

വന്‍ വിജയമായിരിക്കുകയാണ് ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹനിയാട്ടം. ബോക്‌സ് ഓഫീസില്‍ നിറഞ്ഞ സദസിനു മുന്നില്‍ പ്രദര്‍ശനം തുടരുന്ന സിനിമ തുടക്കം മുതല്‍ അവസാനം വരെ ചിരി പടര്‍ത്തുകയാണ്. കലാരഞ്ജിനി, സൈജു കുറുപ്പ്, ബേബി ജീന്‍ തുടങ്ങിയ ചിത്രത്തിലെ താരങ്ങളെല്ലാം കയ്യടി നേടുന്നുണ്ട്.
ചിത്രത്തില്‍ സരസ്വതിയമ്മയായി വന്ന് തകര്‍ത്താടിയിരിക്കുകയാണ് കലാരഞ്ജിനി. കലാരഞ്ജിനിയുടെ പ്രകടനത്തെക്കുറിച്ച് എഴുത്തുകാരിയായ ശാദരക്കുട്ടിയെഴുതിയ കുറിപ്പും ശ്രദ്ധ നേടുകയാണ്. കലാരഞ്ജിനിക്ക് വേണ്ടി കാലം തീരുമാനിച്ചു വെച്ച സമയം ഇതായിരുന്നുവെന്നാണ് ശാരദക്കുട്ടി പറയുന്നത്. ആ വാക്കുകളിലേക്ക്:
മഞ്ചേരി ലാഡര്‍ പ്ലാസയില്‍ ഇന്നലെ മോഹിനിയാട്ടം സിനിമ കണ്ടു. തീയേറ്ററില്‍ തുടക്കം മുതല്‍ തുടങ്ങിയ ആഹ്ലാദാരവങ്ങള്‍ ചിത്രം കഴിഞ്ഞിറങ്ങി ലിഫ്റ്റില്‍ കയറിയപ്പോഴും തുടര്‍ന്നു. ഇതിന് മുന്‍പ് തീയേറ്ററില്‍ നിന്ന് ഇങ്ങനെ നിര്‍ത്താത്ത ചിരിയും കയ്യടിയും ഉണ്ടായത് സിദ്ദിഖ്-ലാല്‍ ടീമിന്റ ഗോഡ്ഫാഫാദര്‍ കണ്ടപ്പോഴായിരിക്കും.
ചിത്രത്തിന്റെ ഒന്നാം ഭാഗമായ 'ഭരതനാട്യ'ത്തില്‍ സായ്കുമാറാണ് കേന്ദ്ര കഥാപാത്രമെങ്കില്‍ ഇതില്‍ സായികുമാറിന്റെ അദൃശ്യസാന്നിധ്യം അനുഭവപ്പെടുത്തിക്കൊണ്ടാണ് ചിത്രം അവസാനം വരെ നീങ്ങുന്നത്. മോഹിനീശ്വരീദേവിക്ക് മിക്സ്ചറും സംഭാരവുമാണ് പ്രധാന നേര്‍ച്ച എന്ന് നിശ്ചയിക്കുന്ന രംഗത്തിലൊക്കെ സായികുമാറിന്റെ തനി ഫ്രോഡത്തരം പ്രകടമാക്കാന്‍ പ്രാപ്തമായ ആ ശബ്ദവും കണ്ണും മുഖവും മനസ്സില്‍ വന്നു. അദൃശ്യനെങ്കിലും ആ കഥാപാത്രമില്ലാത്ത ഒരു രംഗവുമില്ല ആ ചിത്രത്തില്‍.
കലാരഞ്ജിനിക്ക് വേണ്ടി കാലം തീരുമാനിച്ചു വെച്ച സമയം ഇതായിരുന്നു എന്ന് ചിത്രം കണ്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മനസ്സ് വിസ്മയപ്പെടുന്നു. മികച്ച കലാകാരികളായ ഉര്‍വ്വശിയും കല്പനയും മൂന്നു പതിറ്റാണ്ടു കാലം മലയാള സിനിമ അടക്കി വാണപ്പോഴും ഇവര്‍ താരതമ്യേന നിശ്ശബ്ദയായിരുന്നു. കലാരഞ്ജിനിയുടെ സരസ്വതിയമ്മക്ക് അവരുടെ അടഞ്ഞ ശബ്ദം പോലും വലിയ അനുഗ്രഹമായി മാറുകയാണ്.
തേങ്ങാമുറിയും കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഒറ്റ സീന്‍ മതി അഭിനയത്തില്‍ ഉര്‍വ്വശിയുടെ ചേച്ചിയാണവര്‍ എന്ന് തലകുലുക്കി സമ്മതിക്കാന്‍. കുന്തിരിക്കം പുകച്ച് നടക്കുന്ന സീനൊക്കെ ഓര്‍മ്മയില്‍ കൂടി ചിരി ഉണര്‍ത്തുന്നു . കലാരഞ്ജിനി തന്നെ ചിത്രത്തിന്റെ ഹൈലൈറ്റ്. എന്തൊരു കുസൃതിയാണവരുടെ നോക്കിലും ചലനങ്ങളിലും.
ജഗദീഷിനെ കുറിച്ച് പ്രത്യേകിച്ച് പറയാനില്ല. കുറെ കാലമായി അദ്ദേഹം തന്റെ സ്ഥിരം ചിരിക്കൂട്ടായിരുന്ന നടന്മാരെ ഒക്കെ പിന്നിലാക്കി വ്യത്യസ്തഭാവങ്ങളില്‍ പടര്‍ന്നാടുകയാണല്ലോ. സൈജു കുറുപ്പും ബേബി ജീനും വിനയ് ഫോര്‍ട്ടും ശ്രീജാ രവിയും സുരാജ് വെഞ്ഞാറമ്മൂടും പേരറിയുന്നവരും അറിയാത്തവരുമായ ഓരോരുത്തരും മനസ്സില്‍ നിന്ന് മായാത്ത മുഖങ്ങളായി.
ചിത്രത്തിന്റെ ഇടവേളയില്‍ കലാരഞ്ജിനിയുടെ ശബ്ദത്തില്‍ തന്നെ കേട്ട, 'പുകവലി ആരോഗ്യത്തിന് ഹാനികര'മെന്ന പരസ്യം, എന്റെ 4 വയസ്സുകാരന്‍ കുഞ്ഞുണ്ണിക്ക് ഏറെ ഇഷ്ടപ്പെട്ടു. വിസ്പറിങ് വോയ്‌സില്‍ സിഗരറ്റ് സ്‌മോക്കിങ് പരസ്യം ചെയ്ത മോഹിനിയാട്ടത്തിലെ ആന്റിയെ കാണണമെന്നാണിപ്പോള്‍ വഴക്ക്.
യൂട്യൂബില്‍ കലാരഞ്ജിനിയുടെ അഭിമുഖം കാണിച്ച് ഞാന്‍ സമാധാനിപ്പിച്ചു. സെര്‍ച്ച് കലാരഞ്ജിനി, ടൈപ്പ് കലാരഞ്ജിനി എന്ന് പറഞ്ഞ് നടപ്പാണിപ്പോള്‍. കലാരഞ്ജിനിയുടെ ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ സംസാരിപ്പിക്കാമെന്ന് ഞാന്‍ വാക്കു കൊടുത്തിട്ടുണ്ട്.
സംവിധായകന്‍ കൃഷ്ണദാസ് മുരളിക്കും ടീമിനും നന്ദി , സ്നേഹം. എത്രനാള്‍ കൂടിയാണൊരു പക്കാ എന്റര്‍ടെയ്നര്‍ മൂവി കാണുന്നത്. കൊടും വയലന്‍സ് രംഗമൊക്കെ ഓര്‍ത്താല്‍ ഞെട്ടിപ്പോകും എന്നത് സത്യം. എങ്കിലും മതവികാരമൊന്നും വ്രണപ്പെടുത്താതെ തന്നെ യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കുള്ള പരിഹാസപ്പെരുമഴയാണ് മോഹിനിയാട്ടം. ഡോണ്ട് മിസ് ഇറ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates