

നടൻ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം താൻ നേരിട്ട സാമൂഹിക സമ്മർദ്ദങ്ങളെയും തനിക്കുമേൽ ചാർത്തപ്പെട്ട ലേബലുകളെക്കുറിച്ചും വെളിപ്പെടുത്തി സാമന്ത. തന്റെ വെളുത്ത വിവാഹ വസ്ത്രം കറുപ്പ് നിറത്തിൽ പുതിയ വസ്ത്രമാക്കി മാറ്റിയ വിഡിയോ സാമന്ത ഇൻസ്റ്റഗ്രാമിലൂടെ മുൻപ് പങ്കുവച്ചിരുന്നു. എന്നാൽ ഇതൊരു പ്രതികാര നടപടിയായിരുന്നില്ലെന്നും സാമന്ത പറഞ്ഞു.
ഒരു സ്ത്രീ വിവാഹമോചനത്തിന്റെ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ അപമാനവും നാണക്കേടുമാണ് സമൂഹം അവർക്ക് മേൽ ചാർത്തി നൽകുന്നതെന്നും സാമന്ത ഒരഭിമുഖത്തിൽ പറഞ്ഞു. "നിർഭാഗ്യവശാൽ, നമ്മൾ ജീവിക്കുന്നത് ഒരു പുരുഷാധിപത്യ സമൂഹത്തിലാണ്. എപ്പോഴെങ്കിലും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അവിടെ സ്ത്രീയെ കുറ്റക്കാരിയാക്കും.
പുരുഷൻമാരെ അങ്ങനെ പറയില്ല എന്നല്ല ഞാൻ പറഞ്ഞത്. എന്നാൽ സോഷ്യൽ മീഡിയയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും സ്ത്രീകൾക്ക് പല തരത്തിലുള്ള ന്യായവിധികളും അപമാനവും നേരിടേണ്ടി വരും. ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നു പോകുമ്പോൾ ആ വിവാഹമോചനത്തിനൊപ്പം നാണക്കേടും അപമാനവും കൂടിയാണ് അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
സെക്കന്റ് ഹാൻഡ് എന്നും ഉപയോഗിക്കപ്പെട്ടവളാണ് ഞാൻ എന്നും, ഞാൻ പാഴാണെന്നും അല്ലെങ്കിൽ എന്റെ ജീവിതം നാശമായിപ്പോയി എന്നും ഒക്കെ പലരും പറഞ്ഞു. നാണക്കേടും പരാജയവും കുറ്റബോധവും നിറഞ്ഞ ഒരു ജീവതമാണ് എന്റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു കോണിലേക്ക് ഞാൻ തള്ളപ്പെട്ടു. എനിക്ക് തോന്നുന്നത് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോവുക എന്നത് വലിയ പാടുള്ള കാര്യമാണെന്നാണ്.
ഞാൻ എന്തുകൊണ്ട് അത് ചെയ്തു എന്ന് ചോദിച്ചാൽ ആദ്യം എന്നെ അത് വളരെധികം വേദനിപ്പിച്ചിരുന്നു. എന്നാൽ ഞാൻ അത് മാറ്റി മറിക്കാൻ ആഗ്രഹിച്ചു. അതെ ഞാൻ വിവാഹമോചിതയാണ്, ഞാൻ വേർപിരിഞ്ഞതാണ് എന്ന് ഞാൻ തന്നെ അംഗീകരിച്ചു. പക്ഷേ അതിനർത്ഥം ഞാൻ ഒരു കോണിലേക്ക് മാറി നിന്ന് എന്റെ ജീവിതം കരഞ്ഞു തീർക്കണം എന്നല്ല. അതൊരു പ്രതികാരമൊന്നും ആയിരുന്നില്ല. നിങ്ങൾക്ക് അത് കണ്ടാൽ അങ്ങനെ തോന്നുമായിരുന്നിരിക്കാം.
പക്ഷേ അതങ്ങനെയായിരുന്നില്ല. എന്റെ ജീവിതത്തിൽ ഇത്തരം ഒരു കാര്യം സംഭവിച്ചു എന്നത് കൊണ്ട് എന്റെ ജീവിതം അവിടെ അവസാനിക്കുന്നില്ല, അത് അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്നും ഞാൻ വീണ്ടും ആരംഭിക്കുകയാണ്. ഞാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ്. ഞാൻ ഒരുപാട് വളർന്നിരിക്കുന്നു. അതിശയകരമായ ജോലികൾ ഞാനിപ്പോൾ ചെയ്യുന്നു. എൻ്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിനായി ഞാൻ കാത്തിരിക്കുകയാണ്.
എന്നെക്കുറിച്ച് പല അസത്യങ്ങളായ കാര്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇതൊന്നും സത്യമല്ലെന്നും വിശ്വസിക്കരുതെന്നും പുറത്തേക്ക് വന്നു വിളിച്ചു പറയാൻ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ സത്യങ്ങൾ സമൂഹത്തിന് മുന്നിൽ വിളിച്ചു പറയാൻ നമുക്ക് തോന്നിയേക്കാം. പക്ഷേ അങ്ങനെ ഞാൻ പറയുന്നത് കൊണ്ട് എനിക്ക് എന്താണ് ലഭിക്കുക? എന്റെ വശം ഞാൻ പറയുമ്പോൾ ഒരു നിമിഷത്തേക്ക് ആളുകൾക്ക് വേണമെങ്കിൽ എന്നോട് സ്നേഹം തോന്നാം.
പക്ഷേ മൂന്ന് ദിവസത്തിന് ശേഷം ഞാൻ എന്തെങ്കിലും മണ്ടത്തരം കാണിച്ചാൽ അവർ വീണ്ടും തിരിച്ച് എന്നെ വെറുക്കാൻ തുടങ്ങും. അതുകൊണ്ട് തന്നെ എനിക്ക് ആ തോന്നലിനെ തടയണമെന്ന് തോന്നി. സത്യമെന്തൊണെന്ന് എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അറിയാമല്ലോ, ബാക്കിയുള്ളവർ എന്തു വിശ്വസിക്കുന്നുവോ അതെന്നെ ബാധിക്കേണ്ടതില്ലല്ലോ എന്ന് ഞാൻ പിന്നീട് ചിന്തിക്കാൻ തുടങ്ങി.
എന്റെ ഇത്രയും നാളത്തെ ജീവിതം മുഴുവൻ ഞാൻ മറ്റുള്ളവരാൽ സ്നേഹിക്കപ്പെടാനും അഭിനന്ദിക്കപ്പെടാനുമാണ് ആഗ്രഹിച്ചത്. എന്നാൽ ഇപ്പോൾ ആളുകൾ എന്താണോ എന്നെക്കുറിച്ച് വിശ്വസിക്കുന്നത് അതിനെതിരെ ഞാൻ പോരാടാൻ തുടങ്ങി. അവർ എന്ത് വേണമെങ്കിലും എന്നെക്കുറിച്ച് കരുതിക്കോട്ടെ". സാമന്ത കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates