

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങവെ അച്ഛനെ വേദിയിലേക്ക് ക്ഷണിച്ച വേടന്റെ വിഡിയോ വൈറലായി മാറുകയാണ്. അച്ഛനെ ചേര്‍ത്തു നിര്‍ത്തി സന്തോഷമായില്ലേ എന്ന വേടന്റെ ചോദ്യം ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതന്റെ സാരോപദേശത്തേക്കാള്‍ സന്തോഷിപ്പിച്ചുവെന്നാണ് സജി മാര്‍ക്കോസ് പറയുന്നത്. വേടന്റെ വിഡിയോ എല്ലാവരും കാണണമെന്നും സജി മാര്‍ക്കോസ് പറയുന്നു. ആ വാക്കുകളിലേക്ക്:
ഈ വീഡിയോ എല്ലാവരും കാണണം. അവസാനം അപ്പന്റെ തോളില്‍ കൈയ്യിട്ടുകൊണ്ട് 'സന്തോഷമായില്ലേ' എന്ന ചോദ്യം കേട്ടപ്പോള്‍ കണ്ണും മനസും നിറഞ്ഞു. അമ്മ മരിച്ചു കിടക്കുമ്പോഴും വെറുപ്പും ആഭാസത്തരവും പറയുന്ന സ്‌ക്രീന്‍ ഷോട്ടുകളായിരുന്നു ഇന്നലെ സ്ട്രീം നിറയെ. അവിടെയാണിതിന്റെ പ്രസക്തി. ഇനിയും അമ്മയും അപ്പനും ജീവിച്ചിരിക്കുന്നവരോട് ഒരു കാര്യം പറയാനുണ്ട്. നമ്മള്‍ ജീവിച്ചിരിക്കുന്ന ലോകത്തെക്കുറിച്ച്, നമ്മുടെ മൂല്യങ്ങളെക്കുറിച്ച്, നമ്മുടെ ദൈവ സങ്കല്പത്തെക്കുറിച്ച്, ദൈവമില്ല എന്ന ബോധ്യങ്ങളെക്കുറിച്ച്, -അവര്‍ക്ക് ഒന്നുമറിയില്ല.
തലമുറകള്‍ തമ്മിലുള്ള അന്തരം അത്രയ്ക്കും വലുതാണ്. പത്ത് തലമുറകള്‍കൊണ്ട് വന്നിരുന്നതിലും കൂടുതല്‍ അന്തരം നമ്മുടെ ഒറ്റത്തലമുറയില്‍ വന്നിട്ടുണ്ട്. അത് അവരുടെ കുറ്റമല്ല. അവരുടെ മണ്ടത്തരങ്ങള്‍ പൊറുക്കാവുന്നതേയുള്ളു, പരസ്യമായി അവഹേളിക്കേണ്ടതില്ല. എന്റെ അമ്മ കുറച്ചുകാലം കൂടി ജീവിച്ചിരുന്നു എങ്കില്‍ എന്ന് എനിക്ക് ഇപ്പോള്‍ ആഗ്രഹമുണ്ട്. കുറച്ചുകൂടി നന്നായി ഇടപെടാന്‍, സ്‌നേഹിക്കാന്‍, അത് പ്രകടിപ്പിക്കാന്‍ ഇന്ന് എനിക്ക് അറിയാം. 'എമ്പതി' എന്നൊരു സംഭവം കുറച്ച് എന്നില്‍ ഉണ്ടായിട്ടുണ്ട്. ഞാനാണ് മാറേണ്ടത് എന്ന നല്ല ബോധ്യം ഇന്നെനിക്കുണ്ട്.
മക്കള്‍ ഉള്ളവരോട്: മക്കളുടെ മഹാമനസ്‌കത കൊണ്ടാണ്, നമ്മളെ സഹിക്കുന്നതും സ്‌നേഹിക്കുന്നതും. അത്രയ്ക്കും മോശമായ മൂല്യങ്ങളും വിശ്വാസങ്ങളും പെരുമാറ്റങ്ങളും സംസാരങ്ങളുമാണ് നമ്മുടേത്. അവരുടെ ഭാഷ പോലും നമുക്ക് മനസിലാകുന്നതല്ല. പക്ഷേ, നമ്മള്‍ ചത്ത് മലച്ചു കിടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ പുലഭ്യം പറയും എന്ന് എനിക്ക് തോന്നുന്നില്ല. കാരണം അവര്‍ നമ്മളെക്കാള്‍ നല്ലവരാണ്.
ഞാന്‍ എഡ്വിനെ വളര്‍ത്തിയത് നന്നായിട്ടല്ല. മോശം അപ്പനായിരുന്നു. തല്ലുമായിരുന്നു, എന്റെ ഇഷ്ടവും ചിന്തകളും അടിച്ചെല്പിക്കുമായിരുന്നു. അക്കാലമെല്ലാം സ്‌നേഹത്തിന്റെ ധാര മുറിയാതെ നിലനിര്‍ത്തിയത് അവനായിരുന്നു. ഇന്ന് മക്കളുമായി നല്ല ബന്ധം നിലനില്‍ക്കുന്നത് അവരുടെ നന്മ കൊണ്ടാണ്. നമ്മുടെ മാതാപിതാക്കളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, അവരെ മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നമ്മുടെ മാത്രം പ്രശ്‌നമാണ്. അവരുടേതല്ല.
രക്ഷിതാക്കളുമായുള്ള ബന്ധത്തെ റൊമാന്റിസൈസ് ചെയ്യുകയല്ല. അവര്‍ കുറച്ച് മുന്‍പേ ജനിച്ചു ജീവിച്ചു മരിച്ചു- അത്രയുമേയുള്ളൂ. അതിന്റെയിടയില്‍ നമ്മള്‍ ജനിച്ചു , അവരോടൊപ്പം വളര്‍ന്നു, അതില്കൂടുതല്‍ മാഹാത്മ്യമൊന്നുമില്ല. പക്ഷേ , അവര്‍ പുലര്‍ത്തിയിരുന്ന വിശ്വാസങ്ങളോ, അവിശ്വാസങ്ങളോ എന്നില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്നത്, അവരെ അവഹേളക്കിക്കുവാനുള്ള കാരണമാകുന്നില്ല.
ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. (ബൈബിള്‍). വേടന്റെ 'സന്തോഷമായില്ലേ' എന്ന ചോദ്യത്തിലെ സ്‌നേഹം, ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതന്റെ സാരോപദേശത്തെക്കാളെന്നെ സന്തോഷിപ്പിച്ചു. ആ ചോദ്യം നമ്മള്‍ ഇഷ്ടപെടുന്നവരോട് നമുക്ക് വേണ്ടപ്പെട്ടവരോട് ചോദിക്കാന്‍ കഴിയണം. അവര്‍ ആരായിരുന്നാലും നമ്മള്‍ എങ്ങിനെ ഇടപെടുന്നു എന്നതാണ് കാര്യം. അപ്പോഴേ നമ്മള്‍ മനുഷ്യരാകുന്നുള്ളൂ. ഇല്ലെങ്കില്‍ ശാപ്പാട് മലം ആക്കുന്ന മറ്റൊരു ജീവി മാത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates