Kantara Chapter 1
Kantara Chapter 1 ഫെയ്സ്ബുക്ക്

ഒന്നല്ല ഒന്നൊന്നര ​ഗുളികൻ! മേക്കിങ്ങിന്റെ പീക്ക് ലെവൽ; 'കാന്താര: ചാപ്റ്റർ 1' -റിവ്യൂ

കാടിന്റെ വശ്യതയും നി​ഗൂഢതയുമൊക്കെ പ്രേക്ഷകരിലേക്ക് അങ്ങനെ തന്നെ അനുഭവപ്പെടുത്തുന്നതിൽ അരവിന്ദിന്റെ ഛായാ​ഗ്രഹണം ഏറെ പ്രാധാന്യം വഹിക്കുന്നുണ്ട്.
Published on
മേക്കിങ്ങിന്റെ പീക്ക് ലെവൽ(3.5 / 5)

ഈ അടുത്ത കാലത്ത് കാന്താര: ദ് ലെജൻഡ് ചാപ്റ്റർ 1 നോളം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ ഹൈപ്പ് നേടിയ മറ്റൊരു ചിത്രമുണ്ടാകില്ല. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. വെറുമൊരു എന്റർടെയ്നർ എന്നതിലേക്ക് മാത്രം കാന്താര 2 വിനെ ഒതുക്കി നിർത്താൻ കഴിയില്ല. മിത്തോളജിയും സംസ്കാരവും സ്പിരിച്ച്വാലിറ്റിയും പവർ പൊളിറ്റിക്സും എല്ലാം പറഞ്ഞു പോകുന്നുണ്ട് ഈ ചിത്രം. ആദ്യ ഭാ​ഗം കണ്ടിട്ടില്ലാത്തവർക്കും മനസിലാകുന്ന കഥയാണ് കാന്താര ചാപ്റ്റർ വണ്ണിന്റേത്.

ഇതെല്ലാം കൂട്ടിച്ചേർത്തുള്ള ഒരു മികച്ച സിനിമാറ്റിക് എക്സ്പീരിയൻസ് തന്നെയാണ് ചിത്രം. കഥയും പെർഫോമൻസിനേക്കാളുപരി കാന്താര 2 വിന്റെ ഏറ്റവും ​ഗംഭീരമായത് ടെക്നിക്കൽ സൈഡ് തന്നെയാണ്. 125 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്, ഇറക്കിയ മുടക്കുമുതലിനോട് ഒരു 95 ശതമാനവും നീതി പുലർത്തിയിട്ടുണ്ട് സംവിധായകൻ ഋഷഭ് ഷെട്ടി.

സംവിധായകൻ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഋഷഭ് ഷെട്ടി തന്റെ ഏറ്റവും മാക്സിമം തന്നെയാണ് പുറത്തെടുത്തിരിക്കുന്നത്. ആദ്യ പകുതിയിൽ പതിഞ്ഞ താളത്തിൽ പോകുന്ന തിരക്കഥ ചെറിയ തോതിൽ സിനിമയെ ലാ​ഗ് അടുപ്പിച്ചിട്ടുണ്ട്. ഫൺ എലമെന്റ്സും ചിത്രത്തിൽ ഫോഴ്സ്ഫുള്ളി തിരികി കയറ്റിയതു പോലെയാണ് തോന്നിയത്. പ്രത്യേകിച്ച് വളരെ സീരിയസായുള്ള സാഹചര്യങ്ങളിലൊക്കെ. അത്തരം തമാശകളൊക്കെ ഒഴിവാക്കുന്നത് തന്നെയായിരുന്നു നല്ലത്. എന്നാൽ ഇന്റർവെൽ ബ്ലോക്ക് മുതൽ കഥയെ ട്രീറ്റ് ചെയ്തിരിക്കുന്നത് മറ്റൊരു രീതിയിലാണ്.

ഈ അടുത്തകാലത്ത് കണ്ട കന്നഡ, തമിഴ് സിനിമകളെ വച്ചു നോക്കുമ്പോൾ അത്യാവശ്യം സ്റ്റാൻഡേർഡ് ലെവലിൽ വിഎഫ്എക്സ് രം​ഗങ്ങൾ ചെയ്തിട്ടുണ്ട് കാന്താര 2 വിൽ. പുലി, തീ, വെള്ളം തുടങ്ങിയവയൊക്കെ നന്നായി തന്നെ അവതരിപ്പിക്കാൻ വിഎഫ്എക്സ് ടീമിന് സാധിച്ചിട്ടുണ്ട്.

ആദ്യ പകുതിയിൽ കഥയ്ക്കും സന്ദർഭത്തിനുമൊപ്പം വിഎഫ്എക്സ് രം​ഗങ്ങൾ ഇഴുകി ചേർന്ന് നിന്നപ്പോൾ രണ്ടാം പകുതിയിൽ കുറച്ച് ഓവർ ഡോസ് ആയതു പോലെ തോന്നി. പ്രത്യേകിച്ച് ആക്ഷൻ രം​ഗങ്ങളിലും യുദ്ധ സീനുകളിലുമൊക്കെ. അജനീഷ് ലോകനാഥിന്റെ സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരു കഥാപാത്രമായി കഥയ്ക്കൊപ്പം ഇഴുകി ചേർന്നു.

അരവിന്ദ് എസ് കശ്യപിന്റെ ഛായാ​ഗ്രഹണവും കയ്യടി അർഹിക്കുന്നതാണ്. വൈഡ് ഷോട്ടുകളും കാടിന്റെ വശ്യതയും നി​ഗൂഢതയുമൊക്കെ പ്രേക്ഷകരിലേക്ക് അങ്ങനെ തന്നെ അനുഭവപ്പെടുത്തുന്നതിൽ അരവിന്ദിന്റെ ഛായാ​ഗ്രഹണം ഏറെ പ്രാധാന്യം വഹിക്കുന്നുണ്ട്.

അതുപോലെ സിനിമയുടെ കളർ ​ഗ്രേഡിങ്ങും എടുത്തു പറയേണ്ടതാണ്. കാടിനുള്ളിലെ സീനുകളൊക്കെ ചെയ്യുമ്പോൾ ആ സ്വാഭാവികത നിലനിർത്തിക്കൊണ്ട് അവതരിപ്പിക്കുന്നതിൽ സംവിധായകനും അണിയറ പ്രവർത്തകരും അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

കാന്താര ആദ്യ ഭാ​ഗത്തെ ക്ലൈമാക്സിലാണ് ഋഷഭ് ഷെട്ടി അമ്പരപ്പിച്ചതെങ്കിൽ ചാപ്റ്റർ വണ്ണിലേക്ക് വരുമ്പോൾ ഒരുപാട് ഇടങ്ങളിൽ ഋഷഭ് ഷെട്ടിയുടെ പീക്ക് ലെവൽ കാണാൻ കഴിയും. ​ഗുളികനായുള്ള ഋഷഭിന്റെ ട്രാൻസ്ഫർമേഷൻ രം​ഗങ്ങളൊക്കെ അതിമനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. 7- 8 ഓളം ​ഗുളിക രൂപങ്ങളെയും ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നുണ്ട്.

കാന്താരയുടെ കോർ തന്നെ ദൈവികതയാണ്. എങ്കിൽ കൂടിയും കാന്താര ചാപ്റ്റർ 1 ൽ ഒരല്പം കൂടുതലായി ഈ ദൈവികതയെ സംവിധായകൻ പ്ലെയ്സ് ചെയ്യുന്നുണ്ട്. താനൊരു വലിയ ദൈവ ഭക്തനാണെന്ന് ഋഷഭ് തന്നെ പൊതുവേദികളിലടക്കം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളതു കൊണ്ട് തന്നെ അക്കാര്യം ഒരു പോരായ്മയായി നമുക്ക് കാണാനാകില്ല.

ഇനി മറ്റു കഥാപാത്രങ്ങളിലേക്ക് വന്നാൽ ജയറാം, രുക്മിണി വസന്ത്, ​ഗുൽഷൻ ദേവയ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ഒരു സാധാരണ നോർമൽ കഥാപാത്രമായാണ് ജയറാമിനെ ആദ്യ പകുതിയിൽ കാണാൻ കഴിയുക. എന്നാൽ രണ്ടാം പകുതിയിൽ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നുണ്ട് ജയറാം.

അന്യഭാഷകളിൽ സൈഡ് റോളുകളിൽ ഒതുങ്ങി പോകാറുള്ള ജയറാമിനെ മെയിൻ ആയി തന്നെയാണ് കാന്താര 2 ട്രീറ്റ് ചെയ്തിരിക്കുന്നത്. അതുപോലെ രുക്മിണി വസന്ത്, വെറുമൊരു രാജകുമാരിയായി മാത്രം ആ കഥാപാത്രത്തെ ഋഷഭ് ഒതുക്കി നിർത്തിയിട്ടില്ല. വളരെ ബോൾഡായ ഒരു സൈഡും രുക്മിണി അവതരിപ്പിച്ച കനകവതി എന്ന കഥാപാത്രത്തിന് സംവിധായകൻ നൽകിയിട്ടുണ്ട്. ഒട്ടും ഓവർ ആകാതെ രുക്മിണി ആ കഥാപാത്ര മികച്ചതാക്കിയിട്ടുണ്ട്.

ആദ്യ ഭാ​ഗം പോലെ തന്നെ ക്ലൈമാക്സ് തന്നെയാണ് കാന്താര ചാപ്റ്റർ 1ന്റെയും മെയിൻ. ചെറിയൊരു സർപ്രൈസ് എലമെന്റ് നിലനിർത്തിയാണ് ക്ലൈമാക്സിലേക്ക് ചിത്രമെത്തുന്നത്. കുറച്ച് ഓവർറേറ്റഡ് ആയിട്ട് തോന്നാമെങ്കിലും പീക്ക് ലെവലിൽ തന്നെയാണ് ചിത്രം കൊണ്ടുവന്ന് നിർത്തിയിരിക്കുന്നത്.

മൊത്തത്തിൽ പറഞ്ഞാൽ ഒരു മിത്തോളജിക്കൽ കൺസ്പെറ്റിനെ കൾച്ചറൽ ആം​ഗിളും അതുപോലെ കൊമേഴ്സ്യൽ എലമെന്റ്സും കൂടി ചേർത്ത് മനോഹരമായി ഒരുക്കിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. ചെറിയ ചെറിയ ചില പ്രശ്നങ്ങളൊക്കെ മാറ്റി നിർത്തിയാൽ തീർച്ചയായും നൂറ് ശതമാനവും തിയറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ചിത്രം കൂടിയാണ് കാന്താര ചാപ്റ്റർ 1. കാന്താര ദ് ലെജൻഡ് ചാപ്റ്റർ 2 വിന്റെ സൂചന നൽകി കൊണ്ടാണ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്.

Summary

Cinema News: Rishab Shetty, Jayaram and Rukmini Vasanth starrer Kantara Chapter 1 Review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com