

പ്രൊഡക്ഷൻ ക്വാളിറ്റിയിൽ സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് കാന്താര ചാപ്റ്റർ 1. 2022 ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായെത്തിയ കാന്താര 2 ഏഴാം ദിനവും വിജയക്കുതിപ്പ് തുടരുകയാണ്. 450 കോടിയാണ് ലോകമെമ്പാടുമായി ഇതുവരെ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഭൂതക്കോലത്തിലൂടെയാണ് കാന്താരയിൽ ഋഷഭ് ഷെട്ടി പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചത്.
പല തരത്തിലുള്ള മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് താൻ ആ കഥാപാത്രം ചെയ്തതെന്ന് ഋഷഭ് തന്നെ പലപ്പോഴായി പറഞ്ഞിരുന്നു. ഇപ്പോഴിതാ കാന്താരയിൽ ഭൂതകോലത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ഓഡിയോ എഫ്ക്ട് ചേർത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഋഷഭ്.
"യാതൊരു സൗണ്ട് എഫക്ടും നൽകിയിട്ടില്ല, അത് യഥാർഥ ശബ്ദമാണ്. ഭൂതക്കോലത്തെപ്പറ്റി നിരവധി വിഡിയോ ഞാൻ യൂട്യൂബിലും അല്ലാതെ നേരിട്ടും കണ്ടിട്ടുണ്ട്. അതിൽ എനിക്ക് കാണാൻ കഴിഞ്ഞത് അത് വെറും നിലവിളി ശബ്ദമല്ല, മറിച്ച് അതൊരു പ്രസ്താവനയാണ്. ഒരുപാട് ഇമോഷൻസ് കൂടിച്ചേരുന്ന ഒന്ന്. അതാണ് ഞാൻ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചത്.
ദൈവത്തോടുള്ള സംസാരം എന്ന നിലയിലാണ് അവസാന ഭാഗം ചിത്രീകരിച്ചത്. നിയമം, നീതി, ന്യായം എന്നിവയെല്ലാം വരുന്നതിന് മുൻപ് ദൈവമായിരുന്നു എല്ലാം. ദൈവത്തിനെ ഭയന്നും ആരാധിച്ചുമാണ് എല്ലാവരും കഴിഞ്ഞിരുന്നത്. ദൈവത്തെ എതിർക്കുന്നത് തെറ്റാണ് എന്നൊക്കെ മനുഷ്യർ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ഒരു ചിന്ത വച്ചാണ് അവസാന രംഗങ്ങൾ ചിത്രീകരിച്ചത്.
മറ്റു ഡയലോഗുകൾ ഒന്നുമില്ലാതെ പ്രേക്ഷകർക്ക് അത് മനസിലാക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നു".- ഋഷഭ് ഷെട്ടി പറഞ്ഞു. 125 കോടിയാണ് കാന്താരയുടെ ബജറ്റ്. ജയറാം, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ മറ്റ് സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. അജനീഷ് ലോകനാഥ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates