

കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ തൊഴില്‍രഹിതയാണെന്ന് നടി സജിത മഠത്തില്‍. എഴുത്തിലൂടേയും വല്ലപ്പോഴും കിട്ടുന്ന അഭിനയത്തിലൂടേയും ജീവിച്ചു പോകാനുള്ളത് കിട്ടും. തന്റെ ഈ ചെറിയ ജീവിതത്തില്‍ സന്തോഷവതിയാണെന്നും സജിത മഠത്തില്‍. വീട്ടില്‍ വെറുതെ ഇരിക്കാന്‍ തനിക്ക് കൂട്ട് പുസ്തകങ്ങള്‍ ആണെന്നും സജിമ മഠത്തില്‍.
അതേസമയം കേരളത്തിന് അകത്തും പുറത്തുമായി തന്നെ പരിപാടികള്‍ക്ക് വിളിക്കുന്നവര്‍, ആ പരിപാടികള്‍ തന്റെ ആവശ്യമായി കാണരുതെന്നും സജിത പറയുന്നു. പോയി വണ്ടികൂലിക്കു കാശു ഉണ്ടോ എന്നു പോലും ചോദിക്കാത്തത്തില്‍ ദുഃഖത്തോടെ മടങ്ങി വന്ന സന്ദര്‍ഭം കുറെ തവണ ഉണ്ടായിട്ടുണ്ടെന്നും സജിത മഠത്തില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
ഞാന്‍ ഈ വര്‍ഷം നന്നാവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇവ തുറന്നു പറയണമെന്ന് കരുതുന്നത്. കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ ഞാന്‍ തൊഴില്‍ രഹിതയാണ്. കുടുംബ സ്വത്തോ, നീക്കിയിരിപ്പോ ജീവിതസാഹചര്യങ്ങളാല്‍ എനിക്ക് ഇല്ല. പക്ഷെ എനിക്ക് ജീവിച്ചു പോകാനുള്ളത് ഞാന്‍ എഴുത്തും, വല്ലപ്പോഴും കിട്ടുന്ന അഭിനയവും, മറ്റു ജോലികളും ആയി ഉണ്ടാക്കുന്നുണ്ട്, എന്റെ ചെറിയ ജീവിതത്തില്‍ ഏറെ സന്തോഷവതിയും ആണ്.
വീട്ടില്‍ വെറുതെ ഇരിക്കാന്‍ ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍. അവിടെ എനിക്ക് മിണ്ടാന്‍ കുറെ കഥാപാത്രങ്ങളെ ലോകം ചുറ്റുന്നതിനിടയില്‍ ഞാന്‍ വാങ്ങിച്ചു വെച്ചിട്ടുണ്ട്. എത്ര കാലം വേണമെങ്കിലും ആ ലോകത്തു സമാധാനമായി ഞാന്‍ ജീവിക്കും.
പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. കേരളത്തിനകത്തും പുറത്തും പരിപാടികളില്‍ പങ്കെടുക്കാന്‍ വിളിക്കുന്ന സുഹൃത്തുക്കളോടും പരിചയക്കാരോടും ആണ്, നിങ്ങള്‍ എന്നെ ഓര്‍ക്കുന്നതിലും പരിപാടികളില്‍ പങ്കെടുപ്പിക്കണം എന്ന് തീരുമാനിക്കുന്നതും എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് താല്പര്യമുള്ള വിഷയങ്ങളില്‍ യാതൊരു മടിയുമില്ലാതെ ഞാന്‍ അങ്ങോട്ട് ആവശ്യപെട്ടു പങ്കെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും.
പക്ഷെ നിങ്ങളുടെ പരിപാടികള്‍ എന്റെ ആവശ്യമാക്കി മാറ്റരുത്. സംസാരിക്കാനുള്ള വിഷയം പഠിച്ചു, അതിനു കുറെ സമയം ചിലവഴിച്ചു യാത്ര ചെയ്തു പോയി വണ്ടികൂലിക്കു കാശു ഉണ്ടോ എന്നു പോലും ചോദിക്കാത്തത്തില്‍ ദുഃഖത്തോടെ മടങ്ങി വന്ന സന്ദര്‍ഭം കുറെ തവണ ഉണ്ടായിട്ടുണ്ട്. സജിതക്കു പണത്തിന്റെ ആവശ്യം ഇല്ലല്ലോ എന്നു കരുതുന്നവര്‍ സിനിമ മേഖലയിലെ അറ്റത്തു നില്കുന്നവര്‍ക്ക് പോലും വലിയ പ്രതിഫലം നല്‍കാന്‍ ഉത്സാഹം കാണിക്കും.
മിനിമം മര്യാദ കാണിക്കുന്നവരോട് മാത്രമേ ഇനി കൂട്ട് കൂടുന്നുള്ളൂ എന്നു ഞാന്‍ തീരുമാനിച്ചു. എന്റെ സമയം എനിക്ക് വിലപ്പെട്ടതാണ്. ചിലവഴിച്ച മണിക്കൂറുകള്‍ അനുസരിച്ചു റീസണബിള്‍ ആയ പ്രതിഫലം കിട്ടുക, നല്‍കുക എന്നത് മിനിമം മര്യാദയാണ്. അതു ചോദിക്കുക പോലും ഇല്ലാതെ പരിപാടികളില്‍ ഇനി പങ്കെടുക്കണം എന്നു എന്നെ നിര്‍ബന്ധിക്കരുത്. മിനിമം ചോദിക്കുകയെങ്കിലും വേണം!
(അടുത്തപടിയായി കൃത്യമായി എഴുതി തയ്യാറാക്കിയ കരാർ ഇല്ലാത്ത സ്ഥാപനങ്ങളുമായുള്ള അസൈന്‍മെന്റ് എടുക്കേണ്ടതില്ല എന്നും തീരുമാനിക്കേണ്ടതുണ്ട്.) ഞാന്‍ നന്നാവാന്‍ തന്നെ തീരുമാനിച്ചു. (ഇത്രയും എഴുതിയത് കുറെ ആലോചിച്ചാണ്. ക്ഷമിക്കണം. നിവൃത്തി ഇല്ലാഞ്ഞിട്ടാണ്)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates