

കഴിഞ്ഞ ദിവസമാണ് യുവനടി അനുഗ്രഹ എസ് നമ്പ്യാർ റിസോർട്ട് എന്ന വെബ് സീരിസിന്റെ അണിയറപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. അനുഗ്രഹയുടെ ആരോപണങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ‘റിസോർട്ട്’ സീരീസ് സംവിധായകൻ വിജയ് കുമാർ.
അനുഗ്രഹയ്ക്ക് പ്രൊഡക്ഷൻ കമ്പനി നൽകാനുള്ള പണം കൃത്യമായി നൽകിയിട്ടുണ്ടെന്നും, മറിച്ച് നടി പ്രൊഡക്ഷൻ കമ്പനിക്ക് പണം തിരികെ നൽകാനുണ്ടെന്നുമാണ് വിജയ് കുമാർ പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിജയകുമാർ തന്റെ ഭാഗം വ്യക്തമാക്കിയത്.
അനുഗ്രഹ അഭിനയിച്ച അത്രയും ദിവസത്തെ പണം പ്രൊഡക്ഷൻ കമ്പനി കൃത്യമായി നൽകിയിട്ടുണ്ടെന്ന് വിജയ് കുമാർ പറഞ്ഞു. ഏഴ് മാസം തന്നെ ലോക്ക് ചെയ്തു എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. രണ്ട് മാസം ഷൂട്ടിങ്ങിൽ പങ്കെടുത്ത ശേഷമാണ് അനുഗ്രഹ എഗ്രിമെന്റ് ഒപ്പിട്ടത്. താൻ ചെയ്യുന്നത് മെയിൻ റോളല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ ഒപ്പിട്ടത്. ഇഷ്ടമില്ലായിരുന്നെങ്കിൽ ഒപ്പിടാതെ പോകാമായിരുന്നുവെന്നും വിജയ് കുമാർ ചൂണ്ടിക്കാട്ടി.
‘‘ഈ ക്ലാരിഫിക്കേഷൻ വിഡിയോ ഒന്നും കൊടുക്കരുതെന്ന് തന്നെയാണ് ഞാൻ പ്ലാൻ ചെയ്തത്. എന്തിന്, നമ്മുടെ ഭാഗത്ത് തെറ്റൊന്നുമില്ലല്ലോ, ഇതിനെ നമുക്ക് ലീഗൽ ആയി ഫേസ് ചെയ്യാം എന്ന് കരുതിയാണ് ഞാൻ പ്ലാൻ ചെയ്തത്. പക്ഷേ ഇന്നലെ മുതൽ ഒരു 20-30 കോളുകൾ. എന്താണെന്നുവച്ചാൽ ഈ മീഡിയ ചാനലുകൾ ഒക്കെ വിളിച്ച് ഒരു ക്ലാരിഫിക്കേഷൻ വിഡിയോ തരൂ, അല്ലെങ്കിൽ ഞങ്ങളോട് സംസാരിക്കൂ, നിങ്ങളുടെ ഭാഗത്തുള്ള കാര്യങ്ങൾ പറയൂ എന്നൊക്കെ ചോദിക്കുന്നു.
ഞങ്ങൾ ലീഗൽ ആയി തന്നെ നീങ്ങാം എന്ന പ്ലാനിലായിരുന്നു. ഞങ്ങൾ എന്തിന് നിങ്ങളുടെ ചാനലിൽ വന്ന് പറയണം എന്ന് ആദ്യം കരുതി. ശരി, ഇതൊരു ക്ലാരിഫിക്കേഷൻ വിഡിയോ ആണ്. ഇതിൽ കൃത്യമായി എന്താണ് നടന്നതെന്ന് ഞാൻ പറയാം. ചുമ്മാ എന്തെങ്കിലും വിളിച്ച് പറയുകയല്ല ഞാൻ ചെയ്യുന്നത്. ഒരു ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയോ വമ്പിനോ വേണ്ടി ചെയ്യുന്നതല്ല ഇത്.
ഒരു ദിവസം മുഴുവൻ ഞാൻ വിട്ടു കൊടുത്തു. അപ്പോഴേക്കും അത്രയും ന്യൂസ് ചാനലുകൾ വന്ന് ഒരു വശം മാത്രം കേട്ട് 'പണതട്ടിപ്പ്' എന്ന് പറഞ്ഞു കഴിഞ്ഞു. ഇപ്പോൾ ഞാൻ പറയുന്ന വിഡിയോയിൽ നിങ്ങൾ പറയൂ, ആരാണ് യഥാർത്ഥത്തിൽ തട്ടിപ്പ് നടത്തിയത് എന്ന്. ആദ്യത്തെ ആരോപണം: ആ പെൺകുട്ടി പറയുന്നു പണം കൊടുക്കാതെ പറ്റിച്ചു എന്ന്. പ്രൊഡക്ഷൻ കമ്പനിയുമായി ഞാൻ എല്ലാ കാര്യങ്ങളും സംസാരിച്ചു. ആ പെൺകുട്ടി അഭിനയിച്ച അത്രയും ദിവസത്തെ പണം കൃത്യമായി സെറ്റിൽ ചെയ്തിട്ടുണ്ട്.
അതിന്റെ എല്ലാ ഡീറ്റെയിൽസും പ്രൊഡക്ഷൻ കമ്പനിയുടെ കയ്യിലുണ്ട്. പിന്നെ ഒരു കാര്യം, ആ പെൺകുട്ടി 25,000 രൂപ അഡ്വാൻസ് ചോദിച്ചു. തനിക്ക് പണത്തിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ മാനുഷിക പരിഗണന വച്ച് പ്രൊഡക്ഷൻ കമ്പനി അത് നൽകി. സത്യത്തിൽ ആ പെൺകുട്ടി ഇനിയും ഒരു 10,000 രൂപ പ്രൊഡക്ഷൻ കമ്പനിക്ക് തിരിച്ചു നൽകാനുണ്ട്. ഇത് നുണയാണെങ്കിൽ അത് അനുഗ്രഹ തന്നെ പറയട്ടെ.
മറ്റൊരു കാര്യം, എഗ്രിമെന്റ് ഒപ്പിട്ടത് തന്നെ ലോക്ക് ചെയ്തു എന്നും ഏഴ് മാസം പ്രൊജക്റ്റ് ഇല്ലാതെ ഇരുന്നു എന്നും അവൾ പറയുന്നു. രണ്ട് മാസം ഷൂട്ടിങ്ങിൽ അഭിനയിച്ച് കഴിഞ്ഞ ശേഷമാണ് ആ എഗ്രിമെന്റ് ഒപ്പിട്ടത്. നിങ്ങൾ ഒരു സൈഡ് റോളാണ് ചെയ്യുന്നത്, മെയിൻ കഥയിലല്ല എന്ന് അപ്പോൾ നിങ്ങൾക്ക് അറിയില്ലായിരുന്നോ? പിന്നെ എന്തിനാണ് രണ്ട് മാസം കഴിഞ്ഞ ശേഷം നിങ്ങൾ സൈൻ ചെയ്തത്?
അപ്പോൾ നിങ്ങൾക്ക് അത് വായിച്ച് മാറ്റങ്ങൾ വരുത്താമായിരുന്നു അല്ലെങ്കിൽ സൈൻ ചെയ്യാതെ പോകാമായിരുന്നു. രണ്ട് മാസത്തെ ഷൂട്ടിങ്ങിന് ശേഷം ആ പെൺകുട്ടിയുടെ സീനുകൾ ഒക്കെ എടുത്തു കഴിഞ്ഞപ്പോഴാണ് എഗ്രിമെന്റ് കൈമാറിയത്. കാരണം പ്രൊഡക്ഷൻ കമ്പനി അവളെ അത്രത്തോളം വിശ്വസിച്ചു. 20 വർഷമായി പ്രവർത്തിക്കുന്ന റെപ്യൂട്ടേഷൻ ഉള്ള ഒരു കമ്പനിക്കെതിരെ ഒരു പെൺകുട്ടി കരഞ്ഞുകൊണ്ട് വിഡിയോ ഇട്ടാൽ എല്ലാവരും കണ്ണടച്ച് വിശ്വസിക്കുന്നു.
എല്ലാവർക്കും കഥ നരേഷൻ നൽകിയ പോലെ തന്നെയാണ് അവൾക്കും നൽകിയത്. ശമ്പളം സംസാരിക്കേണ്ടത് പ്രൊഡക്ഷൻ ടീമിനോടാണ്. ഞാൻ കഥയും കഥാപാത്രവും മാത്രമേ പറയൂ. സിനിമ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് അറിയാതെയാണ് അവൾ സംസാരിക്കുന്നത്. ഇഷ്ടമില്ലെങ്കിൽ അപ്പോഴേ പോകാമായിരുന്നു.
ഒരു മാസം മുൻപ് ഷൂട്ടിങ് നടക്കുമ്പോൾ, അവൾക്ക് വേറൊരു ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞു. ഒരു കമിറ്റ്‌മെന്റ് കൊടുത്ത് വന്ന ശേഷം ഇടയിൽ പോകണമെന്ന് പറഞ്ഞിട്ടും ആരും 'നോ' പറഞ്ഞില്ല. അന്ന് ആ ലൊക്കേഷന് മാത്രം 2 ലക്ഷം രൂപ ചെലവായിരുന്നു. 5 മണിക്ക് വരാമെന്ന് പറഞ്ഞ് പോയിട്ട് രാത്രി 8 മണിക്കാണ് വന്നത്. അന്ന് ആ സീൻ എടുക്കാൻ പറ്റിയില്ല, ലൊക്കേഷനും നഷ്ടമായി.
എന്നിട്ടും അന്ന് അഭിനയിച്ച ഒരു സീനിന് പോലും അവൾക്ക് മുഴുവൻ പേയ്‌മെന്റും നൽകി. ഇത്രയും സഹായിച്ച ഒരു പ്രൊഡക്ഷനെ എങ്ങനെയാണ് ഇങ്ങനെ ചീത്ത പറയാൻ തോന്നുന്നത് ?. തമിഴിൽ ആർക്കും അറിയാത്ത അവളെ വിളിച്ച് ഈ സീരിസിൽ അവസരം നൽകി. ഇതിനിടയിൽ തമിഴിൽ ഒരു സിനിമയിൽ ഹീറോയിൻ ആയി ചാൻസ് കിട്ടിയപ്പോൾ, ഇവിടെയും തനിക്ക് മെയിൻ ഫ്രെയിം വേണം, ഹീറോയിൻ ട്രീറ്റ്‌മെന്റ് വേണം എന്ന് പറഞ്ഞാൽ അത് എങ്ങനെ സാധിക്കും ?.
നിങ്ങൾ എന്തിന് കമിറ്റ് ചെയ്തോ അത് തന്നെയല്ലേ ചെയ്യാൻ പറ്റൂ ?. അവളുടെ ബോയ്ഫ്രണ്ട് വിളിച്ച് പ്രൊഡക്ഷനിൽ എല്ലാവരോടും ബഹളം വച്ചു. അവൻ സംസാരിക്കുന്നത് പ്രോപ്പർ മലയാളം ആയതുകൊണ്ട് എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു. ഞാൻ നക്ഷത്രയോട് ഫോൺ കൊടുത്തു സംസാരിക്കാൻ പറഞ്ഞു. അവൾ വളരെ ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
എന്നാൽ അവൻ പണം വേണം എന്ന് പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. അഭിനയിച്ച പണം നൽകിക്കഴിഞ്ഞു, ഇനി എന്ത് പണമാണ് ചോദിക്കുന്നത് ?. ഞാൻ 2017 മുതൽ ഒരു രൂപ പോലുമില്ലാതെ കഷ്ടപ്പെട്ട് ബിൽഡ് ചെയ്തതാണ് എന്റെ കരിയർ. അതിനെ ഒറ്റ സെക്കൻഡ് കൊണ്ട് 'സ്കാമർ' എന്ന് വിളിച്ച് ഇല്ലാതാക്കാൻ നോക്കിയാൽ സഹിക്കില്ല. ഇപ്പോൾ ഞാൻ ഡിഫർമേഷൻ കേസ് കൊടുക്കാൻ പോവുകയാണ്. ഇതിനൊക്കെ പ്രൂഫ് എന്റെ കയ്യിലുണ്ട്.
ഒരാൾക്ക് അവസരം നൽകി ഇൻട്രോഡ്യൂസ് ചെയ്യുമ്പോൾ അവരെ ഇത്രയും മോശമായി സംസാരിക്കുന്നത് ശരിയല്ല. എന്റെ കുട്ടിയെയും ഭാര്യയെയും വരെ മോശമായി കമന്റ് ബോക്സിൽ ചീത്ത വിളിക്കുന്നു. ഇത് അന്യായമാണ്. പണം വാങ്ങി പറ്റിക്കുന്നതാണ് സ്കാം. ഇവിടെ പണം വാങ്ങിയത് അനുഗ്രഹയാണ്. പണം വാങ്ങിയില്ല എന്ന് അവളെക്കൊണ്ട് ഒരു വിഡിയോ ഇടാൻ പറയൂ. നന്ദി." -വിജയകുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates