

കാത്തിരിപ്പുകൾക്കൊടുവിൽ ധുരന്ധർ 2 തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയുടെ ടെക്നിക്കൽ വശത്തെ അഭിനന്ദിക്കുമ്പോഴും ചിത്രം പറഞ്ഞുവയ്ക്കുന്ന പൊളിറ്റിക്സിന് അതിരൂക്ഷമായി പലരും വിമർശിക്കുന്നുമുണ്ട്. ചിത്രത്തിൽ രൺവീറിനൊപ്പം തന്നെ പ്രശംസ ഏറ്റുവാങ്ങുകയാണ് നടൻ രാകേഷ് ബേദിയും.
ധുരന്ധറിന്റെ തിരക്കഥ വളരെ മികച്ചതാണെന്നും ഇത്രയും മികച്ച സിനിമ ഇതുവരെ ആളുകൾ കണ്ടിട്ടില്ലെന്നും എൻഡി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ രാകേഷ് ബേദി പറഞ്ഞു. "അടുത്തിടെ ഇന്ദിര ഗാന്ധിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് സിനിമകൾ വന്നിരുന്നു. പക്ഷേ ആ സിനിമകൾ രണ്ട് ദിവസം പോലും ഓടിയില്ല.
ധുരന്ധറിന്റെ എഴുത്തും തിരക്കഥയും വളരെ മികച്ചതാണ്. ഇത്രയും വലിയ ഒരു സിനിമ ഇതുവരെ ആളുകൾ കണ്ടിട്ടുണ്ടാകില്ല".- രാകേഷ് ബേദി പറഞ്ഞു. ധുരന്ധർ ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്ന വാദത്തെയും രാകേഷ് തള്ളിക്കളഞ്ഞു. വർഗ്ഗീകരണത്തേക്കാൾ പ്രേക്ഷക പ്രതികരണമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"എനിക്ക് രാഷ്ട്രീയത്തിൽ വിശ്വാസമില്ല. ഞാൻ സിനിമയെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ. ഒരു സിനിമ ഇഷ്ടപ്പെടാനോ ഇഷ്ടപ്പെടാതിരിക്കാനോ ഓരോരുത്തർക്കും അവകാശമുണ്ട്. പക്ഷേ, ഒരു സിനിമയെ ഏതെങ്കിലും തരത്തിലുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.
അത് വ്യവസ്ഥാപിത അനുകൂലമോ വ്യവസ്ഥാപിത വിരുദ്ധമോ ആയിക്കോട്ടെ. ആളുകൾ അത് ഇഷ്ടപ്പെടുന്നു എന്നതാണ്".- രാകേഷ് ബേദി പറഞ്ഞു. സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
സിനിമയെക്കുറിച്ച് എല്ലാവരും വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. ഇപ്പോൾ നിരവധി ഷോകളുമുണ്ട്. ആളുകൾക്ക് ഭ്രാന്തമായ ഒരു ആവേശമാണ് ഈ ചിത്രത്തോട്. എന്റെ കരിയറിൽ ഇതുപോലെയൊന്ന് ഞാൻ കണ്ടിട്ടില്ല.- രാകേഷ് ബേദി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates