കാമറ നിലത്ത് വീണ് ലെൻസ് പൊട്ടിച്ചിതറി, സുരേഷിൻ്റെ കണ്ണുകളിൽ നിരാശയും ദുഃഖവും; ഏകലവ്യൻ ഓർമയുമായി ഷാജി കൈലാസ്

ഏകലവ്യൻ സിനിമയുടെ ഷൂട്ടിങ്ങിനായി സുരേഷ് ​ഗോപി എത്തിയതിനു പിന്നാലെ കാമറ നിലത്തുവീണ് ലെൻസ് പൊട്ടിയ സംഭവമാണ് സംവിധായകൻ ഓർത്തെടുത്തത്
സുരേഷ് ​ഗോപി ഷാജി കൈലാസ്/ ഫെയ്സ്ബുക്ക്
സുരേഷ് ​ഗോപി ഷാജി കൈലാസ്/ ഫെയ്സ്ബുക്ക്
Updated on
1 min read

സുരേഷ് ​ഗോപിയെ സൂപ്പർതാരമാക്കിയ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യൻ. ഇപ്പോൾ ചിത്രത്തേക്കുറിച്ചുള്ള ഒരു ഓർമ പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. നടൻ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാ​ദങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു കുറിപ്പ്.

ഏകലവ്യൻ സിനിമയുടെ ഷൂട്ടിങ്ങിനായി സുരേഷ് ​ഗോപി എത്തിയതിനു പിന്നാലെ കാമറ നിലത്തുവീണ് ലെൻസ് പൊട്ടിയ സംഭവമാണ് സംവിധായകൻ ഓർത്തെടുത്തത്. ഐശ്വര്യക്കേടിൻ്റെയും ദുർനിമിത്തത്തിൻ്റെയും വ്യാഖ്യാനങ്ങൾ കൊണ്ട് വഷളാകുമായിരുന്ന സംഭവമാണ് ഇതെന്നും എന്നാൽ ചിത്രം 250 ദിവസങ്ങൾ പൂർത്തിയാക്കി എന്നുമാണ് ഷാജി കൈലാസ് കുറിക്കുന്നത്. വീണുപോയ ക്യാമറയും മഹാവിജയത്തിൻ്റെ ഫലപ്രാപ്തിയും എന്ന തലക്കെട്ടിലാണ് കുറിപ്പ്. 

ഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം

വീണുപോയ ക്യാമറയും മഹാവിജയത്തിൻ്റെ ഫലപ്രാപ്തിയും
ചില ഓർമ്മകൾ പൂക്കളെ പോലെയാണ്. അവ സ്നേഹത്തിൻ്റെ സുഗന്ധം പരത്തും. ഭാഗ്യയുടെ വിവാഹനാളിൽ ഗുരുവായൂരമ്പലനടയിൽ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിന്ന ഞങ്ങളെ ഓരോരുത്തരെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുമ്പോൾ സുരേഷ് ഗോപി അനുഭവിച്ച ആത്മനിർവൃതി കേവലം ഒരു സഹപ്രവർത്തകൻ്റെയോ സുഹൃത്തിൻ്റെയോ മാത്രമായിരുന്നില്ല. മറിച്ച് ഉത്തമനായ ഒരു കലാകാരനിൽ കാലം ചേർത്തുവെക്കുന്ന മൂല്യബോധങ്ങളുടെ പ്രകടനം കൂടിയായിരുന്നു. ഒരു കലാകാരൻ്റെയും രാഷ്ട്രീയക്കാരൻ്റെയും തിരക്കുകളിൽ നിന്ന് അച്ഛൻ്റെ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ ഉത്തരവാദിത്വങ്ങളിലേക്കുള്ള സുരേഷ് ഗോപിയുടെ ഈ ഹൃദയസഞ്ചാരം ഒരു പഴയ ഓർമ്മയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപ്പോയി.
ഏകലവ്യൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. സുരേഷ് ഗോപി ആ സിനിമയിൽ ആദ്യമായി അഭിനയിക്കുവാൻ എത്തുകയാണ്. തിരശീലകളെ തീ പിടിപ്പിച്ച ക്ഷുഭിതയൗവന പകർന്നാട്ടത്തിനായി സുരേഷ് ഗോപി ചായം പൂശുന്നു. എല്ലാം കഴിഞ്ഞ് ആദ്യഷോട്ടിനായി വരുമ്പോഴാണ് അത് സംഭവിച്ചത്. ക്യാമറ നിലത്ത് വീണു..! ലെൻസ് പൊട്ടിച്ചിതറി..! സെറ്റ് മൂകമായി. സുരേഷിൻ്റെ കണ്ണുകളിൽ നിരാശയുടെയും ദുഃഖത്തിൻ്റെയും അലയൊലി. ഞാൻ സുരേഷിനെ ആശ്വസിപ്പിച്ചു. സ്റ്റിൽ ഫോട്ടോഗ്രാഫറായ സുനിൽ ഗുരുവായൂരിനെക്കൊണ്ട് മൂന്നു നാല് സ്റ്റില്ലുകൾ എടുപ്പിച്ചു. എന്നിട്ടാണ് സുരേഷ് ഗോപി മേക്കപ്പഴിച്ചത്. 
ഐശ്വര്യക്കേടിൻ്റെയും ദുർനിമിത്തത്തിൻ്റെയും വ്യാഖ്യാനങ്ങൾ കൊണ്ട് വേണമെങ്കിൽ വഷളാകുമായിരുന്ന ആ സംഭവം അങ്ങനെ ശാന്തമായി അവസാനിച്ചു. ഏകലവ്യൻ പൂർത്തിയായി. സുരേഷ് ഗോപി സൂപ്പർതാരമായി. മൂന്ന് തവണയാണ് ഏകലവ്യൻ്റെ വിജയാഘോഷം നടത്തിയത്. നൂറും നൂറ്റമ്പതും ഇരുന്നൂറ്റമ്പതും ദിനങ്ങൾ പൂർത്തിയായപ്പോൾ സുരേഷ് ഗോപിയോട് ആദ്യ ദിവസത്തെ ക്യാമറ വീഴ്ച ഞാൻ ഓർമ്മിപ്പിച്ചു. സുരേഷ് ഗോപി ഹൃദ്യമായി ചിരിച്ചു.
ഗുരുവായൂരപ്പനും ലൂർദ്ദ് മാതാവും പരമ കാരുണ്യവാനായ പടച്ചവനുമടക്കം എല്ലാ ഈശ്വരസങ്കല്പങ്ങളും സുരേഷ് ഗോപിയെ അനുഗ്രഹിക്കട്ടെ. ഭാഗ്യക്ക് നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ. എല്ലാ മലയാളികൾക്കും നന്മയുണ്ടാവട്ടെ.
ഷാജി കൈലാസ്

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com