

അന്തരിച്ച നടൻ ശ്രീനിവാസനെ അനുസ്മരിച്ച് രമേഷ് പിഷാരടി. സമൂഹവും രാഷ്ട്രീയവും മനുഷ്യനും അതിന്റെ പരസ്പര വിനിമയവുമെല്ലാം ഇത്ര ലളിതമായി ചിരിയിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിച്ച മറ്റാരുണ്ട് എന്ന് രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ന് രാവിലെ 11:50 ഓടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ശ്രീനിവാസന്റെ സംസ്കാരം.
അങ്ങേയറ്റം വൈകാരിക നിമിഷങ്ങൾക്കാണ് കണ്ടനാട്ടെ വീടും പരിസരവും സാക്ഷിയായത്. മക്കളായ വിനീതും ധ്യാനും അന്ത്യകർമങ്ങൾ നിർവഹിച്ചു. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.
രമേഷ് പിഷാരടിയുടെ കുറിപ്പ്...
താത്വികമായ അവലോകനങ്ങൾ ആവശ്യമില്ലാ... ലളിതമായി പറഞ്ഞാൽ എന്താ? ഓരോ ശ്രീനിയേട്ടൻ ചിത്രങ്ങളും ഇങ്ങനെയാണ്...
സമൂഹവും രാഷ്ട്രീയവും മനുഷ്യനും അതിന്റെ പരസ്പര വിനിമയവും ..എല്ലാം ഇത്ര ലളിതമായി ചിരിയിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിച്ച മറ്റാരുണ്ട്? അമ്പതോളം ചിത്രങ്ങളിൽ ആയി 2500 ൽ അധികം കഥാപാത്രങ്ങളെയെങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ട്. അതിൽ പെടാത്ത മലയാളികൾ ഇല്ല... സരോജ് കുമാറും അശോക് രാജും സൂപ്പർ സ്റ്റാറാണ്. അംബുജാക്ഷനും സാഗർ കോട്ടപുറവും നോവലിസ്റ്റ് ആണ്.
ദാമോദർ ജിയും പവനായിയും വടക്കേ ഇന്ത്യയിൽ നിന്നും വന്ന ഗുണ്ടകൾ ആണ്. സുലോചന തങ്കപ്പന്റെ പൊങ്ങച്ചം ആയിരുന്നില്ല ശങ്കർ ദാസിന്റേത്. എന്നാൽ കോവൈ വെങ്കിടെശന്റെയും ജോണി വെള്ളികാലയുടെയും യശ്വന്ത് സഹായിയുടെയും രാഷ്ട്രീയം ഒന്നായിരുന്നു.
റോഡ് റോളർ ഇടിച്ചു മതില് തകർന്നതും പോളിടെക്നിക് പഠിച്ചിട്ടും മതിലിനെ രക്ഷിക്കാൻ ആകാഞ്ഞതും നമ്മൾ കണ്ടതാണ്...അയാൾ കഥ എഴുതുകയാണെങ്കിലും...കഥ പറയുമ്പോളാണെങ്കിലും....ചിന്താവിഷ്ടരാകും നമ്മൾ...ശ്രീനിയേട്ടൻ എഴുതിയ കഥാപാത്രങ്ങളെ ആ സിനിമയ്ക്ക് മുൻപ് തന്നെ നമ്മൾ കണ്ടിട്ടുണ്ടാകും; സമൂഹത്തിൽ എവിടെയെങ്കിലും!
ധനികനായ ശങ്കർ ദാസിന്റെ ബാല്യകാല സുഹൃത്താണ് ടെയ്‌ലർ അംബുജാക്ഷൻ. ഒപ്പം ഒരു പാദസരവും ധനികനായ അശോക് രാജിന്റെ ബാല്യകാല സുഹൃത്താണ് ബാർബർ ബാലൻ. ഒപ്പം കാതിലെ കടുക്കനും. സേതുമാധവനും ദാക്ഷായണി ബിസ്കറ്റ് ഫാക്റ്ററിയും മുരളിയുടെ ഗൾഫ് മോട്ടേഴ്‌സും പ്രഥമ ദൃഷ്ട്യ അകൽച്ചയിലായിരുന്നെങ്കിലും അന്തർധാര സജീവമാണ്.
MA ക്കാരനായ ബാലഗോപാലനും BSC ഫസ്റ്റ് ക്ലാസിൽ പാസായ രാംദാസും ഗ്രാജുവേറ്റ് തന്നെ വേണം എന്നു വാശി പിടിച്ച ശ്രീധരനും ഒടുക്കം പഠിച്ചു ഡിഗ്രി പാസായപ്പോൾ കേരളത്തിൽ തേങ്ങയേക്കാൾ കൂടുതൽ ഡിഗ്രിക്കാരുണ്ടെന്നു മനസിലാക്കിയ വിജയൻമാഷും...
എല്ലാവരും ചേർന്ന് നമ്മെ ചിരിപ്പിച്ചതിനും പഠിപ്പിച്ചതിനും കണക്കില്ല...മേൽ പറഞ്ഞതിൽ ഏതെങ്കിലും 5 കഥാപാത്രങ്ങളെ നിങ്ങൾക്കു മനസിലായെങ്കിൽ സന്ദർഭങ്ങൾ ഓർമ്മയിൽ വരുന്നു എങ്കിൽ അതിനു 25 കൊല്ലം പഴക്കം ഉണ്ടെങ്കിൽ ശ്രീനിയേട്ടൻ പോയിട്ടില്ല...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates