രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കേണ്ടതാണ്. സുരേന്ദ്രന്‍ പിള്ള എന്ന സ്ഥലം എംഎല്‍എ സിനിമയിലെത്തുമ്പോള്‍ അബൂബക്കര്‍ ആകുന്നത് നിഷ്‌കളങ്കമായ സ്വാഭാവികതയല്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. 

ബീമാപ്പളളിയിലെ തുറയില്‍ ജീവിക്കുന്നവര്‍ കള്ളക്കടത്ത് നടത്തിയാണ് പണം സമ്പാദിക്കുന്നതെന്ന സംഘ് പരിവാര്‍ ഭാഷ്യം സിനിമയിലൂടെ ഒളിച്ചു കടത്താന്‍ മഹേഷ് നാരായണന്‍ ശ്രമിച്ചിരിക്കുന്നതും തുറന്നു കാണിക്കേണ്ടതാണ്. ഇടതു പക്ഷക്കാരനാണെന്ന് പറയുന്ന മഹേഷ് നാരായണന്‍ കേരളത്തിന് പുറത്തും, അകത്തും കാവി പ്രസ്ഥാനത്തിനോട് അന്തര്‍ധാരയുള്ള പിണറായി വിജയന്റെ ഒക്കച്ചങ്ങായി ആവാന്‍ സര്‍വ്വഥാ യോഗ്യനാണെന്ന് മാലിക് പറഞ്ഞു വെക്കുന്നു എന്നും രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം : 


സിനിമയുടെ മേക്കിംഗിലും അഭിനേതാക്കളുടെ പ്രകടനത്തിലും മികച്ചു നിൽക്കുന്ന മാലിക്, ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണ്. മറവിയുടെ മാറാല പിടിക്കാൻ പോലും കാലമില്ലാത്ത സമയത്ത് നടന്ന ഒരു സംഭവത്തെ തീർത്തും ചരിത്ര വിരുദ്ധമായി സമീപിച്ചിരിക്കുന്നത് ചരിത്ര ബോധമുള്ളവർക്ക് ഒരിക്കലും ദഹിക്കാത്തതാണ്.

1957 നു ശേഷം കേരളത്തില്‍ നടന്ന ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് ബീമാപള്ളിയിലേത്. പക്ഷേ കേരളത്തില്‍ രാഷ്ട്രീയ കോളിളക്കങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ കടന്നു പോയ മനുഷ്യാവകാശ ധ്വംസനം കൂടിയാണ് തിരുവനന്തപുരത്തെ ബീമാപള്ളിയില്‍ നടന്നതെന്ന വിമര്‍ശനം ഇപ്പോഴും സജീവമാണ്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് ബീമാപള്ളി വെടിവെപ്പ് നടക്കുന്നത്.

ബീമാപ്പളളി വെടിവെപ്പിന് ഉത്തരവാദിയായ കൊടിയേരി ബാലകൃഷ്ണനെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയോ ഒരിടത്ത് പോലും മിന്നായമായി കാണിക്കാതിരിക്കാൻ സംവിധായകൻ കാണിച്ച സൂക്ഷമത പ്രത്യേകം എടുത്ത് പറയേണ്ടതാണ്. രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കേണ്ടതാണ്. 

സുരേന്ദ്രൻ പിള്ള എന്ന സ്ഥലം MLA സിനിമയിലെത്തുമ്പോൾ അബൂബക്കർ ആകുന്നത് നിഷ്കളങ്കമായ സ്വാഭികതയല്ല. കള്ളക്കടത്തും തീവ്രതയും വർഗീയതയും ഒരു പ്രത്യേക സമുദായത്തിന് മുകളിൽ ചാർത്താൻ കാണിച്ച വ്യഗ്രത വിമർശിക്കപ്പെടേണ്ടതാണ്. ബീമാപ്പളളിയിലെ തുറയിൽ ജീവിക്കുന്നവർ കള്ളക്കടത്ത് നടത്തിയാണ് പണം സമ്പാദിക്കുന്നതെന്ന സംഘ് പരിവാർ ഭാഷ്യം സിനിമയിലൂടെ ഒളിച്ചു കടത്താൻ മഹേഷ് നാരായണൻ ശ്രമിച്ചിരിക്കുന്നതും തുറന്നു കാണിക്കേണ്ടതാണ്.

മുസ്ലിം സമുദായം തിങ്ങിപ്പാർക്കുന്നിടം വിദ്വേഷത്തിന്റെ കനലുകളിൽ എരിയുന്നതാണെന്നും, അവർക്ക് തണലായി പച്ചക്കൊടിയേന്തിയ സംഘടനയാണെന്നും പറഞ്ഞു വെക്കുമ്പോൾ, ഇന്ത്യയാകെ ഒരു പള്ളിയുടെ പ്രശ്നത്തിൽ കത്തിയാളിയപ്പോൾ കേരളത്തിൽ മതേതര മനസ്സിന് കാവൽ നിന്ന പ്രസ്ഥാനമാണതെന്ന് മറക്കരുത്. ചരിത്രത്തെ ഒറ്റക്കണ്ണിലൂടെ നോക്കുന്ന ചലച്ചിത്രകാരന്മാർ വിതക്കുന്ന വിദ്വേശ വിത്തുകളിൽ നിന്ന് വിള കൊയ്യുന്നവർ സംഘ് പരിവാറാണെന്ന് മറക്കേണ്ട.

താനൊരു ഇടതു പക്ഷക്കാരനാണെന്ന് പറയുന്ന മഹേഷ് നാരായണൻ കേരളത്തിന് പുറത്തും, അകത്തും കാവി പ്രസ്ഥാനത്തിനോട് അന്തർധാരയുള്ള പിണറായി വിജയന്റെ ഒക്കച്ചങ്ങായിയാവാൻ സർവ്വഥാ യോഗ്യനാണെന്ന് മാലിക് പറഞ്ഞു വെക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com