

വളരെ അടുത്ത സുഹൃത്തുക്കളാണ് സഞ്ജു സാംസണും ബേസില്‍ ജോസഫും. സഞ്ജുവിന്റെ പ്രകടനങ്ങളെ ആഘോഷിക്കുന്ന ബേസിലിനേയും, ബേസിലിന്റെ സിനിമകളെ കൊണ്ടാടുന്ന സഞ്ജുവിനെയും കണ്ടിട്ടുണ്ട്. ബേസിലിന്റെ ഏറ്റവും പുതിയ ചിത്രമാണ് അതിരടി. കേരളത്തില്‍ നേടിയ വിജയത്തിന് പിന്നാലെ അതിരടി തമിഴിലുമെത്തുമ്പോള്‍ ട്രെയിലര്‍ ലോഞ്ചിന് സഞ്ജുവും എത്തിയിരുന്നു.
നേരത്തെ, സഞ്ജുവിനെ അതിരടിയിലെ അതിഥി വേഷത്തിലേക്ക് ആലോചിച്ചിരുന്നുവെന്ന് ബേസില്‍ വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് താന്‍ അതിരടിയില്‍ അഭിനയിക്കാതിരുന്നതെന്ന് അതിരടിയുടെ തമിഴ് ഇവന്റില്‍ സംസാരിക്കവെ സഞ്ജു സാംസണ്‍ മനസ് തുറന്നിരിക്കുകയാണ്.
സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്തുകൊണ്ട് പോയില്ല? എന്ന അവതാരകയുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് സഞ്ജു നല്‍കിയത്. 'വളരെ ചെറിയ വേഷമാണ് തന്നത്. അതുകൊണ്ടാണ് ചെയ്യാതിരുന്നത്. തരുമ്പോള്‍ കുറച്ച് വലുത് തരണമെന്ന് പറഞ്ഞു. ഇവന്‍ ഭയങ്കര വലിയ സംവിധായകന്‍ ആണ്. അതിനാല്‍ ഇവനു തന്നെ അറിയാം എനിക്ക് എങ്ങനെയുള്ള വേഷം തരണമെന്ന്'' എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
എന്ത് തരം വേഷമാണ് സഞ്ജുവിന് നല്‍കേണ്ടതെന്ന് ചോദിച്ചപ്പോള്‍ മാസ് ആയ സ്റ്റൈലായ വേഷമാണെന്നായിരുന്നു ബേസിലിന്റെ മറുപടി. ഇതും മാസാണ്. ഓട്ടോ ഡ്രൈവറുടേതാണ് എന്നും ബേസില്‍ പറഞ്ഞു. അപ്പോള്‍ തമിഴ്‌നാട്ടില്‍ പണ്ട് മുതലേ ഓട്ടോ ഡ്രൈവറും മാസാണ് എന്നായിരുന്നു സഞ്ജുവിന്റെ കൗണ്ടര്‍.
''ഇങ്ങനെയൊന്ന് മുന്‍പ് ഞാന്‍ ചെയ്തിട്ടില്ല. സുഹൃത്ത് വിളിച്ചാല്‍ വന്നല്ലേ പറ്റൂ. അതുകൊണ്ട് വന്നതാണ്. വലിയ സന്തോഷമുണ്ട്. ബേസിലിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. എല്ലാ സൗഹൃദങ്ങളേയും പോലെ തന്നെയാണ് ഞങ്ങളും. ക്രിക്കറ്റര്‍ എന്ന നിലയില്‍ ഞാന്‍ എങ്ങനെയാണെന്ന് അവനും, സിനിമ താരം എന്ന നിലയില്‍ അവന്‍ എങ്ങനെയാണെന്ന് അവനും അറിയാം. ബേസില്‍ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഒരാളായിട്ടാണ് എല്ലാവര്‍ക്കും അറിയുന്നത്. പക്ഷെ ശരിക്കും വളരെ സീരീയസ് ആയ വ്യക്തിയാണ്. ജോലിയുടെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ്.'' എന്നും സഞ്ജു പറഞ്ഞു.
''ബേസിലിന്റെ ആദ്യത്തെ നിര്‍മാണമാണ്. അവന്‍ അതിനായി ഇട്ട എഫേര്‍ട്ട് എനിക്കറിയാം. അതിനാലാണ് വന്നത്. അവന്‍ ഒരു കാര്യത്തില്‍ കമ്മിറ്റ് ആയാല്‍ അത് നൂറ് ശതമാനം ആയിരിക്കും'' എന്നും സഞ്ജു പറഞ്ഞു. അതിരടി ആദ്യം മലയാളത്തിലും പിന്നെ തമിഴിലും കാണണം. ശരിക്കും കണ്ട് വിലയിരുത്തണം. എന്റെ ഓരോ മാച്ച് കഴിഞ്ഞും ഇവന്‍ എന്നെ വിളിക്കും. നീ ആ ഷോട്ട് കളിച്ചത് ശരിയായില്ല എന്നൊക്കെ പറയും. അപ്പോള്‍ ഇവന്റെ സിനിമ കണ്ട് ഞാനും കമന്റ് പറയണം എന്നും സഞ്ജു പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates