സച്ചി കണ്ടെത്തിയ ഗോത്രതാളം; മലയാളക്കരയുടെ സ്വന്തം നഞ്ചിയമ്മ, 62-ാം വയസ്സില്‍ ദേശീയ പുരസ്കാരം
'എന്റെ മനസ്സിന് തൃപ്തിയായി... അടിപൊളിയായിട്ടുണ്ട്.... നമ്മുടെ രാജ്യത്തിന് നല്ലതുവരട്ടെ' മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെയുള്ള നഞ്ചിയമ്മയുടെ ആദ്യ പ്രതികരണം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് വേണ്ടി പാടിയ പാട്ടിന് കിട്ടുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. 2020ല്‍ കേരള സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.
അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ നിന്നും അറുപത്തിരണ്ടാം വയസ്സില്‍ നഞ്ചിയമ്മ ഡല്‍ഹിലേക്ക് നടന്നു കയറിയിരിക്കുന്നു. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ അത് മറ്റൊരു ചരിത്രമാകും.
അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നല്കുന്ന ആസാദ് കലാസംഘത്തില്‍ അംഗമായിരുന്ന നഞ്ചിയമ്മ, സിന്ധു സാജന് സംവിധാനം ചെയ്ത അഗ്ഗെദി നായഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയില്‍ പാടി അഭിനയിച്ചാണ് ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്. റാസി സംവിധാനം ചെയ്തു നിര്‍മിച്ച് 2017ല്‍ സംസ്ഥാന അവാര്‍ഡ് നേടിയ 'വെളുത്ത രാത്രികള്‍' എന്ന സിനിമയിലെ മൂന്നു പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. 2009ല്‍ ആദിവാസിപ്പാട്ട് വിഭാഗത്തില്‍ സംസ്ഥാന ഫോക്ലോര് അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയ്ക്കും വേണ്ടി ടൈറ്റില്‍ ഗാനം പാടാനായി സച്ചി നഞ്ചിയമ്മയെ കണ്ടെത്തിയതോടെ, നഞ്ചിയമ്മയുടെ ഗോത്രതാളം കേരളക്കര ഏറ്റെടുത്തു. ഇപ്പോള്‍ രാജ്യവും ഏറ്റുപാടുന്നു.
ഇരുള സമുദായത്തില്‍ നിന്നുള്ള നഞ്ചിയമ്മ, അട്ടപ്പാടി നക്കുപതി പിരിവ് ഊരിലാണ് താമസം. ഇരുള ഭാഷയിലാണ് നഞ്ചിയമ്മ ഈ ഗാനം എഴുതിയത്. അന്ന് പാടുന്ന സമയത്ത്, ഏത് സിനിമയ്ക്ക് വേണ്ടിയാണ് പാടുന്നത് എന്ന് അറിയില്ലായുരുന്നു എന്ന് നഞ്ചിയമ്മ പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അട്ടപ്പാടിയില്‍ ഒതുങ്ങി നിന്നിരുന്ന തനിക്ക് പുതിയ ലോകം കാണിച്ചു തന്ന സച്ചിയെപറ്റി പറയാതെ ഒരു വേദിയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല നഞ്ചിയമ്മ. അവാര്‍ഡും സമര്‍പ്പിക്കുന്നത് സച്ചിക്ക് തന്നെ. 'എന്നൈ നാടുകാണാന്‍ വച്ചൂ, എന്നൈ കാണാത്ത സ്ഥലങ്ങള്‍ കാണവച്ചു, എല്ലാം സച്ചി സാറാണ്...' അവാര്‍ഡ് കിട്ടിയ സന്തോഷം പകര്‍ത്താനെത്തിയ ക്യാമറ കണ്ണുകളോടും നഞ്ചിയമ്മയ്ക്ക് പറയാന്‍ ഈ വാക്കുകള്‍ മാത്രം...
ഈ വാര്‍ത്ത കൂടി വായിക്കൂ സൂര്യയും അജയ് ദേവ്ഗണും നടന്മാർ, മികച്ച നടി അപർണ ബാലമുരളി, സഹനടൻ ബിജു മേനോൻ, സച്ചി സംവിധായകൻ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

