

ലക്കി ഭാസ്കർ എന്ന ചിത്രത്തിലൂടെ വീണ്ടുമൊരു പീരിഡ് സിനിമയുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് ദുൽഖർ സൽമാൻ. ദീപാവലി റിലീസായി ചിത്രം 31ന് പ്രേക്ഷകരിലേക്കെത്തുകയാണ്. ലക്കി ഭാസ്കറിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ ദുൽഖറും അണിയറപ്രവർത്തകരും. പ്രൊമോഷന്റെ ഭാഗമായി നടൻ റാണ ദഗുബതിയുമായി ദുൽഖർ നടത്തിയ ഒരു ചാറ്റ് ഷോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്.
ചാറ്റ് ഷോയ്ക്കിടെ ഇരുവരും നടത്തിയ രസകരമായ തുറന്നുപറച്ചിലാണ് ആരാധകരേറ്റെടുത്തത്. സിനിമ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നതിനിടെ ദുല്‍ഖര്‍ സല്‍മാന്‍റെ തലമുടിയെ കുറിച്ചാണ് റാണ സംസാരിച്ചത്. ദുൽഖർ സൽമാന് മനോഹരമായ തലമുടി ഉണ്ടെന്നും താരത്തിന്‍റെ ഹെയർ സ്റ്റൈൽ എപ്പോഴും മികച്ചതാണെന്നും റാണ പറഞ്ഞു. എങ്ങനെയാണ് ഇത്രയും നല്ല തലമുടി ഉള്ളതെന്നും ദുൽഖറിനോട് റാണ ചോദിച്ചു. തന്‍റെ തലമുടിയെ കുറിച്ച് പ്രശംസിച്ച റാണയുടെ തലമുടിയും ഹെയര്‍ സ്റ്റൈലും ഗംഭീരമാണെന്ന് ദുല്‍ഖറും പറഞ്ഞു.
എന്നാല്‍ തന്‍റെ തലമുടി നിങ്ങളെ പോലെ നാച്ചുറല്‍ അല്ലെന്നും, പകുതിയും കൃത്രിമമായി വച്ച് പിടിപ്പിച്ചതാണെന്നുമായിരുന്നു റാണയുടെ മറുപടി. റാണയുടെ മറുപടി കേട്ട് അമ്പരപ്പെട്ടിരിക്കുന്ന ദുൽഖറിനെയും വിഡിയോയിൽ കാണാം. എന്നാൽ ഇക്കാര്യം തുറന്നു പറഞ്ഞ റാണയെ ദുൽഖർ അഭിനന്ദിക്കുകയും ചെയ്തു. മലയാളികൾ പൊതുവെ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ടാവാം നല്ല തലമുടി ഉണ്ടാകുന്നതെന്നും ദുൽഖർ കൂട്ടിച്ചേര്‍ത്തു.
മുടിയഴകിനെ കുറിച്ചുള്ള ദുല്‍ഖറിന്‍റെയും റാണയുടെയും ചര്‍ച്ചയില്‍ നടി മീനാക്ഷി ചൗധരിയും പങ്കാളിയായി. താൻ കണ്ട മലയാളികൾക്കെല്ലാം ഇടതൂർന്ന മുടിയുണ്ടെന്ന് മീനാക്ഷി പറഞ്ഞു. മലയാളികളുടെ മുടിയഴകില്‍ താന്‍ പലപ്പോഴും അസൂയപ്പെട്ട് പോയിട്ടുണ്ടെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates