

നടൻ രവി മോഹന്റെ (ജയം രവി) (Ravi Mohan) വിവാഹമോചനം സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൻ ചർച്ചയായി മാറിയിരുന്നു. തന്നെ അറിയിക്കാതെയാണ് വേർപിരിയൽ പ്രസ്താവന പങ്കുവച്ചത് എന്ന് പറഞ്ഞ് ജയം രവിയ്ക്കെതിരെ മുൻ ഭാര്യ ആർതി രവി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തു. ഇതിന് മറുപടിയായി ജയം രവിയും സോഷ്യൽ മീഡിയയിലെത്തി.
തുടർന്ന് ഇരുവരും തമ്മിലുള്ള ഒരു തുറന്ന പോര് തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ. ഇരുവരുടെയും ഇത്തരം പ്രവർത്തികളെ വിമർശിച്ചും ആരാധകർ രംഗത്തെത്തിയിരുന്നു. ഗായിക കെനിഷ ഫ്രാൻസിസുമായുള്ള ജയം രവിയുടെ അടുപ്പമാണ് വിവാഹമോചനത്തിന് കാരണമായെതെന്ന തരത്തിൽ ഗോസിപ്പുകൾ പരന്നിരുന്നു.
ജയം രവിയും കെനിഷയും ഒന്നിച്ചൊരു വിവാഹച്ചടങ്ങിനെത്തിയതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വീണ്ടും തലപൊക്കി തുടങ്ങി. ഇപ്പോഴിതാ ജയം രവിയും കെനിഷയും ഒന്നിച്ചുള്ള പുതിയ ചിത്രവും ഇത്തരം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയാണ്. തമിഴ്നാട്ടിലെ പ്രശസ്തമായ കുന്ദ്രക്കുടി മുരുകൻ ക്ഷേത്രത്തിൽ ജയം രവിയും കെനിഷയും ഒന്നിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇവിടുത്തെ പൂജാരിമാർക്കൊപ്പം രണ്ടു പേരും ഫോട്ടോയ്ക്ക് പോസ് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്ഷേത്ര ദർശനത്തിനു പിന്നാലെ പുറത്തുവന്ന ചിത്രത്തിൽ രവിയും കെനിഷയും കഴുത്തിൽ പൂമാല അണിഞ്ഞിരിക്കുന്നതും കാണാം. രവി മോഹന്റെ നിർമാണക്കമ്പനിയായ രവിമോഹൻ സ്റ്റുഡിയോസിന്റെ ലോഗോ പ്രകാശനവും വ്യാഴാഴ്ച നടന്നിരുന്നു.
ഇതിന് മുന്നോടിയായാണ് രവി മോഹനും കെനിഷയും ക്ഷേത്ര ദർശനത്തിനെത്തിയത് എന്നാണ് വിവരം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് രവി മോഹൻ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2009 ലായിരുന്നു ജയം രവിയും ആർതി രവിയും വിവാഹിതരായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates