

ബോളിവുഡിന്റെ സ്വന്തം കിങ് ഖാന് ഇന്ന് 60 -ാം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ഷാരുഖിന് പിറന്നാൾ ആശംസകൾ നേരുന്നത്. ഒന്നുമില്ലായ്മയിൽ നിന്ന് വലിയൊരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് ഷാരുഖ്. ഇന്നിപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന താരത്തിന്റെ വളർച്ച അത്ര പെട്ടെന്നൊന്നുമായിരുന്നില്ല, അത്ര എളുപ്പവും.
സ്ഥിരോത്സാഹവും കഠിന പ്രയത്നവുമാണ് ഷാരുഖിനെ ബോളിവുഡിന്റെ കിങ് ഖാൻ എന്ന പദവിയിലേക്ക് ഉയർത്തിയത്. ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ആളാണ് ഷാരുഖ്. പതിനഞ്ചാം വയസിൽ അച്ഛനും ഇരുപത്തിയഞ്ചാം വയസിൽ അമ്മയും ഈ ലോകത്തോട് വിട പറഞ്ഞു.
വൈകാരികമായ ആ ഒറ്റപ്പെടലിനുള്ളിൽ നിന്നുകൊണ്ടാണ് കലാരംഗത്തേക്ക് ഷാരുഖ് കടന്നുവരുന്നത്, അതും യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാതെ. സിനിമയിൽ വരുന്നതിന് മുൻപ് പല ജോലികളും താൻ ചെയ്തിരുന്നുവെന്ന് ഷാരുഖ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ഗസൽ മാന്ത്രികനായ പങ്കജ് ഉദാസിന്റെ ലൈവ് പരിപാടിക്കെത്തുന്ന ആളുകളെ ഇരിപ്പിടം കണ്ടെത്താൻ സഹായിക്കുകയായിരുന്നു ആദ്യം ചെയ്തിരുന്ന ജോലി. ആ പരിപാടിയിൽ നിന്നാണ് തനിക്ക് ആദ്യമായി പ്രതിഫലം ലഭിക്കുന്നതെന്നും ഷാരുഖ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
"കുട്ടിക്കാലത്ത് തന്നെ ഞാൻ കുറച്ചു ദൂരം യാത്രയൊക്കെ ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം പങ്കജ് ഉദാസിന്റെ പരിപാടിയിൽ ആളുകളെ സ്വീകരിച്ച് ഇരുത്തുന്ന ജോലിക്ക് പോയി. അതിന് പ്രതിഫലമായി ഞങ്ങൾക്ക് അന്ന് 50 രൂപ ലഭിച്ചു. ആ പൈസയ്ക്ക് ഞങ്ങൾ ട്രെയ്‌ൻ കയറി താജ്മഹൽ കാണാൻ പോയി". - ഷാരുഖ് ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
50 രൂപ പ്രതിഫലത്തിൽ തുടങ്ങിയ ഷാരുഖ് ഇന്ന് കോടികൾ പ്രതിഫലം കൈപ്പറ്റുന്ന സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു. സിനിമ സ്വപ്നം കാണുന്ന ഏതൊരാൾക്കും ഒരു തുറന്ന പാഠപുസ്തകവും പ്രചോദനവുമാണ് ഷാരുഖിന്റെ ജീവിതം. ലോകമെമ്പാടും ഷാരൂഖിന് നിരവധി റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളുണ്ട്.
ബാന്ദ്രയിൽ 200 കോടി വിലമതിക്കുന്ന മന്നത്ത് എന്ന ആഡംബര ബംഗ്ലാവിനു പുറമെ ലണ്ടനിൽ ആഡംബര അപ്പാർട്ട്മെന്റ്, ഇംഗ്ലണ്ടിൽ ഒരു അവധിക്കാല വിശ്രമ കേന്ദ്രം, ബെവർലി ഹിൽസിൽ ഒരു വില്ല, ഡൽഹിയിൽ പ്രോപ്പർട്ടികൾ, അലിബാഗിൽ ഒരു ഫാംഹൗസ്, ദുബായിൽ ബംഗ്ലാവ് എന്നിവയും ഷാരുഖിന് സ്വന്തമായുണ്ട്.
ഷാരുഖിന്റെ ജന്മദിനം ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് ആഘോഷമാക്കുകയാണ് യുഎഇ. പതിവ് പോലെ മുംബൈയിലെ മന്നത്ത് മൻസിലിലെ ബാൽക്കണിയിൽ ഷാരുഖ് ഇന്നും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates