'സിബിഐ തീം മ്യൂസിക് എന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണ്, എന്റെ മാത്രം സൃഷ്ടി'; ശ്യാമിനെ ഞെട്ടിച്ച് 'പുതിയ വെളിപ്പെടുത്തൽ'; കുറിപ്പ്

തീം മ്യൂസികിന് പിന്നിൽ എആർ റഹ്മാൻ ആണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. തിരക്കഥാകൃത്ത്  എസ്എൻ സ്വാമിയാണ് വെളിപ്പെടുത്തൽ നടത്തിയത്
ചിത്രം : ഫേസ്ബുക്ക്
ചിത്രം : ഫേസ്ബുക്ക്
Updated on
3 min read

സേതുരാമയ്യർ സിബിഐയുടെ അഞ്ചാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണ്. പഴയ ടീം തന്നെയാണ് പുതിയ ഭാ​ഗത്തിലും ഒന്നിക്കുന്നത്. അതിനിടെ ചിത്രത്തിലെ പ്രശസ്തമായ തീം മ്യൂസികിന് പിന്നിൽ എആർ റഹ്മാൻ ആണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. തിരക്കഥാകൃത്ത്  എസ്എൻ സ്വാമിയാണ് വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഇത് ചിത്രത്തിന്റെ സം​ഗീതസംവിധായകൻ ശ്യാമിനുണ്ടാക്കിയ വേദന പങ്കുവയ്ക്കുകയാണ് സം​ഗീത നിരൂപകൻ രവി മേനോൻ. സ്വന്തം കുഞ്ഞിന്റെ പിതൃത്വം മറ്റൊരാൾക്ക് അടിയറവെക്കേണ്ടി വരുന്ന അച്ഛന്റെ ആത്മസംഘർഷത്തിലാണ് ശ്യാം എന്നാണ് അദ്ദേഹം കുറിക്കുന്നത്. 

മൂന്നര പതിറ്റാണ്ടോളമായി ആ ഈണം പിറന്നിട്ട്. മറ്റെല്ലാം മറന്നാലും അതിന്റെ ജന്മനിമിഷങ്ങൾ ഞാൻ മറക്കില്ല. ഒരു പക്ഷേ ഞാൻ ചെയ്ത സിനിമാപ്പാട്ടുകളേക്കാൾ സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഇടംനേടിയ ഈണമാണത് സിബിഐയിലെ തീം മ്യൂസിക്ക് എന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണ്. എന്റെ മാത്രം സൃഷ്ടി...എന്തിനാണ് മറിച്ചൊരു പ്രചരണം നടക്കുന്നത് എന്നറിയില്ല എന്നാണ് ശ്യാം പറയുന്നത്. 

രവി മേനോന്റെ കുറിപ്പ് വായിക്കാം

ശ്യാം സാറിന്റെ ഹൃദയത്തിൽ 
പിറന്ന സിബിഐ  തീം മ്യൂസിക് 

സ്വന്തം കുഞ്ഞിന്റെ പിതൃത്വം മറ്റൊരാൾക്ക് അടിയറവെക്കേണ്ടി വരുന്ന അച്ഛന്റെ ആത്മസംഘർഷം ഓർത്തുനോക്കൂ. ആ സംഘർഷം വേദനയോടെ അതിജീവിക്കാൻ ശ്രമിക്കുകയാണ്  ജീവിതസായാഹ്നത്തിൽ സംഗീത സംവിധായകൻ ശ്യാം.
മലയാള സിനിമയിലെ, ഇന്ത്യൻ സിനിമയിലെ തന്നെ, ഏറ്റവും പ്രശസ്തവും പരിചിതവുമായ സംഗീത ശകലങ്ങളിൽ ഒന്നായ സി ബി ഐ ഡയറിക്കുറിപ്പിലെ തീം മ്യൂസിക് സൃഷ്ടിച്ചത് താനല്ല എന്ന ``പുത്തൻ അറിവ്'' ശ്യാം സാറിനെ ഞെട്ടിക്കുന്നു. ആ മ്യൂസിക്കൽ ബിറ്റിന്റെ യഥാർത്ഥ ശിൽപ്പി തനിക്കേറെ പ്രിയപ്പെട്ട സാക്ഷാൽ എ ആർ റഹ്‌മാൻ ആണെന്ന് പടത്തിന്റെ തിരക്കഥാകൃത്ത് തന്നെ വെളിപ്പെടുത്തുമ്പോൾ എങ്ങനെ തളരാതിരിക്കും പൊതുവെ സൗമ്യനും ശാന്തശീലനുമായ ശ്യാം സാറിന്റെ മനസ്സ്? സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ``വെളിപ്പെടുത്ത''ലിനെ കുറിച്ച് കേട്ടും അറിഞ്ഞും അന്തം വിടുകയാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ. 

``മൂന്നര പതിറ്റാണ്ടോളമായി ആ ഈണം പിറന്നിട്ട്. മറ്റെല്ലാം മറന്നാലും അതിന്റെ ജന്മനിമിഷങ്ങൾ ഞാൻ മറക്കില്ല. ഒരു പക്ഷേ ഞാൻ ചെയ്ത സിനിമാപ്പാട്ടുകളേക്കാൾ സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഇടംനേടിയ ഈണമാണത്.''-- ശ്യാം പറയുന്നു. ``റഹ്‌മാൻ എനിക്കേറെ പ്രിയപ്പെട്ട കുട്ടിയാണ്. സംഗീത ജീവിതത്തിന്റെ ആരംഭ ഘട്ടത്തിൽ എനിക്ക് തണലും തുണയുമായിരുന്ന പ്രിയ സുഹൃത്ത്  ആർ കെ ശേഖറിന്റെ മകൻ. അസാമാന്യ പ്രതിഭാശാലി. എന്റെ മറ്റു പല ഗാനങ്ങളിലും ആദ്യകാലത്ത് കീബോർഡ് വായിച്ചിട്ടുണ്ട്  അന്ന് ദിലീപ് ആയിരുന്ന  റഹ്‌മാൻ. ഒരിക്കലും മറക്കാൻ പറ്റില്ല അതൊന്നും. പക്ഷേ സി ബി ഐയിലെ തീം മ്യൂസിക്ക് എന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണ്. എന്റെ മാത്രം സൃഷ്ടി...എന്തിനാണ് മറിച്ചൊരു പ്രചരണം നടക്കുന്നത് എന്നറിയില്ല. റഹ്‌മാൻ ഒരിക്കലും അങ്ങനെ പറയാൻ ഇടയില്ല.''-- 85 വയസ്സ് പിന്നിട്ട  ശ്യാം സാറിന്റെ വാക്കുകൾ വികാരാധിക്യത്താൽ ഇടറുന്നു.

ഒരു അവകാശ വാദമായി ദയവായി ഇതിനെ കാണരുത് എന്ന് കൂട്ടിച്ചേർക്കുന്നു ശ്യാം.  ഈ പ്രായത്തിൽ സ്വന്തം സൃഷ്ടിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി വാദിക്കേണ്ടി വരുന്നതിന്റെ ഗതികേട്  മുഴുവനുണ്ടായിരുന്നു ശ്യാം സാറിന്റെ വാക്കുകളിൽ. ഭാര്യയുടെ വിയോഗത്തിന് ശേഷം മിക്കവാറും ഏകാന്തജീവിതത്തിലാണ് ശ്യാം. എങ്കിലും സംഗീതത്തോടുള്ള അഭിനിവേശം കൈവിട്ടിട്ടില്ല. `` സംഗീതമാണ് എല്ലാ വിഷമങ്ങളും മറക്കാൻ ദൈവം എനിക്ക് തന്നിട്ടുള്ള ഔഷധം. പാട്ടിൽ മുഴുകുമ്പോൾ മറ്റെല്ലാം മറക്കും. പുതിയ ചില ഭക്തിഗാനങ്ങളുടെ സൃഷ്ടിയിലാണ്. ദൈവം അനുവദിക്കുകയാണെങ്കിൽ കുറെ പാട്ടുകൾ കൂടി ചെയ്‌തു നിങ്ങളെ കേൾപ്പിക്കണം എന്നുണ്ട്. അതിനിടക്ക് ഇതുപോലുള്ള  വിവാദങ്ങൾ ഉയരുമ്പോൾ ശരിക്കും വേദന തോന്നുന്നു. ദൈവം എല്ലാ തെറ്റിദ്ധാരണകളും നീക്കട്ടെ എന്ന് മാത്രമാണിപ്പോൾ എന്റെ പ്രാർത്ഥന..''

ഈയിടെ ഇറങ്ങിയ സിനിമാസംബന്ധിയായ ഒരു പുസ്തകത്തിലാണ് സി ബി ഐ ഡയറിക്കുറിപ്പിലെ പ്രമേയസംഗീതത്തെ കുറിച്ചുള്ള വിവാദപരമായ പരാമർശമുള്ളത്. ശ്യാമിന്റെ അസിസ്റ്റന്റ് ആയിരുന്ന ദിലീപിന്റെ വിരലുകളിലാണ് ആ ബിറ്റ്  ആദ്യം പിറന്നത് എന്ന് തിരക്കഥാകൃത്തിനെ ഉദ്ധരിച്ചുകൊണ്ട് രേഖപ്പെടുത്തുന്നു ഗ്രന്ഥകർത്താവ്. എന്നാൽ തലമുറകൾക്കപ്പുറത്തേക്ക് വളർന്ന ഈ സംഗീതശകലം ശ്യാമിന്റെ സൃഷ്ടിയാണെന്ന് നിസ്സംശയം പ്രഖ്യാപിച്ചിരിക്കുകയാണ് പടത്തിന്റെ സംവിധായകൻ കെ മധു. സി ബി ഐയുടെ അഞ്ചാം പതിപ്പിന്റെ പണിപ്പുരയിലാണിപ്പോൾ അദ്ദേഹം.

സി ബി  ഐയിലെ തീം മ്യൂസിക് രൂപമെടുത്ത സന്ദർഭത്തെ കുറിച്ച് ശ്യാം സാറിന്റെ ഓർമ്മകൾ പങ്കുവെക്കുന്ന ഈ പഴയ കുറിപ്പ് ഒരിക്കൽ കൂടി  ഇവിടെ പോസ്റ്റ് ചെയ്യുന്നു. സംശയനിവാരണത്തിന് വേണ്ടി മാത്രം....

ശ്യാം സാറിന്റെ സേതുരാമയ്യർ CBI

ബുദ്ധിരാക്ഷസനായ കുറ്റാന്വേഷകൻ സേതുരാമയ്യരെ കാണാൻ സി ബി ഐ ഡയറിക്കുറിപ്പ് എന്ന സിനിമ കാണേണ്ടതില്ല നാം. ശ്യാം ചിട്ടപ്പെടുത്തിയ തീം മ്യൂസിക് കേട്ടാൽ മതി. 
ഏതാനും നിമിഷങ്ങൾ  നീളുന്ന ഒരു സംഗീതശകലത്തിന് ഒരു കഥാപാത്രത്തിന്റെ രൂപഭാവങ്ങൾ മുഴുവൻ  ശ്രോതാക്കളുടെ മനസ്സിൽ മിഴിവോടെ  വരച്ചിടാൻ കഴിഞ്ഞു എന്നത് ചില്ലറ കാര്യമാണോ? അതും എന്നന്നേക്കുമായി. ``സി ബി ഐയുടെ  തീം മ്യൂസിക് ചിട്ടപ്പെടുത്തുമ്പോൾ സിനിമക്കപ്പുറത്തേക്ക് അത് വളരുമെന്നോ, ഇത്ര കാലം ജീവിക്കുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. പാട്ടില്ലാത്ത സിനിമയായതുകൊണ്ട് സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താൻ പോന്ന ഒരു തന്ത്രം അതിൽ ഉൾപ്പെടുത്തണം എന്നേ  ആലോചിച്ചിരുന്നുള്ളൂ.'' -- ശ്യാം പറയുന്നു. ഉറക്കത്തിൽ പോലും മലയാളി തിരിച്ചറിയുന്ന  സംഗീത ശകലമായി അത് മാറി എന്നത് ചരിത്രനിയോഗം. 
റീറെക്കോർഡിംഗിനായി പടം കണ്ടപ്പോൾ ആദ്യം ശ്യാമിന്റെ മനസ്സിൽ തങ്ങിയത് സേതുരാമയ്യരുടെ വേറിട്ട വ്യക്തിത്വമാണ്. സാധാരണ സി ഐ ഡി സിനിമകളിലെപ്പോലെ ആക്‌ഷൻ ഹീറോ അല്ല അയാൾ. ബുദ്ധി ഉപയോഗിച്ചാണ് കളി. കേസിന്റെ നൂലാമാലകൾ തലച്ചോറ് കൊണ്ട് ഇഴകീറി പരിശോധിക്കുമ്പോൾ സ്വാഭാവികമായും മനസ്സ് ഏകാഗ്രമാകും. ``ആ ഏകാഗ്രത സംഗീതത്തിലൂടെ എങ്ങനെ പ്രേക്ഷകനെ അനുഭവിപ്പിക്കാനാകുമെന്ന് ചിന്തിച്ചപ്പോഴാണ് അറിയാതെ തന്നെ എന്റെ മനസ്സ് ഈ ഈണം മൂളിയത്. തലച്ചോറിന്റെ സംഗീതം. അതായിരുന്നു ആശയം. കുറച്ചു നേരം ഒരേ താളത്തിൽ മുന്നേറിയ ശേഷം പൊടുന്നനെ അത് വിജയതാളത്തിലേക്ക്  മാറുന്നു. വിക്ടറി നോട്ട് എന്നാണ് പറയേണ്ടത്.  സേതുരാമയ്യരെ അവതരിപ്പിക്കുമ്പോൾ ഈ വിക്ടറി നോട്ട് അത്യാവശ്യമാണെന്ന് തോന്നി. പരാജയമെന്തെന്നറിയാത്ത കുറ്റാന്വേഷകനല്ലേ?'' മോണ്ടി നോർമൻ സൃഷ്ടിച്ച വിഖ്യാതമായ ജെയിംസ് ബോണ്ട് തീം പോലെ  സേതുരാമയ്യരുടെ സവിശേഷ വ്യക്തിത്വം അനായാസം പകർത്തിവെക്കുന്നു ശ്യാമിന്റെ ഈണം. സി ബി ഐ സിനിമകളുടെ പിൽക്കാല പതിപ്പുകളിലും ചില്ലറ ഭേദഗതികളോടെ ഈ ഈണം കേട്ടു. കവർ വേർഷനുകളുടെയും റീമിക്സുകളുടെയും രൂപത്തിൽ ഇന്നും നമ്മെ തേടിയെത്തിക്കൊണ്ടിരിക്കുന്നു ശ്യാമിന്റെ ഈണം.

ആരാധനാപാത്രവും മാനസഗുരുവുമൊക്കെയായ  ഹെൻറി നിക്കോള മാൻചീനി ആയിരുന്നു ഈ പ്രമേയ സംഗീതം ചിട്ടപ്പെടുത്തുമ്പോൾ ശ്യാമിന്റെ മനസ്സിൽ. സംഗീതസംവിധാനത്തിലെ കുലപതിമാരിൽ ഒരാൾ. കുട്ടിക്കാലം മുതലേ ഹോളിവുഡ് സിനിമകളിൽ കേട്ട് മനസ്സിൽ പതിഞ്ഞ ഈണങ്ങളുടെ ശിൽപ്പി. ``പിങ്ക് പാന്തർ, ഹടാരി, മൂൺ റിവർ, റോമിയോ ആൻഡ് ജൂലിയറ്റ് എന്നിങ്ങനെ നിരവധി സിനിമകളിൽ മാൻചീനിയുടെ മാന്ത്രിക സംഗീതമുണ്ട്. പല സിനിമകളിലും തീം മ്യൂസിക് ഒരുക്കുമ്പോൾ എന്റെ മാതൃക അദ്ദേഹമായിരുന്നു.''-- ശ്യാം പറയും.

പ്രിയ സംഗീതസംവിധായകനെ ഒരിക്കലെങ്കിലും നേരിൽ കണ്ടു സംസാരിക്കാൻ മോഹിച്ചിട്ടുണ്ട് ശ്യാം. ലോസ് ഏഞ്ചൽസ്‌  സന്ദർശനത്തിനിടെ ഒരു തവണ അവസരം  ഒത്തുവന്നെങ്കിലും നിർഭാഗ്യവശാൽ ആ കൂടിക്കാഴ്ച്ച നടന്നില്ല.  മാൻചീനിയുടെ ഓഫീസിൽ ചെന്നപ്പോൾ അദ്ദേഹം പുറത്തു പോയിരിക്കുകയായിരുന്നു. എന്നാൽ ആ യാത്രയിൽ ഹോളിവുഡിലെ മറ്റു പല പ്രമുഖ കംപോസർമാരെയും കണ്ടുമുട്ടാനും സംസാരിക്കാനുമായി. 
``ആയിരക്കണക്കിന്  പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പലതും മലയാളികൾ സ്നേഹത്തോടെ മനസ്സിൽ സൂക്ഷിക്കുന്നവ. എങ്കിലും എന്നെ കാണുമ്പോൾ പുതിയ തലമുറയിലെ കുട്ടികൾ പോലും പെട്ടെന്ന് ഓർത്തെടുത്തു മൂളിക്കേൾപ്പിക്കുക സി ബി ഐ ഡയറിക്കുറിപ്പിന്റെ  തീം മ്യൂസിക് ആണ്. സന്തോഷത്തോടൊപ്പം അത്ഭുതവും തോന്നും അപ്പോൾ. മനസ്സു കൊണ്ട് ദൈവത്തിന് നന്ദി പറയും. എനിക്ക് വേണ്ടി ആ സംഗീതശകലം ചിട്ടപ്പെടുത്തിയത് ദൈവമല്ലാതെ മറ്റാരുമല്ല എന്ന് വിശ്വസിക്കുന്നു ഞാൻ. ചില നിമിഷങ്ങളിൽ നമ്മളറിയാതെ തന്നെ ദൈവം നമ്മുടെ ചിന്തകളിൽ, ഭാവനകളിൽ മറഞ്ഞുനിൽക്കും. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു....'' ശ്യാം വികാരാധീനനാകുന്നു.
--രവിമേനോൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com