'നിങ്ങളതിനെ മോഷണം എന്ന് വിളിച്ചേക്കാം, എനിക്കത് പ്രചോദനമാണ്'; എന്നെ കള്ളനാക്കുമല്ലോയെന്ന് ശ്യാം...

ഇന്നു വരെ ആരും പറഞ്ഞുകേട്ടിട്ടില്ല ആ ഗാനത്തിന് ഹിന്ദി പാട്ടുമായുള്ള സാമ്യത്തെ പറ്റി
Jayan
Jayanവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
2 min read

മലയാളത്തിന്റെ അനശ്വര നടന്‍ ജയന്‍ വിടവാങ്ങിയിട്ട് 45 വര്‍ഷം പിന്നിടുകയാണ്. ജയന്‍ മരിക്കുമ്പോള്‍ ജനിച്ചിട്ടു പോലുമില്ലാത്ത, പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പോലും ജയന്‍ ഇന്നും പരിചിതനാണ്. മലയാള സിനിമയിലും മലയാളി ജീവിതത്തിലും ഇത്രമേല്‍ സ്വാധീനമുണ്ടാക്കിയ മറ്റൊരു നടനുണ്ടോ എന്ന് സംശയമാണ്. ജയന്റെ ഓര്‍മദിവസം രവി മേനോന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

വെറുമൊരു നോട്ടം കൊണ്ട്, അളന്നുമുറിച്ച ഒരൊറ്റ ഡയലോഗ് കൊണ്ട് എതിരാളിയെ ഭസ്മമാക്കിക്കളയുന്ന ആ പഴയ ജയനായിരുന്നു കുട്ടിക്കാലത്തെ ഹീറോ. എക്കാലത്തേയും ഇഷ്ടതാരമായ പ്രേംനസീറിന്റെ സ്‌നേഹനിധിയായ തോഴന്‍; അല്ലെങ്കില്‍ അനിയന്‍. പതിറ്റാണ്ടുകള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ അന്നത്തെ ആക്ഷന്‍ ഹീറോയുടെ സ്ഥാനത്ത് കുസൃതിക്കാരനായ ഒരു കാമുകന്‍ വന്നു പുഞ്ചിരിച്ചുനില്‍ക്കുന്നു. മറക്കാനാവാത്ത പ്രണയഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കി ഒരു തലമുറയെ മുഴുവന്‍ കോരിത്തരിപ്പിച്ച യുവനായകന്‍.

ഓര്‍മ്മകളുടെ ആകാശത്ത് മനോഹരമായ ഒരു ഹമ്മിംഗ് ഉണ്ട്. കഷ്ടിച്ച് അര മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന ഒരു ഹമ്മിംഗ്. മലയാള സിനിമയില്‍ കേട്ട എക്കാലത്തേയും പ്രണയസുരഭിലമായ 'മൂളലു'കളില്‍ ഒന്ന്. ഇളവെയില്‍പ്പീലികള്‍ വീണു തിളങ്ങുന്ന പുഴയുടെ ഓരത്തുകൂടി, മഞ്ഞിന്റെ നേര്‍ത്ത പാളികള്‍ വകഞ്ഞുമാറ്റി കൈകോര്‍ത്ത് പാടിനടക്കുന്ന ജയനും സീമയും. ചുണ്ടില്‍ ഒരു സുന്ദരഗാനത്തിന്റെ ശീലുകള്‍:

'കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ നീയറിഞ്ഞോ നിന്നിലൂറും മോഹഗംഗാജലം, മധുര ദേവാമൃതം...' യേശുദാസ് ജാനകിമാരുടെ പ്രണയാര്‍ദ്ര യുഗ്മഗാനങ്ങളില്‍ ഒന്ന്.

പാട്ടിന്റെ തുടക്കത്തിലെ ഹൃദയഹാരിയായ ആ ഹമ്മിംഗ് ഒന്ന് മതി ജീവിതത്തിലെ പ്രണയസുരഭിലമായ ഒരു കാലത്തിന്റെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍. ശ്യാം എന്ന സംഗീത സംവിധായകനെ മനസ്സുകൊണ്ട് നമിക്കും ഓരോ തവണയും ആ തുടക്കം കേള്‍ക്കുമ്പോള്‍. യേശുദാസില്‍ തുടങ്ങി ജാനകിയിലൂടെ ഒഴുകിനീങ്ങുന്ന നാദശകലം. ബിച്ചു തിരുമലയുടെ വരികള്‍ കൂടി ചേരുമ്പോള്‍ അതൊരു അപൂര്‍വ ഗാനശില്പമാകുന്നു.

'നഖശിഖാന്തം നവസുഗന്ധം

നുകരുമുന്മാദമേ

സിരകള്‍ തോറും മധുരമൂറും

ഹൃദയലാവണ്യമേ

അസുലഭസുഖലയമനുനിമിഷം

അതിലകമലിയുമൊരിണശലഭം'

അങ്ങാടി (1980)യിലെ ആ പാട്ടിന്റെ പിറവിയെ കുറിച്ച് പടത്തിന്റെ സംവിധായകന്‍ ഐ വി ശശി പങ്കുവെച്ച രസകരമായ ഒരു ഓര്‍മ്മയുണ്ട്.

'അങ്ങാടിയുടെ ചിത്രീകരണ വേളയില്‍ കാന്തവലയം എന്നൊരു പടം കൂടി ചെയ്യുന്നുണ്ട് ഞാന്‍. ഷൂട്ടിംഗിനിടയ്ക്ക് ഭാരത് ടൂറിസ്റ്റ് ഹോമില്‍ ചെന്നപ്പോള്‍ അങ്ങാടിയിലെ യുഗ്മഗാനത്തിന്റെ സൃഷ്ടിയിലാണ് ശ്യാം. കുറെ ഏറെ ട്യൂണുകള്‍! കേള്‍പ്പിച്ചിട്ടും എനിക്ക് തൃപ്തിയാകുന്നില്ല. ഞാന്‍ മനസ്സില്‍ കണ്ട ചിത്രീകരണവുമായി പൊരുത്തപ്പെടുന്നില്ല ഒന്നും. ഒടുവില്‍ ആയിടയ്ക്ക് കേട്ട എനിക്കിഷ്ടപ്പെട്ട ഒരു ഹിന്ദി പാട്ട് ഞാന്‍ ശ്യാമിന്റെ ശ്രദ്ധയില്‍ പെടുത്തുന്നു.

'പൊതുവെ എനിക്കൊരു ശീലമുണ്ട്. നല്ലൊരു ഈണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ സ്വന്തമാക്കാന്‍ തോന്നും. നിങ്ങളതിനെ മോഷണം എന്ന് വിളിച്ചേക്കാം. എന്നാല്‍ എനിക്കത് പ്രചോദനമാണ്. സുന്ദരമായ ഏത് സൃഷ്ടിയില്‍ നിന്നും ആര്‍ക്കും പ്രചോദനം ഉള്‍ക്കൊള്ളാം. അതിലെന്താണ് തെറ്റ്?' ശശിയേട്ടന്റെ ചോദ്യം.

'ഹിന്ദി പാട്ട് കേള്‍പ്പിച്ച് ഇതുപോലൊരു പാട്ടാണ് എനിക്ക് വേണ്ടത് എന്നു പറഞ്ഞപ്പോള്‍ ശ്യാമിന്റെ മുഖത്ത് ഒരു കള്ളച്ചിരി. പരിഭവം കലര്‍ന്ന അദ്ദേഹത്തിന്റെ ചോദ്യം ഓര്‍മ്മയുണ്ട്: എന്നെയും നിങ്ങള്‍ കള്ളനാക്കുകയാണ് അല്ലേ ? വേണ്ട, ഞാന്‍ കള്ളനായിക്കൊള്ളാം എന്നായിരുന്നു എന്റെ മറുപടി. എന്തായാലും ഞാന്‍ നിര്‍ദേശിച്ച ട്യൂണ്‍ !അതേ പടി പകര്‍ത്തുകയല്ല ശ്യാം ചെയ്തത്. അതിന്റെ ചുവടു പിടിച്ചു വ്യത്യസ്തമായ മറ്റൊരു പാട്ട് ഉണ്ടാക്കുകയാണ്. ഞാന്‍ ആവശ്യപ്പെടാതെ തന്നെ മനോഹരമായ ഒരു ഹമ്മിംഗ് കൂടി ആ പാട്ടിന്റെ തലപ്പത്ത് അദ്ദേഹം തുന്നിച്ചേര്‍ത്തു; സ്വന്തം കൈയൊപ്പ് പതിപ്പിക്കും പോലെ. പാട്ട് ഏതെന്ന് ഞാന്‍ പറഞ്ഞാലേ നിങ്ങളറിയൂ: കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ...''

'യേശുദാസും ജാനകിയും അതിഗംഭീരമായി പാടിയ ഡ്യൂയറ്റ്. ഇന്നു വരെ ആരും പറഞ്ഞുകേട്ടിട്ടില്ല ആ ഗാനത്തിന് ഹിന്ദി പാട്ടുമായുള്ള സാമ്യത്തെ പറ്റി'' ശശിയുടെ വാക്കുകള്‍. അങ്ങാടി റിലീസായത് 1980 ഏപ്രില്‍ 18 ന്. ഏഴു മാസം കൂടിയേ ജയന്‍ ജീവിച്ചിരുന്നുള്ളൂ. നാല്പത്തഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും മനസ്സില്‍ വേദനയുടെ അലകളിളക്കുന്ന വേര്‍പാട്.

Summary

Ravi Menon pens about the song Kannum Kannum Thammil on the memorial day of Jayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com