

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് രജിഷ വിജയന്‍. ജയ് ഭീം മുതല്‍ ബൈസന്‍ വരെയുള്ള സിനിമകളിലൂടെ തമിഴിലും രജിഷ കയ്യടി നേടിയിട്ടുണ്ട്. രജിഷയുടെ ഏറ്റവും പുതിയ ചിത്രമാണ് മസ്തിഷ്‌ക മരണം. കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നുള്ള രജിഷയുടെ ഡാന്‍സ് നമ്പറിന്റെ ലിറിക്കല്‍ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
കോമള താമര എന്ന് തുടങ്ങുന്ന പാട്ടില്‍ രജിഷയെത്തുന്നത് ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ്. രജിഷയുടെ ഗ്ലാമര്‍ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനിടെ താരത്തിനെതിരെ ചിലര്‍ കടുത്ത സൈബര്‍ ആക്രമണവും അഴിച്ചുവിടുന്നുണ്ട്. ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് മുമ്പ് പറഞ്ഞത് കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ താരത്തെ ആക്രമിക്കുന്നത്.
2022 ല്‍ മിര്‍ച്ചി എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് രജിഷ പറഞ്ഞത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ''ഐറ്റം ഡാന്‍സ് കളിക്കാന്‍ അന്നും ഇന്നും എനിക്ക് ഇഷ്ടമല്ല. ഐറ്റം ഡാന്‍സില്‍ വരുന്ന പാട്ട്, അതിലെ വരികള്‍, വസ്ത്രം, അതില്‍ കാണിക്കുന്ന മൂവ്‌സ്, വെച്ചിരിക്കുന്ന ക്യാമറ ആംഗിള്‍, സൂം ഇന്‍ സൂം ഔട്ട്, വയര്‍ കാണിക്കുന്നത്, അതിനോടൊന്നും താല്‍പര്യമില്ല. മനുഷ്യ ശരീരത്തെ ഒബ്‌ജെക്ടിഫൈ ചെയ്യുന്ന എന്ത് കാര്യമായാലും അത് ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. എന്റെ ബോഡി ടൈപ്പിന് ചേരുന്ന, എനിക്ക് ചെയ്യാന്‍ പറ്റുന്ന റോളുകള്‍ മാത്രമേ ചെയ്യുകയുള്ളൂ'' എന്നാണ് രജിഷ പറഞ്ഞത്.
പിന്നാലെ നിരവധി പേരാണ് രജിഷയ്‌ക്കെതിരെ അധിക്ഷേപവുമായെത്തുന്നത്. 'ചാന്‍സ് കുറയുമ്പോള്‍ പലതും മറക്കും.. കംപ്രോമിസ് ചെയ്യും, പൈസ കൂടുതല്‍ കൊടുത്താല്‍ ഇവളൊക്കെ എന്തും ചെയ്യും , അത് പിന്നെ കാശിനു കുറച്ചു അത്യാവശ്യം ഉണ്ടായിരുന്നു, പണത്തിന് മുകളില്‍ പരുന്തും പറക്കില്ല, ഇത് ഐറ്റം ഡാന്‍സ് അല്ല നാടോടി നൃത്തമാണ്, ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കണ്ടേ, അന്ന് മദ്യലഹരിയിലായിരുന്നുവെന്ന് പറയാം' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
അതേസമയം താരത്തെ പിന്തുണച്ചും ആളുകളെത്തുന്നത്. നാല് വര്‍ഷം മുമ്പ് പറഞ്ഞത് അന്നത്തെ ബോധ്യത്തില്‍ നിന്നായിരുന്നു. നാല് വര്‍ഷത്തിനിപ്പുറം കാഴ്ചപ്പാടുകളിലും ചിന്തകളിലും മാറ്റം സംഭവിക്കുന്നത് സ്വാഭാവികമാണെന്നാണ് താരത്തെ പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്. അഭിനയം എന്നത് ഒരു തൊഴില്‍ മാത്രമാണ്, അവിടെ കഥാപാത്രം ആവശ്യപ്പെടുന്ന വേഷം ധരിക്കുക എന്നത് ആ കലാകാരിയുടെ പ്രൊഫഷന്റെ ഭാഗമാണ്. അതിനെ വ്യക്തിജീവിതവുമായി കൂട്ടിക്കുഴച്ച്, തരംതാണ കമന്റുകളുമായി എത്തുന്നവര്‍ ഓര്‍ക്കുക, ഒരാള്‍ എന്ത് ധരിക്കണം എന്നത് അവരുടെ മാത്രം വ്യക്തിസ്വാതന്ത്ര്യമാണെന്നും അവര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates