

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തകര്‍ത്താടിയ ചിത്രമാണ് പടയപ്പ. ചിത്രത്തില്‍ രജനീകാന്തിനൊപ്പം പ്രധാന വേഷങ്ങളിലെത്തിയത് സൗന്ദര്യയും രമ്യ കൃഷ്ണനുമായിരുന്നു. പടയപ്പയിലെ രമ്യ കൃഷ്ണന്റെ വില്ലന്‍ വേഷം ഇന്നും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ലോകത്തെവിടെ ചെന്നാലും നീലാംബരി എന്ന വിളി അവരെ തേടിയെത്തും. പടയപ്പയില്‍ സൗന്ദര്യയുടെ കഥാപാത്രത്തോട് രമ്യയുടെ നീലാംബരി ചെയ്യുന്ന ക്രൂരതകള്‍ക്ക് കണക്കില്ല. എന്നാല്‍ ജീവിതത്തില്‍ അതിന് നേര്‍വിപരീതമായിരുന്നു സൗന്ദര്യയും രമ്യ കൃഷ്ണനും.
വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു രമ്യയും സൗന്ദര്യയും. സൗന്ദര്യയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന ഇപ്പോഴും രമ്യയുടെ ഹൃദയത്തിലുണ്ട്. കഴിഞ്ഞ ദിവസം ജഗപതി ബാബു അവതാരകനായ ടോക്ക് ഷോയില്‍ അതിഥിയായി രമ്യയെത്തിയപ്പോള്‍ സൗന്ദര്യയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. തന്റെ പ്രിയ കൂട്ടുകാരിയെ ഓര്‍ത്ത് വിതുമ്പുന്ന രമ്യയുടെ വിഡിയോ സോഷ്യല്‍ മീഡിയയെ സങ്കടത്തിലാഴ്ത്തുകയാണ്.
പടയപ്പയില്‍ നിന്നുള്ള രമ്യയുടേയും സൗന്ദര്യയുടേയും ഒരു രംഗം കാണിച്ചു കൊണ്ടാണ് ജഗപതി ബാബു സംസാരിച്ച് തുടങ്ങിയത്. വിഡിയോ കണ്ടതും രമ്യയുടെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. പേരുപോലെ തന്നെ സൗന്ദര്യമുള്ളൊരു ഹൃദയത്തിന് ഉടമയായിരുന്നു സൗന്ദര്യയെന്നാണ് ജഗപതി ബാബു പറഞ്ഞത്. പിന്നാലെ രമ്യയും സൗന്ദര്യയെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
''ഞാനും സൗന്ദര്യയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് 1995 ല്‍ അമ്മൊരു എന്ന ചിത്രത്തിലാണ്. പടയപ്പയടക്കം അവള്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വളരെ നിഷ്‌കളങ്കയായൊരു പെണ്‍കുട്ടി സ്വന്തം അധ്വാനത്താല്‍ വളര്‍ന്നു വരുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചു. പ്രശസ്തി ഒരു തരത്തിലും അവളെ മാറ്റിയിരുന്നില്ല. വളര നല്ലൊരു വ്യക്തിയും സുഹൃത്തുമായിരുന്നു സൗന്ദര്യ'' എന്നാണ് രമ്യ കൃഷ്ണ പറഞ്ഞത്.
തെന്നിന്ത്യയാകെ നിറഞ്ഞു നിന്ന നായികയായിരുന്നു സൗന്ദര്യ. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 2004ലുണ്ടായ വിമാനപകടത്തിലാണ് താരം കൊല്ലപ്പെടുന്നത്. മരിക്കുമ്പോള്‍ സൗന്ദര്യയുടെ പ്രായം 31 ആയിരുന്നു. അപകടത്തില്‍ സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥും കൊല്ലപ്പെട്ടു. ബിജെപിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുമ്പോഴായിരുന്നു അപകടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
