

ആസിഫ് അലി പ്രധാനവേഷത്തിലെത്തിയ "രേഖാചിത്രം" തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അന്വേഷണത്തിന്റെ ഭാഗമായി ആസിഫ് അലിയുടെ കഥാപാത്രം ഒരു തയ്യൽക്കാരിയുടെ അടുത്തെത്തുന്നതും അവരിൽ നിന്ന് വിവരങ്ങൾ അറിയുന്നതുമാണ് രംഗം. ഈ സീൻ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഈ സീനിൽ അഭിനയിച്ച ജൂനിയർ ആർടിസ്റ്റിനെ ആസിഫ് അലി ആശ്വസിപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
ഉദയംപേരൂർ പൂത്തോട്ടയിലുള്ള ഓട്ടോ ഡ്രൈവർ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്ന താരം. അഭിനയിച്ച സീൻ സിനിമയിൽ നിന്നൊഴിവാക്കപ്പെട്ടതറിഞ്ഞ് തിയറ്ററിൽ വച്ച് സുലേഖ പൊട്ടിക്കരയുകയായിരുന്നു. താൻ അഭിനയിച്ച സീൻ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് അറിയാതെ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ വന്നതായിരുന്നു സുലേഖ.
എന്നാൽ ആ സീൻ ഇല്ലെന്ന് അറിഞ്ഞപ്പോൾ പൊട്ടിക്കരയുകയായിരുന്നു. സുലേഖയുടെ കാര്യം ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ജോഫിൻ ടി ചാക്കോ അവരോടു ക്ഷമ ചോദിക്കുകയും അവർ അഭിനയിച്ച രംഗം പുറത്തു വിടുമെന്ന് അറിയിക്കുകയും ചെയ്തു. റിലീസ് ദിവസം തന്നെ സുലേഖയെ വിളിച്ചു വരുത്തിയ ആസിഫ് അലി അവരെ ആശ്വസിപ്പിക്കുകയും അടുത്തൊരു സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു.
2025ൻ്റെ തുടക്കത്തിൽ തന്നെ ഒരു ഗംഭീര വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം" ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്.
പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ ആദ്യദിനം തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്. ആദ്യ ആഴ്ചയിൽ തന്നെ മുടക്കുമുതലിൻറെ നാലിരട്ടിയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്.
രേഖാചിത്രത്തിൽ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്. 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവിൽ രേഖാചിത്രം ഏറെ നിരൂപക പ്രശംസയും നേടുന്നുണ്ട്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.
മമ്മൂട്ടി ചിത്രം ‘ദ് പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് 'രേഖാചിത്രം'. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ.
വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
