എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ റാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും പ്രകടനം കൈയടി നേടുകയാണ്. ആരാധകരെ ആവേശത്തിലാക്കിയ ചിത്രം കണ്ട റാം ചരണിന്റെ ഭാര്യ ഉപാസനയുടെ സന്തോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
സിനിമ അവസാനിച്ചശേഷം തിയറ്ററിലെ ആരാധകരുടെ ആഘോഷത്തിൽ ഉപാസനയും പങ്കുചേർന്നു. ഫാൻസ് കീറിയെറിഞ്ഞ കടലാസ് കഷ്ണങ്ങൾ നിലത്തുനിന്നും എടുത്ത് സ്ക്രീനിലേയ്ക്ക് വീണ്ടും എറിയുകയാണ് ഉപാസന.
ബാഹുബലിക്ക് ശേഷം രാജമൗലി 650 കോടി ബജറ്റിൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം (ആർആർആർ). 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയർ എൻടിആർ) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ.
മൂന്നാം ദിനം അഞ്ഞൂറ് കോടി ക്ലബ്ബിൽ
റിലീസ് ചെയ്ത് മൂന്നാം ദിനം അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ആർആർആർ. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കലക്‌ഷൻ 31 കോടിയാണ്. നാലാം ദിനത്തോട് അടുക്കുമ്പോൾ ഹിന്ദി പതിപ്പിൽ നിന്നും മാത്രം 71 കോടി കലക്‌ഷൻ ലഭിച്ചു.ഓവർസീസ് അവകാശങ്ങളിൽ നിന്നും 69 കോടി. തെലുങ്കിൽ നിന്നും ആദ്യദിനം തന്നെ 127 കോടിയാണ് വാരിക്കൂട്ടിയത്. മറ്റ് സംസ്ഥാനങ്ങളിലെ ആദ്യദിന കണക്കുകൾ: കർണാടക 16 കോടി, തമിഴ്നാട് ഒൻപത് കോടി, കേരളം നാല് കോടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates