

നടി മഞ്ജു വാര്യരോട് തനിക്ക് പ്രണയമാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാൽ ആ ഇഷ്ടം തുറന്നുപറയാൻ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നായിരുന്നു സനൽ കുമാർ ആരോപിച്ചത്. ഇത് സംബന്ധിച്ച് നിരന്തരം ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ മഞ്ജു സനലിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
നടിയുടെ പരാതിയിൽ പൊലീസ് സനലിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. നിലവിൽ അമേരിക്കയിലാണ് സനൽ കുമാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യരെ കുറിച്ച് വീണ്ടും ഫെയ്സ്ബുക്കിലൂടെ പോസ്റ്റുകൾ പങ്കുവെയ്ക്കുകയാണ് സനൽ.
മഞ്ജു വാര്യർക്ക് തന്നോട് പ്രണയമാണെന്നും അവർ തന്നോട് സംസാരിച്ച കോൾ റെക്കോഡുകൾ പങ്കുവെയ്ക്കുകയാണെന്നും അവകാശപ്പെട്ട് ഒരു ഓഡിയോ ക്ലിപ്പും സനൽ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. എന്നാൽ അത് മഞ്ജുവിന്റെ ശബ്ദം അല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ഇക്കാര്യത്തിൽ കുറിപ്പുമായെത്തിയിരിക്കുകയാണ് സനൽ.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനിൽക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോൾ. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തിൽ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരുമായിക്കോട്ടെ, ഒരു സ്ത്രീയെ അവൾക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാൽ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.
അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാൽ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരി തന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോൽവി സമ്മതിച്ചു.
മുൻപ്, നിന്റെ മൗനം എന്നിൽ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു. ഇപ്പോൾ ഭയവും ആധിയുമാണ്. നിന്നെയോർക്കുമ്പോൾ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയിൽ ഒഴുക്കിവിടുമ്പോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയിൽ എന്തൊക്കെയോ കുറിക്കുന്നു.
നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം!
സനലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനവുമായെത്തിയത്. ഇതിന് സനൽ മറുപടിയും നൽകിയിട്ടുണ്ട്. "അവർക്ക് പരസ്യമായി പറയാൻ കഴിയില്ല, ഒരു വിഡിയോ കാൾ പോലും അനുവദിക്കാത്ത അവസ്ഥയാണ് എന്നാണ് അവർ എന്നോട് പറഞ്ഞത്. പരസ്യമായി ഒരു ലൈവ് പോയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു.
എന്തിനു രഹസ്യമായി നിഷേധിക്കണം?. അല്ലെങ്കിൽ ഒരു പത്ര സമ്മേളനം നടത്തി പറയട്ടെ. എനിക്കെതിരെ കൊടുത്ത കേസിന്റെ സത്യാവസ്ഥയും പറയാമല്ലോ. അതിൽ തെളിവ് കൊടുക്കട്ടെ. എന്തിന് മൗനം പാലിക്കുന്നു?" - എന്നും സനൽ കുമാർ കുറിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍ നായികയായ ‘കയറ്റം’ എന്ന സിനിമ കഴിഞ്ഞ ദിവസമാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates