

ജോജു ജോര്‍ജും ചുരുളി സിനിമയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ തെറിയുള്ള പതിപ്പ് റിലീസ് ചെയ്തത് പറയാതെയാണെന്നുമാണ് ജോജു ആരോപിച്ചത്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിലായിരുന്നു ജോജുവിന്റെ ആരോപണം. പിന്നാലെ ജോജുവിന് മറുപടിയുമായി ചുരുളിയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തി. ജോജുവിന്റെ ആരോപണങ്ങള്‍ തള്ളിയ ലിജോ ജോജുവിന് പ്രതിഫലം നല്‍കിയതിന്റെ തെളിവും പുറത്ത് വിട്ടു.
എന്നാല്‍ ലിജോയെ താനുമായി ഉണ്ടായിരുന്ന കരാര്‍ പുറത്ത് വിടാന്‍ വെല്ലുവിളിക്കുകയായിരുന്നു ജോജു ചെയ്തത്. ചുരുളി സിനിമ കാരണം താനും കുടുംബവും ഒരുപാട് അപമാനിക്കപ്പെട്ടു. തെറി പറയുന്ന പതിപ്പ് ഫെസ്റ്റിവലുകള്‍ക്ക് മാത്രമുള്ളതാണെന്നാണ് തന്നോട് പറഞ്ഞതെന്നും ജോജു പറഞ്ഞു. തന്റെ മകള്‍ സ്‌കൂളില്‍ പോയ ആദ്യ നാള്‍ താന്‍ ചുരുളിയില്‍ തെറി പറയുന്ന രംഗത്തിന്റെ ട്രോള്‍ ആണ് സഹപാഠികള്‍ കാണിച്ചു കൊടുത്തു. ചുരുളിയില്‍ അഭിനയിക്കണ്ടായിരുന്നുവെന്ന് മകള്‍ തന്നോട് പറഞ്ഞുവെന്നും ജോജു പറയുന്നുണ്ട്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് രവി മേനോന്‍. പത്രസമ്മേളനത്തില്‍ ജോജു പറഞ്ഞത് കേട്ടപ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് മകള്‍ പറഞ്ഞതിനാല്‍ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ നിര്‍ത്തിയ സുഹൃത്തിനെയാണെന്നാണ് രവി മേനോന്‍ പറയുന്നത്. അച്ഛന്മാരുടെ കണ്ണ് തുറപ്പിക്കാനുള്ള മരുന്ന് പെണ്‍മക്കളുടെ കൈയ്യിലേ ഉള്ളൂവെന്നാണ് രവി മേനോന്‍ പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
വീട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുതല്ലോ
ആള്‍ സഹൃദയന്‍, സാഹിത്യരസികന്‍, സംഗീതപ്രേമി, നല്ലൊരു സുഹൃത്തും. ശുദ്ധ മലയാളത്തിലേ സംസാരിക്കൂ. സഭ്യേതരമായ ഒരു വാക്കു പോലും ഉച്ചരിച്ചു കേട്ടിട്ടില്ല. ആരേപ്പറ്റിയും ദുഷിച്ചു സംസാരിക്കാറുമില്ല.
അതൊരു മുഖം. അതേ വ്യക്തിയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ടെന്നറിയുക ഫേസ് ബുക്കിലെ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിച്ചുനോക്കുമ്പോഴാണ്. ആകാശത്തിന് കീഴെയുള്ള എന്തിനെക്കുറിച്ചും അഭിപ്രായപ്രകടനം നടത്താന്‍ കെല്‍പ്പുള്ളയാള്‍. കക്ഷിരാഷ്ട്രീയമാണ് ഇഷ്ടമേഖല. ആ വിഷയം കൈകാര്യം ചെയ്യുമ്പോഴാണ് ആളുടെ തനിസ്വരൂപം വെളിപ്പെടുക. സഭ്യേതരമാകും പല പരാമര്‍ശങ്ങളും. ചിലതൊക്കെ പച്ചത്തെറിയുടെ അകമ്പടിയോടെ. ഇതൊക്കെ ഇയാള്‍ തന്നെ എഴുതുന്നതോ എന്നോര്‍ത്ത് അന്തംവിട്ടിട്ടുണ്ട്; നേരിട്ട് ചോദിച്ചിട്ടില്ലെങ്കിലും.
പിന്നെ സമാധാനിക്കും, ഓരോരുത്തര്‍ക്കും ഓരോ വഴി, ഓരോ കാഴ്ച്ചപ്പാട്. നമ്മളെന്തിന് അതിനെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടണം? ഇങ്ങോട്ട് തെറി പറഞ്ഞാലല്ലേ പ്രശ്‌നമുള്ളൂ.നിനച്ചിരിക്കാതെ ഒരു നാള്‍ സമൂഹമാധ്യമലോകത്തു നിന്ന് കഥാനായകന്‍ അപ്രത്യക്ഷനായപ്പോള്‍ അത്ഭുതം തോന്നി. സുദീര്‍ഘമായ ഒരു അജ്ഞാതവാസം.
ഇടക്കൊരിക്കല്‍ ഒരു പാട്ടിനെ കുറിച്ചുള്ള സംശയവുമായി വാട്‌സാപ്പില്‍ വീണ്ടും പൊന്തിയപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല: 'എന്ത് പറ്റി? ഇപ്പൊ എഴുത്തൊന്നും കാണുന്നില്ലല്ലോ'. മറുതലക്കല്‍ നിമിഷങ്ങളുടെ മൗനം. ഒരു ഏറ്റുപറച്ചിലിന്റെ ധ്വനിയുണ്ടായിരുന്നു തുടര്‍ന്ന് കേട്ട വാക്കുകളില്‍: 'മോള്‍ വല്ലാതെ വയലന്റ് ആയി. നമ്മുടെ ഫേസ് ബുക്ക് പോസ്റ്റുകളൊക്കെ കട്ട് ചെയ്ത് അവളുടെ ഫ്രണ്ട്‌സ് അവള്‍ക്ക് അയച്ചുകൊടുക്കാറുണ്ടത്രെ. മോശം വാക്കുകള്‍ ഉള്ള പോസ്റ്റുകളാണ് ഷെയര്‍ ചെയ്യുക. ഒരു ദിവസം അവള്‍ പറഞ്ഞു അച്ഛന്‍ ഈ തോന്ന്യാസം എഴുത്ത് നിര്‍ത്തിക്കോളാന്‍. ക്ലാസില്‍ പോയാല്‍ കൂട്ടുകാരുടെ ട്രോള്‍ സഹിക്കാന്‍ പറ്റില്ലത്രേ. ഞാന്‍ കാര്യം പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. നമ്മള്‍ എഴുതുന്നത് നമ്മുടെ കാഴ്ച്ചപ്പാടല്ലേ? അതിന് ഇങ്ങനെ ചീത്ത വാക്കുകള്‍ എന്തിനുപയോഗിക്കണം എന്നാണവളുടെ ചോദ്യം.
'അവളെ കുറ്റം പറഞ്ഞുകൂടാ', അച്ഛന്റെ ആത്മഗതം. ' ഇങ്ങനെയുള്ള സംസാരമൊന്നും കേട്ട് വളര്‍ന്നയാളല്ല. പല വാക്കുകളുടേയും അര്‍ത്ഥം കൂട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞതത്രേ. എന്തായാലും മോള്‍ പറഞ്ഞാല്‍ എനിക്ക് മറുത്തുപറയാന്‍ വയ്യ. അത്രയും അറ്റാച്ച്ഡ് ആണ് ഞങ്ങള്‍ തമ്മില്‍. എഫ്ബിയിലെ എഴുത്തു തന്നെ അങ്ങ് നിര്‍ത്തിക്കളഞ്ഞു. വീട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുതല്ലോ നമ്മള്‍'. 'നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാം അല്ലേ 'എന്ന് തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല. എന്തായാലും തെറിയെഴുത്ത് നിന്നല്ലോ. അത്രയും നല്ലത്.
കഴിഞ്ഞ ദിവസം 'ചുരുളി' വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടന്‍ ജോജു ജോര്‍ജ്ജ് വികാരാധീനനായി പങ്കുവെച്ച അനുഭവമാണ് ആ ഓര്‍മ്മകളിലേക്ക് തിരികെ നടത്തിയത്. ജോജുവിന്റെ വാക്കുകള്‍ ഇങ്ങനെ; 'കുടുംബത്തെ ബാധിച്ചതുകൊണ്ടാണ് അഭിമുഖത്തില്‍ തുറന്നു സംസാരിച്ചത്. എന്റെ മകള്‍ സ്‌കൂളില്‍ പോയ ആദ്യത്തെ ദിവസം കൂടെ പഠിക്കുന്ന കുട്ടി കാണിച്ചുകൊടുത്തത് സിനിമയില്‍ ഞാന്‍ വിളിക്കുന്ന തെറിയുടെ ട്രോള്‍. അപ്പ ഈ സിനിമയില്‍ അഭിനയിക്കരുതായിരുന്നു എന്ന് മകള്‍ പറഞ്ഞു. മകളില്‍ നിന്ന് കേട്ട സങ്കടകരമായ കാര്യമാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ കാരണമായത്....'
എല്ലാ പെണ്മക്കള്‍ക്കും ഓരോ പൂച്ചെണ്ട്. അച്ഛന്മാരുടെ കണ്ണ് തുറപ്പിക്കാനുള്ള മരുന്ന് നിങ്ങളുടെ കൈയ്യിലേ ഉള്ളൂ.
Ravi Meno pens about how daughter correct their father while reacting to Joju George and Churuli controversy.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
