

അടുത്തിടെയാണ് തനിക്ക് ട്രൈജെമിനല്‍ ന്യുറോള്‍ജിയ എന്ന നാഡീ സംബന്ധമായ അവസ്ഥ സ്ഥിരീകരിച്ചതായി നടന്‍ സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തിയത്. കടുത്ത വേദനയിലൂടെയാണ് താന്‍ കടന്നു പോയിരുന്നതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ അവസ്ഥയെക്കുറിച്ചും സര്‍ജറിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സല്‍മാന്‍ ഖാന്‍.
കജോളും ട്വിങ്കിള്‍ ഖന്നയും അവതരിപ്പിക്കുന്ന ടു മച്ചില്‍ ആമിര്‍ ഖാനൊപ്പം എത്തിയപ്പോഴാണ് സല്‍മാന്‍ ഖാന്‍ മനസ് തുറന്നത്. ഇതാദ്യമായിട്ടാണ് തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍ ഇത്രയും വിശദമായി സംസാരിക്കുന്നത്.
''എനിക്ക് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ ആയിരുന്നു. കഠിനമായ വേദനയായിരുന്നു. ഏറ്റവും വലിയ ശത്രുവിന് പോലും ഇങ്ങനൊരു അവസ്ഥ ആഗ്രഹിക്കില്ല. ഞാനിത് ഏഴെട്ട് വര്‍ഷം കൊണ്ടു നടന്നു'' എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.
''ഓരോ നാല്-അഞ്ച് മിനിറ്റിലും വേദനയുണ്ടാകും. പ്രഭാതഭക്ഷണം കഴിക്കാന്‍ പോലും ഒന്നൊന്നര മണിക്കൂര്‍ വേണ്ടി വരും. അതിനാല്‍ ഞാന്‍ നേരെ ഡിന്നറാണ് കഴിക്കുക. ഒരു ഓംലറ്റ് കഴിക്കുമ്പോള്‍ പോലും ചവക്കാന്‍ സാധിച്ചിരുന്നില്ല. അത്രയായിരുന്നു വേദന. സ്വയം നിര്‍ബന്ധിച്ചാണ് കഴിക്കുക'' എന്നും താരം പറയുന്നു. വേദനസംഹാരികള്‍ക്ക് പോലും തന്നെ സഹായിക്കാനായില്ലെന്നും താരം പറയുന്നു.
തുടക്കത്തില്‍ ഡോക്ടര്‍മാര്‍ കരുതിയത് പല്ലിനാണ് പ്രശ്‌നം ആണെന്നായിരുന്നു. എന്നാല്‍ വെള്ളം കുടിക്കാന്‍ പോലും പറ്റാത്ത അത്ര വേദനയായതോടെയാണ് പ്രശ്‌നം നാഡീസംബന്ധമാണെന്ന് ബോധ്യപ്പെടുന്നത്. 2007 ല്‍ പാര്‍ട്ണര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ലാറ ദത്ത തന്റെ മുഖത്തു നിന്നും മുടിയിഴ നീക്കം ചെയ്തപ്പോഴാണ് ആദ്യമായി വേദന അനുഭപ്പെട്ടതെന്നും സല്‍മാന്‍ പറയുന്നു.
സല്‍മാന്റെ രോഗാവസ്ഥയെ സൂയിസെെഡ് ഡിസീസ് എന്നും വിളിക്കാറുണ്ട്. അത്രമാത്രം ആളുകള്‍ വേദന സഹിക്കാതെ ആത്മഹത്യ ചെയ്യുന്നതിനാലാണതെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. പലരും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും എന്താണ് തങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതില്ല. അതിനാലാണ് തന്റെ അവസ്ഥ പറയാന്‍ തീരുമാനിച്ചതെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.
''ഇപ്പോള്‍ വളരെ എളുപ്പത്തില്‍ ചികിത്സിക്കാം. ഗാമ നൈഫ് സര്‍ജറിയുണ്ട്. ഏഴെട്ട് മണിക്കൂര്‍ മുഖത്ത് സ്‌ക്രൂ ചെയ്തു വെക്കും. ഗാമ നൈഫുമായി കിടത്തും'' എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. എട്ട് മണിക്കൂര്‍ നീണ്ടു നിന്നതാണ് തന്റെ സര്‍ജറിയെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. സര്‍ജറിയ്ക്ക് ശേഷം വേദന 20-30 ശതമാനം കുറയുമെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ പൂര്‍ണമായും വിട്ടുപോയെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.
വൈദശാസ്ത്രത്തിന് പരിചിതമായതില്‍ ഏറ്റവും വേദനാജനകമായ രോഗമാണ് ട്രൈജെമിനല്‍ ന്യുറാള്‍ജിയ. മുഖത്ത് സംവേദനങ്ങള്‍ സാധ്യമാകുന്ന നാഡിയെയാണ് രോഗം ബാധിക്കുക. ചെറിയ സ്പര്‍ശനമേല്‍ക്കുമ്പോഴും കാറ്റ് തട്ടുമ്പോഴും ചിരിക്കുമ്പോള്‍ പോലും മുഖത്ത് ഷോക്കേറ്റത് പോലെ കഠിനമായ വേദനയനുഭവപ്പെടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates