

തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പൊതുഇടങ്ങളിൽ വളരെ അപൂർവമായി മാത്രമേ നടൻ റാണ ദഗുബാട്ടി സംസാരിക്കാറുള്ളൂ. അടുത്തിടെ നടി റിയ ചക്രബർത്തിയുമായുള്ള പോഡ്കാസ്റ്റിൽ കോവിഡ് മഹാമാരി തന്റെ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചുവെന്നും മിഹീകയുമായുള്ള തന്റെ വിവാഹത്തെക്കുറിച്ചും റാണ തുറന്നു പറഞ്ഞിരുന്നു.
കോവിഡ് മഹാമാരി കാരണമാണ് ശരിക്കും വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും റാണ പറഞ്ഞു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്കായി റാണ കുറച്ചു കാലം അമേരിക്കയിലായിരുന്നു താമസിച്ചിരുന്നത്. "മഹാമാരി കാരണമാണ് ശരിക്കും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. 2020 ൽ ഞാൻ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് കോവിഡ് വരുന്നത്.
ഇതെന്താണ് എന്നാണ് ഞാൻ ആദ്യം ആലോചിച്ചത്. ഒരു മഹാമാരിയെ നേരിടാൻ അമേരിക്ക എന്നെ ഒരുക്കുന്നതായി എനിക്ക് തോന്നി. ആ സമയത്തും ഞാൻ തനിച്ചായിരുന്നു. മിഹീകയോട് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് മനസിലായത്, ജീവിതകാലം മുഴുവൻ എനിക്ക് കൂടെ ജീവിക്കാൻ കഴിയുന്ന ഒരാളാണ് ഇതെന്ന്.
ആദ്യമായി അവളോട് സംസാരിച്ചപ്പോൾ തന്നെ എനിക്ക് അങ്ങനെ തോന്നി. ഞങ്ങൾ വെറും പരിചയക്കാർ മാത്രമായിരുന്നു. അല്ലാതെ സുഹൃത്തുക്കൾ പോലുമായിരുന്നില്ല. മഹാമാരിയുടെ സമയത്തും ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അപ്പോൾ ഞങ്ങൾക്കിടയിൽ ഒരു കണക്ഷൻ തോന്നി. എന്നാൽ പിന്നെ വിവാഹം കഴിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു, വിവാഹിതരായി.
കോവിഡ് കാലം കൂടിയായതു കൊണ്ട് എല്ലാം അതിഗംഭീരമായി നടന്നു. കല്യാണത്തിന്റെ പേരിൽ വലിയ ആഘോഷങ്ങളൊന്നും നടത്തേണ്ടി വന്നില്ല. ഞങ്ങൾ രണ്ടു പേരുടെയും കുടുംബം മാത്രമാണ് ഉണ്ടായിരുന്നത്".- റാണ പറഞ്ഞു.
അതോടൊപ്പം വിവാഹം എന്നത് വ്യക്തിപരമായ ഒരു കാര്യമാണെന്നും അത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കുമെന്നും റാണ കൂട്ടിച്ചേർത്തു. 2020 ഓഗസ്റ്റിൽ ഹൈദരാബാദിൽ വച്ചാണ് റാണയും മിഹീകയും വിവാഹിതരായത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് ഏകദേശം 30 പേർ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates