

സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണെങ്കിലും മലയാളികൾക്ക് നടി സംവൃത സുനിലിനോടുള്ള സ്നേഹത്തിൽ ഇതുവരെ ഒരു കുറവും വന്നിട്ടില്ല. സംവൃത പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ താഴെ നിറയുന്ന സ്നേഹാന്വേഷണങ്ങൾ മാത്രം മതി അത് മനസിലാക്കാൻ. ഇപ്പോഴിതാ 14 വർഷങ്ങൾക്ക് മുൻപ് നടന്ന തന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് സംവൃത.
വിവാഹത്തിന് മുൻപ് നടന്ന മെഹന്ദി ചടങ്ങിന്റേയും വിവാഹദിവസത്തെ ചിത്രങ്ങളുമാണ് നടി പോസ്റ്റ് ചെയ്തത്. താൻ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന, ഏറെ വിലമതിക്കുന്ന 2012-ലെ ചില നിമിഷങ്ങളാണ് ഇതെന്ന് ചിത്രങ്ങൾക്കൊപ്പം സംവൃത കുറിച്ചു. ഇതുവരെ സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.
മെഹന്ദിക്കായി പ്രത്യേകം വസ്ത്രം ഡിസൈൻ ചെയ്ത ഡിസൈനർക്കും വിവാഹത്തിന് ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റിനും സംവൃത നന്ദി പറഞ്ഞു. എസ്എൽ ആനന്ദാണ് അന്ന് വിവാഹ ചിത്രങ്ങൾ പകർത്തിയത്. പച്ച നിറത്തിലുള്ള സ്‌കർട്ടും നീല ടോപ്പും ചുവപ്പ് ഷാളുമാണ് മെഹന്ദി ആഘോഷത്തിന് സംവൃത ധരിച്ചത്.
വിവാഹത്തിന് സെറ്റ് സാരി ഉടുത്ത് നിറയെ സ്വർണാഭരണങ്ങൾ അണിഞ്ഞ സംവൃതയേയും ചിത്രങ്ങളിൽ കാണാം. വിവാഹ റിസപ്ഷനിടെ എടുത്ത ഭർത്താവ് അഖിലിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പച്ച, പിങ്ക്, ഗോൾഡൻ നിറങ്ങൾ ചേർന്ന ലെഹങ്കയായിരുന്നു വിവാഹ വിരുന്നിൽ സംവൃതയുടെ ഔട്ട്ഫിറ്റ്.
2012 നവംബർ ഒന്നിനായിരുന്നു സംവൃതയുടെയും അഖിലിന്റെയും വിവാഹം. വിവാഹത്തിന് ശേഷം ഭർത്താവ് അഖിലിനൊപ്പം യുഎസിലേക്ക് താമസം മാറിയ സംവൃത അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. 11 വയസുകാരനായ അഗസ്ത്യയും ആറു വസയുകാരനായ രുദ്രയും. സത്യം പറഞ്ഞാ വിശ്വസിക്കുവോ ? ആണ് സംവൃത അഭിനയിച്ച് ഒടുവിലെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates