'സത്യേട്ടനല്ല ആര് പറഞ്ഞാലും ശരി, അത് സിനിമയെ തകര്‍ക്കലാണ്': രഞ്ജന്‍ പ്രമോദ്

സത്യന്‍ അന്തിക്കാടിന്‍റെ പോസ്റ്റിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജന്‍ പ്രമോദ്
Ranjan Pramod, Sathyan Anthikad
രഞ്ജന്‍ പ്രമോദ്, സത്യന്‍ അന്തിക്കാട് ഫെയ്സ്ബുക്ക്
Updated on
2 min read

ഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രമാണ് ഒ ബേബി. ഒടിടി റിലീസ് ചെയ്തതിനു പിന്നാലെ ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കൂട്ടത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. കെജി ജോര്‍ജിന്‍റെ ഇരകള്‍ സിനിമകളുമായി ചേര്‍ത്തായിരുന്നു പ്രശംസ. എന്നാല്‍ സത്യന്‍ അന്തിക്കാടിന്‍റെ പോസ്റ്റിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജന്‍ പ്രമോദ്.

ഇരകളുമായി ഒ ബേബിയെ താരതമ്യപ്പെടുത്തുന്നത് മോശം പ്രവണതയാണ് എന്നാണ് ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജന്‍ പറഞ്ഞത്. സത്യേട്ടന്‍ പറഞ്ഞാലും ആര് പറഞ്ഞാലും ശരി അതൊരു സിനിമയെ തകര്‍ക്കലാണ്. ഒരു തരത്തിലും ഓ ബേബിയെ ജോര്‍ജ് സാറിന്‍റെ ആ സിനിമയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ ജി ജോര്‍ജ്, അടൂര്‍ ​ഗോപാലകൃഷ്ണന്‍, പത്മരാജന്‍, ഐ വി ശശി, ജോണ്‍ എബ്രഹാം തുടങ്ങിയ സംവിധായകരുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇതൊരു മോശം പ്രവണതയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു കാര്യവുമില്ലാതെ ഇരകള്‍ എന്ന സിനിമയുമായി ഒ ബേബിയെയോ ജോജിയെയോ ഒക്കെ താരതമ്യപ്പെടുത്തുന്നത് ഒരു നല്ല മനോഭാവമായി തോന്നുന്നില്ല എനിക്ക്. അത് സത്യേട്ടന്‍ പറഞ്ഞാലും ആര് പറഞ്ഞാലും ശരി അതൊരു സിനിമയെ തകര്‍ക്കലാണ് സത്യത്തില്‍. കാരണം ഉള്ളടക്കത്തിലോ ട്രീറ്റ്മെന്‍റിലോ പശ്ചാത്തലത്തിലോ ഒന്നും ഒരു ബന്ധവും ഓ ബേബിക്ക് ഇരകളുമായിട്ട് ഇല്ല. ഇരകള്‍ എന്ന സിനിമ ഒരു എസ്റ്റേറ്റിലാണ് നടന്നിരിക്കുന്നത് എന്ന് മാത്രമേ ഉള്ളൂ. അതും ഒരു ഏലക്കാട് ഒന്നും അല്ല. ഒരു റബ്ബര്‍ തോട്ടമാണ്. ആ റബ്ബര്‍ തോട്ടം അതിന് ചുറ്റിലും ഉണ്ടെങ്കിലും ആ വീടിനകത്ത് നടക്കുന്ന കഥയാണ് അത്. ഒരു തരത്തിലും ഓ ബേബിയെ ജോര്‍ജ് സാറിന്‍റെ ആ സിനിമയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. - രഞ്ജന്‍ പ്രമോദ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പ്

കാലാവസ്ഥയിലെ ന്യൂനമർദ്ദം പോലെയാണ് രഞ്ജൻ പ്രമോദ്. വിചാരിക്കാത്ത നേരത്ത് ആർത്തലച്ചങ്ങ് പെയ്യും. പിന്നെ മഷിയിട്ട് നോക്കിയാൽ ആളെ കാണില്ല. തിയറ്ററിൽ കാണാൻ പറ്റാതെ പോയ സിനിമയായിരുന്നു 'ഓ ബേബി'. ഇന്നലെ ആമസോൺ പ്രൈമിൽ ആ പടം കണ്ടു. നമുക്ക് പരിചയമുള്ള സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രം. സിനിമക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണെന്ന് ഒരിക്കലും തോന്നാത്ത രംഗങ്ങൾ. പടം തുടങ്ങി അവസാനിക്കും വരെ നമ്മൾ ആ കാട്ടിലും ഏലത്തോട്ടത്തിലുമാണെന്ന് തോന്നിപ്പോകും. എസ്റ്റേറ്റിനകത്തെ ഇരുണ്ട ജീവിതം നമ്മളെ ആദ്യം കാണിച്ചു തന്നത്‌ കെ.ജി. ജോർജ്ജാണ്. ഇരകളിൽ. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ, "എടാ മോനേ ! " എന്നും പറഞ്ഞ് രഞ്ജൻ പ്രമോദിനെ നെഞ്ചോട് ചേർത്ത് അഭിനന്ദിച്ചേനേ.

സിനിമ കണ്ട ആഹ്ളാദത്തില്‍ രഞ്ജനെ ഞാൻ വിളിച്ചിരുന്നു. ഔട്ട്ഡോർ യൂണിറ്റും കാരാവാനും ജനറേറ്ററും കടന്നു ചെല്ലാത്ത ലൊക്കേഷനിൽ വച്ച് ഈ സിനിമ എങ്ങനെയെടുത്തുവെന്ന് ഞാൻ ചോദിച്ചു. ദിലീഷ് പോത്തനടക്കമുള്ള എല്ലാ നടീനടന്മാരും ക്യാമറാമാനും മറ്റു സാങ്കേതിക പ്രവർത്തകരും ഒരേ മനസ്സോടെ കൂടെ നിന്നതു കൊണ്ടാണെന്ന് രഞ്ജൻ പറഞ്ഞു. അവരെയെല്ലാം ഞാൻ മനസ്സ് കൊണ്ട് നമിക്കുന്നു. സിനിമയുടെ ആർഭാടങ്ങളിൽ അഭിരമിക്കാത്തവരുണ്ടെങ്കിലേ വ്യത്യസ്തമായ സിനിമകളുണ്ടാക്കാൻ കഴിയൂ. സ്വാഭാവികമായി സംഭവിക്കുന്നു എന്ന് തോന്നുന്ന രംഗങ്ങളാണ് സിനിമയിൽ മുഴുവൻ. ഒരു കൗമാരക്കാരിയുടെ മനസ്സിനെ പ്രണയം വന്ന് കുത്തി നോവിക്കുന്ന അനുഭവമൊക്കെ എത്ര മനോഹരമായാണ് രഞ്ജൻ ആവിഷ്കരിച്ചിരിക്കുന്നത്. എനിക്ക് തട്ടാൻ ഭാസ്കരനേയും സ്നേഹലതയേയും തന്ന രഘുനാഥ് പലേരിയടക്കം എല്ലാവരും അനായാസമായി അഭിനയിച്ചു. രഞ്ജൻ പ്രമോദിന്റെ അടുത്ത പെയ്ത്തിനായി ഞാൻ കാത്തിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com