

തെന്നിന്ത്യയിലെ സെൻസേഷണൽ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രിയ്ക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിൽ 2018 മുതൽ ഡേറ്റിങ്ങിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്നാണ് പുതിയ വാർത്ത. താരങ്ങൾ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഒക്ടോബർ 3ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് താരങ്ങളുടെ നിശ്ചയം നടന്നതെന്നും നടന്റെ വസതിയിൽ വച്ചായിരുന്നു ചടങ്ങുകളെന്നും പറയപ്പെടുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വിവാഹ നിശ്ചയം നടത്തിയതായും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിവാഹം 2026 ഫെബ്രുവരിയിൽ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുവരും പ്രണയത്തിലാണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ടയുടെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത പങ്കുവച്ചിരിക്കുന്നത്.
ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ പോലും സ്വകാര്യത നിലനിര്‍ത്തുന്ന താരങ്ങളാണ് വിജയ്‌യും രശ്മികയും. വിവാഹനിശ്ചയത്തെ കുറിച്ചും താരങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. രശ്മിക അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സാരിയിലുള്ള ചിത്രവും വൈറലായിരുന്നു.
ഈ വേഷം വിവാഹ നിശ്ചയത്തിനണിഞ്ഞതാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ദസറ ആശംസകള്‍ക്കൊപ്പമായിരുന്നു ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് താരം ചിത്രം പങ്കുവച്ചത്. അതേസമയം വിവാഹനിശ്ചയത്തിന്റേതെന്ന പേരിൽ ഏതാനും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പിന്നാലെ രസകരമായ കമന്റുകളുമായി പ്രേക്ഷകരും രംഗത്ത് എത്തി. 'ഇതൊക്കെ ഉള്ളതാണോടെയ്, അവരറിഞ്ഞോ' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം കുബേര എന്ന ചിത്രമാണ് രശ്മികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ധനുഷ് നായകനായി എത്തിയ ചിത്രം ശേഖർ കമ്മുലയാണ് സംവിധാനം ചെയ്തത്. കിങ്ഡം എന്ന ചിത്രത്തിലാണ് വിജയ് ദേവരക്കൊണ്ട ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
