

ബോളിവുഡിന്റെ രാജാവാണ് ഷാരൂഖ് ഖാന്‍. തിരുവായ്ക്ക് എതിര്‍വായില്ലാതെ ബോളിവുഡിലെ വലിയവരും ചെറിയവരും അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കും. മകന്‍ ആര്യന്‍ ഖാന്റെ അരങ്ങേറ്റത്തിന് പിന്തുണയുമായി ബോളിവുഡ് ഒന്നടങ്കം വന്നതിന് പിന്നില്‍ ഷാരൂഖ് ഖാനോടുള്ള സ്‌നേഹവും ബഹുമാനവും തന്നെയാണ് പ്രധാന കാരണം. എന്നാല്‍ എല്ലാക്കാലത്തും ഇങ്ങനെയായിരുന്നില്ല അവസ്ഥ.
താര കുടുംബങ്ങളുടെ മേല്‍വിലാസമില്ലാതെ കടന്നു വന്നവന്‍ എന്ന നിലയില്‍ ബോളിവുഡിലെ പവര്‍ ഗ്രൂപ്പുകളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമെല്ലാം തുടക്കകാലത്ത് വേട്ടയാടല്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഷാരൂഖ് ഖാന്‍. ഇന്ന് മാധ്യമങ്ങളോട് ഷാരൂഖിനോളം സൗഹൃദത്തോടെ പെരുമാറുന്ന മറ്റൊരു താരമില്ല. എന്നാല്‍ പണ്ട് ഇതായിരുന്നില്ല സ്ഥിതി. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളായി മാധ്യമങ്ങളെ കണ്ടിരുന്ന കാലമുണ്ട് ഷാരൂഖിന്.
2012 ല്‍ ഒരു അഭിമുഖത്തില്‍ താനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍ സംസാരിക്കുന്നുണ്ട്. തുടക്കകാലത്ത് ഒരിക്കല്‍ തന്നെക്കുറിച്ച് മോശം വാര്‍ത്ത നല്‍കിയ മാസികയുടെ ഓഫീസില്‍ കയറി തല്ലുണ്ടാക്കുകയും അകത്താവുകയും ചെയ്തിട്ടുണ്ട് ഷാരൂഖ് ഖാന്‍.
ഷാരൂഖ് ഖാന്‍ ബോളിവുഡില്‍ തെളിഞ്ഞു വരുന്ന കാലമാണ്. വിവാഹിതനായ ഷാരൂഖ് ഖാനെയും കൂടെ അഭിനയിച്ച നടിയേയും ചേര്‍ത്തുവച്ച് ഒരു മാസിക കഥയുണ്ടാക്കി. ''ഗൗരി വല്ലാതെ വിഷമിച്ചു. അഭിനയമല്ലാതെ എന്നെപ്പോലുള്ള നടന്മാര്‍ എന്താണ് ചെയ്യുന്നതെന്ന് അവള്‍ക്ക് ആശങ്കയായി. ആ വാര്‍ത്തയില്‍ സത്യമില്ലായിരുന്നു. ഞാന്‍ അവരെ വിളിച്ചു. നിങ്ങളാണോ ഇതെഴുതിയത് എന്ന് ചോദിച്ചു. ഷാരൂഖ് അതൊരു തമാശയാണ്! അവര്‍ പറഞ്ഞു. എനിക്കിത് തമാശയായി തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു'' താരം പറയുന്നു.
''ഇപ്പോഴത്തേത് പോലെയല്ല, ഞാന്‍ ശരിക്കും ഡല്‍ഹിക്കാരനെപ്പോലെയാണ് അന്ന് സംസാരിച്ചത്. നീ ചിരിക്കുകയാണോ? എന്നെ കണ്ടിട്ട് ചിരിക്കുന്നത് പോലെ തോന്നുന്നുണ്ടോ? നീ അവിടെ നില്‍ക്ക്, ഞാന്‍ അങ്ങോട്ട് വരാം! ഞാന്‍ അവിടേക്ക് ചെന്നു. അടിയുണ്ടാക്കി. ആളുകളെ തല്ലി. വളരെ മോശം കാര്യങ്ങളാണ് ഞാന്‍ ചെയ്തത്. സാധാരണ ഡല്‍ഹിക്കാര്‍ ചെയ്യുന്നത് തന്നെയാണത്. രാജ്യത്തിന്‌റെ മറ്റ് ഭാഗങ്ങളില്‍ അതെല്ലാം മോശം കാര്യങ്ങളാണെന്ന് ഡല്‍ഹിക്കാര്‍ക്ക് അറിയില്ല. ഞാന്‍ വളരെ മോശമായിട്ടാണ് പെരുമാറിയത്''.
''ഒരു പയ്യന്‍ ഷോര്‍ട്‌സ് ധരിച്ച് അവിടെ ഇരിപ്പുണ്ടായിരുന്നു. ഓഫീസിലുള്ളവരെല്ലാം അവിടെയുണ്ടായിരുന്നു. എന്റെ പക്കല്‍ ഒരു കുക്രി കത്തിയും ഉണ്ടായിരുന്നു. വാളൊന്നുമായിരുന്നില്ല. ഞാനത് അവന്റെ കാലിന്റെ ഇടയില്‍ വച്ചു, എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്ന് ഇന്ന് എനിക്കറിയില്ല, ഞാന്‍ അവന്റെ അച്ഛനേയും അമ്മയേയും നോക്കി ഇവനെ ഞാനിന്ന് അരിയും എന്ന് പറഞ്ഞു. അവര്‍ക്ക് ഒന്നും മനസിലായില്ല'' ഷാരൂഖ് ഖാന്‍ പറയുന്നു. പിന്നാലെ ഷാരൂഖിനെ തേടി പൊലീസുമെത്തി.
''അവര്‍ എന്നെ ആറ് മണിയോടെയാണ് കൊണ്ടു പോകുന്നത്. ജാമ്യം കിട്ടാതിരിക്കാന്‍ ചെയ്തതാണ്. ലോക് അപ്പില്‍ കിടക്കവെ എനിക്ക് ഒരൊറ്റ ഫോണ്‍ കോള്‍ ചെയ്യാന്‍ അവസരം തന്നു. വക്കീലിനേയോ വീട്ടുകാരെയോ വിളിക്കേണ്ടതിന് പകരം ഞാന്‍ അതേ ജേര്‍ണലിസ്റ്റിനെയാണ് വിളിച്ചത്. ഇപ്പോള്‍ നീയെന്നെ അകത്താക്കി. ഇവിടുന്ന് ഇറങ്ങിയാല്‍ ഞാന്‍ വന്ന് നിന്നെ വെട്ടിക്കീറും എന്ന് പറഞ്ഞു'' ഷാരൂഖ് ഖാന്‍ പറയുന്നു.
അന്ന് ഷാരൂഖ് ഖാനെ ജാമ്യത്തില്‍ ഇറക്കിയത് നടന്‍ നാന പഡേക്കര്‍ ആയിരുന്നു. എന്തായാലും അന്നത്തെ സംഭവത്തിന് ശേഷം താന്‍ പതിയെ മാറിയെന്നും അത്തരം മോശം സ്വഭാവങ്ങളൊക്കെ മാറി താന്‍ നന്നായെന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
