സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഷാരുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍. ആര്യൻ സംവിധാനം ചെയ്യുന്ന വെബ് സീരിസ് ദ് ബാഡ്സ് ഓഫ് ബോളിവുഡിന്റെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചു നടന്നു. ഷാരുഖിനെപ്പോലെ ആര്യനും പ്രേക്ഷകരെ കയ്യിലെടുത്തു. കയ്യില്‍ സ്ലിങ് ഇട്ട് എത്തിയ കിങ് ഖാന്‍ തന്നെയിരുന്നു മുഖ്യ അവതാരകന്‍.
'മന്നത്തിലെ സിസിടിവി ദൃശ്യം അവന്‍ യൂട്യൂബില്‍ ഇടുമോ' എന്ന ആമുഖത്തോടെയാണ് ഷാരുഖ് ട്രെയ്‌ലര്‍ ലോഞ്ചിന് തുടക്കമിട്ടത്. ഇപ്പോഴിതാ വൈകാരികമായ ഷാരുഖിന്റെ പ്രസംഗമാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. "മുംബൈയിലെ ഈ പുണ്യഭൂമിയോടും, ഈ രാജ്യത്തെ പുണ്യഭൂമിയോടും ഞാന്‍ ഒരുപാട് നന്ദിയുള്ളവനാണ്. 30 വര്‍ഷം നിങ്ങളെയെല്ലാവരെയും രസിപ്പിക്കാന്‍ അവസരം നല്‍കിയത് ഈ നാടാണ്.
ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമാണ്. കാരണം ഈ പുണ്യഭൂമിയില്‍ എന്റെ മകനും അവന്റെ ആദ്യ കാല്‍വെപ്പ് നടത്തുകയാണ്. അവന്‍ വളരെ നല്ല കുട്ടിയാണ്. അതുകൊണ്ട് ഇന്ന് അവന്‍ നിങ്ങളുടെ മുന്നിലെത്തുമ്പോള്‍, അവന്റെ വര്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍, ദയവായി അവനു വേണ്ടി കയ്യടിക്കുക. ആ കയ്യടികൾക്കൊപ്പം അല്‍പ്പം അനുഗ്രഹവും പ്രാര്‍ഥനയും നല്‍കുക. ഞാന്‍ നിങ്ങളോട് മുമ്പ് പറഞ്ഞതുപോലെ, നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന്റെ 150% അവന് നല്‍കുക".- ഷാരുഖ് ഖാന്‍ പറഞ്ഞു.
തന്റെ സംവിധാന അരങ്ങേറ്റത്തെക്കുറിച്ച് ആര്യൻ ഖാനും സംസാരിച്ചു. "ഞാൻ വളരെ പരിഭ്രാന്തിയിലാണ്. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, ദയവായി എന്നോട് ക്ഷമിക്കണം. ഇത് ആദ്യമായാണ് ഞാൻ ഇവിടെ. കഴിഞ്ഞ രണ്ട് പകലും മൂന്ന് രാത്രിയുമായി ഞാൻ ഈ പ്രസംഗം പ്രാക്ടീസ് ചെയ്യുന്നു.
ടെലിപ്രോംപ്റ്ററിലും അതുപോലെ ചെറിയ കുറിപ്പുകളുമൊക്കെയായി ഞാൻ വളരെയധികം പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഞാനിപ്പോൾ എന്തെങ്കിലും തെറ്റ് വരുത്തിയാലും പപ്പയുണ്ട് ഇവിടെ."- ആര്യൻ പറഞ്ഞു.
തനിക്ക് ഒരുപാട് സമ്മര്‍ദ്ദം ഉണ്ടെന്നും എന്നാല്‍ താന്‍ അതിനുള്ള ഒരുക്കം നടത്തിയിട്ടുണ്ടെന്നും ആര്യന്‍ വ്യക്തമാക്കി. ഈ പരമ്പരയുടെ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അമ്മയെ വേദിയിലേക്ക് വിളിച്ചപ്പോള്‍ ആര്യന്‍ പിതാവിന്‍റെ ശൈലിയിലാണ് സംസാരിച്ചത്.
ഏറെ സ്നേഹത്തോടെയാണ് താൻ ഈ പരമ്പര ഒരുക്കിയതെന്നും എന്തെങ്കിലും തെറ്റു കുറ്റങ്ങൾ സംഭവിച്ചാൽ ക്ഷമ ചോദിക്കുന്നുവെന്നും ആര്യന്‍ പറഞ്ഞു. ബോളിവുഡിലെ ഗോസിപ്പുകളും വിവാദങ്ങളും ബന്ധങ്ങളും ആസ്പദമാക്കിയാണ് പരമ്പര.
അടുത്തമാസം 18നാണ് പരമ്പര ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. ബോബി ഡിയോള്‍, ലക്ഷ്യ, സഹേര്‍ ബംബ, മനോജ് പഹ്വ, മോന സിങ്, മനീഷ് ചൗധരി, രാഘവ് ജുയല്‍, അന്യ സിങ്, വിജയ്ന്ത് കോഹ്ലി എന്നിവര്‍ക്കൊപ്പം രജത് ബേദിയും ഗൗതമി കപൂറും സീരിസിൽ അണിനിരക്കുന്നുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് 'ദ് ബാഡ്സ് ഓഫ് ബോളിവുഡ്' നിര്‍മ്മിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates