

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് രേണു സുധി. അന്തരിച്ച മിമിക്ര താരം കൊല്ലം സുധിയുടെ ഭാര്യയായ രേണു ഇന്ന് സോഷ്യല്‍ മീഡിയ താരമാണ്. രേണുവിന്റെ ഡാന്‍സ് റീലുകളും മറ്റ് വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. സിനിമകളും മ്യൂസിക് വീഡിയോകളുമായി അഭിനയത്തില്‍ സജീവമായി മാറുകയാണ് രേണു. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ആക്രമണവും നേരിടേണ്ടി വരാറുണ്ട് രേണുവിന്.
പക്ഷെ തനിക്കെതിരായ വിമര്‍ശനങ്ങളും അധിക്ഷേപവുമൊന്നും രേണുവിനെ തളര്‍ത്തുന്നില്ല. ജീവിതവും കരിയറുമൊക്കെ മുന്നോട്ട് കൊണ്ടു പോകാനുള്ള തിരക്കിലാണ് രേണു. ഇതിനിനടെ ഇപ്പോഴിതാ രേണുവിനെക്കുറിച്ചുള്ള എഴുത്തുകാരി എസ് ശാരദക്കുട്ടിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.
നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവര്‍ തന്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ് എന്നാണ് ശാരദക്കുട്ടി പറയുന്നത്.
ശാരദക്കുട്ടിയുടെ വാക്കുകള്‍
ചാനലുകളിലെ കോമഡി പ്രോഗ്രാം ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്കറിയുമായിരുന്നില്ല.
എന്നാല്‍, അദ്ദേഹത്തിന്റെ മരണദിവസം മുതല്‍ രേണു സുധിയെ അറിയാം. പെര്‍ഫോമര്‍ ആയ രേണു സുധിയുടെ ഭര്‍ത്താവ് എന്ന നിലയിലല്ലാതെ കൊല്ലം സുധിയെ ഒരു പെര്‍ഫാമറായി ഞാന്‍ കണ്ടിട്ടേയില്ല. പിന്നോട്ടോടിപ്പോയി കാണണമെന്നൊന്നും തോന്നിയിട്ടുമില്ല.
രേണുസുധിയുടെ വീഡിയോയും റീല്‍സും നമ്മള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാന്‍ നിര്‍വ്വാഹമില്ല എന്ന തരത്തില്‍ തിക്കിത്തിരക്കി നമ്മളിലേക്ക് വരുന്നുമുണ്ട്.
ദാസ് എന്ന ഒരു ആര്‍ട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടന്‍ വരും രക്ഷാകര്‍ത്താക്കള്‍.!!
കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോള്‍ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാന്‍ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടിപ്പൊണ്ണെന്ന മട്ടില്‍ ഒന്നാന്തരം ഗെയ്മുകള്‍ കളിക്കാനറിയുന്ന രേണു സുധി ഇപ്പോള്‍ പറയുന്നതിലും മികച്ച വര്‍ത്തമാനം പറഞ്ഞുതുടങ്ങും ആളുകളിയും ആണുകളിയും മൂത്താല്‍.
അവര്‍ക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കില്‍ പോലും തന്റെ നിലം ഒരുക്കിയെടുക്കാന്‍ താന്‍ പെടുന്ന പാട്. കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമര്‍ഥ്യം. അതിനിടയില്‍, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവര്‍ തന്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ.
Renu Sudhi gets supports from Saradakutty amid ongoing social media attack.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
