

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് സര്‍വ്വം മായ. ഇത്തവണ ക്രിസ്മസ് വിന്നര്‍ സര്‍വ്വം മായ തന്നെയെന്ന് നിസ്സംശയം പറയാം. ദീലിപ് നായകനായ ഭഭബ, മോഹന്‍ലാല്‍ ചിത്രം വൃഷഭ എന്നിവയെ പിന്നിലാക്കിയാണ് സര്‍വ്വം മായ ക്രിസ്മസ് വിന്നറാകുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവിനാണ് ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്.
വീക്കെന്‍ഡ് കളക്ഷനില്‍ കളങ്കാവലിനേയും ഹൃദയപൂര്‍വ്വത്തേയും നേരത്തെ തന്നെ സര്‍വ്വം മായ പിന്നിലാക്കിയിരുന്നു. ഇപ്പോഴിതാ അമ്പത് കോടിയെന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് സര്‍വ്വം മായ. വെറും അഞ്ച് ദിവസം കൊണ്ടാണ് നിവിന്‍ പോളി ചിത്രം അമ്പത് കോടിയിലെത്തിയത്. മലയാളത്തിന്റെ ഒ.ജി എന്റര്‍ടെയ്‌നര്‍ നിവിന്‍ പോളി തിരികെ വന്നുവെന്ന് ഇനി ഉറപ്പിച്ച് പറയാം.
വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് സര്‍വ്വം മായ തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം മൂന്നരക്കോടി നേടിയ ചിത്രത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മിക്കയിടത്തും ഷോകളുടെ എണ്ണം കൂട്ടി. പ്രദര്‍ശിപ്പിക്കുന്ന മിക്ക തീയേറ്ററുകളും ഹൗസ്ഫുള്ളായി. ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷന്‍ പതിന്മടങ്ങാവുകയും ചെയ്തു.
തന്റെ സോണില്‍ തന്നെ വെല്ലാന്‍ ഇന്നും മറ്റാരുമില്ലെന്ന് തെളിയിക്കുകയാണ് നിവിന്‍ പോളി. കൊവിഡ് ഇടവേളയും തുടര്‍പരാജയങ്ങളുമൊക്കെ സംഭവിച്ചിട്ടും നിവിന്‍ പോളിയെ മലയാളി മറന്നിട്ടില്ലെന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയാവുകയാണ് സര്‍വ്വം മായയ്ക്ക് ലഭിക്കുന്ന സ്വീകരണം. അമ്പത് കോടി പിന്നിട്ട ചിത്രം അധികം വൈകാതെ തന്നെ നൂറ് കോടിയിലേക്കുമെത്തുമെന്നാണ് കരുതപ്പെടുന്നത്.
ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയിലെ യുവനടി റിയ ഷിബുവിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്ന നിവിന്‍ പോളി-അജു വര്‍ഗീസ് കോമ്പോയും ചിരി പടര്‍ത്തുന്നുണ്ട്. അഖില്‍ സത്യന്‍ ആണ് സിനിമയുടെ സംവിധാനം. പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പാലേരി, അല്‍ത്താഫ് സലീം, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates