'അങ്ങയെ പോലുള്ളവർ മാത്രമാണ് സൂപ്പർ സ്റ്റാർ'- ഹൃദയം തൊടും കുറിപ്പ്; 'മധുര' കഥ പങ്കിട്ട് ഷമ്മി തിലകൻ

'അങ്ങയെ പോലുള്ളവർ മാത്രമാണ് സൂപ്പർ സ്റ്റാർ'- ഹൃദയം തൊടും കുറിപ്പ്; 'മധുര' കഥ പങ്കിട്ട് ഷമ്മി തിലകൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
2 min read

ടനും എംപിയുമായ സുരേഷ് ഗോപിക്കൊപ്പമുള്ള ഹൃദയം തൊടുന്ന അനുഭവകഥ പങ്കുവച്ച് ഷമ്മി തിലകൻ. ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’ എന്ന സിനിമയുടെ സെറ്റിൽ നടന്ന സംഭവമാണ് ഷമ്മി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്. തനിക്കിഷ്ടപ്പെട്ട മധുരപലഹാരം ഷൂട്ട് കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ വാങ്ങി വീട്ടിലേക്കു കൊടുത്തയച്ച കഥയാണ് ഷമ്മി പറയുന്നത്. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് അനുഭവ കഥ ഷമ്മി പങ്കിട്ടത്. 

കുറിപ്പിന്റെ പൂർണ രൂപം

ഈ കരുതലിൻ സമ്മാനം..!

സദുദ്ദേശത്തോടെ, ജനാധിപത്യപരമായി, സമൂഹനന്മ ലക്ഷ്യം വച്ച്, കയ്‌പേറിയ ചോദ്യങ്ങൾ ചോദിച്ചു ചിലരെ ഉത്തരം മുട്ടിച്ചതിന്, കൊഞ്ഞനം കുത്തിക്കൊണ്ട് ലഭിച്ച പുളിച്ചുതികട്ടുന്ന വിശദീകരണ നോട്ടീസിന്, എരിവുള്ള മറുപടി തയ്യാറാക്കുന്ന വേളയിൽ ലഭിച്ച കരുതലിന്റെ ഒരു മധുരകഥ..!

ഡേവിഡ് കാച്ചപ്പിള്ളി സാറിന്റെ നിർമ്മാണത്തിൽ, എംപിയും നടനുമായ ശ്രീ.സുരേഷ് ഗോപിയെ നായകനാക്കി, ജോഷിസർ സംവിധാനം ചെയ്യുന്ന 'പാപ്പൻ' സിനിമയുടെ ഈരാറ്റുപേട്ടയിലെ സെറ്റിൽ, 2022 ജനുവരി 13-ന് (എന്റെ പിന്നാൾ ദിനം) രാത്രിയാണ് കഥ തുടങ്ങുന്നത്. സുരേഷ് ജിയും, നൈലാ ഉഷയും, ഞാനും ചേർന്നുളള ഒരു സീനാണ് ചിത്രീകരിക്കുന്നത്. രണ്ടു രാത്രികളിലായി അദ്ദേഹവുമായി 'നേർക്കുനേർ' ഉള്ള സംഘട്ടന ചിത്രീകരണം അവസാനത്തോടടുക്കുന്നു.

മിടുമിടുക്കനായ ക്യാമറമാൻ അജയ് ഡേവിഡിന്റെ നിർദേശങ്ങൾക്കനുസരിച്ച് സാങ്കേതിക വിഭാഗം അടുത്ത ഷോട്ടിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിടയിൽ വീണുകിട്ടിയ ഇടവേള. അധ്വാനഭാരത്താലും, ഉറക്കമില്ലായ്മയാലും ഞാനുൾപ്പെടെയുള്ളവരെല്ലാം നന്നേ ക്ഷീണിതരായിരുണെങ്കിലും സുരേഷ് ജി ഉന്മേഷവാനായി കാണപ്പെട്ടു.

ഞാൻ ചോദിച്ചു.., 

''കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിൽ, രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രമല്ലേ മനുഷ്യാ നിങ്ങൾ ഉറങ്ങിയത്..?.

രാത്രി മുഴുവൻ 'പാപ്പൻ' ആയി എന്നോട് അടികൂടുന്നു..; പകൽ മുഴുവൻ 'മൂപ്പൻ' (എംപി) ആയി രാജ്യഭരണവും..!

ഇതെങ്ങനെ സാധിക്കുന്നു..?'' 

തന്റെ സ്വതസിദ്ധമായ ആ ചിരി മറുപടിയായി നൽകിയിട്ട് അദ്ദേഹം തന്റെ സഹായിയെ ഒന്നു നോക്കി. ഉടൻതന്നെ മിന്നൽ മുരളിയേക്കാൾ വേഗത്തിൽ സഹായി ഒരു പായ്ക്കറ്റ് അദ്ദേഹത്തിന്റെ കൈയിൽ എത്തിച്ചു. ഡൽഹിയിൽ നിന്നും വാങ്ങിയ വിശേഷപ്പെട്ട എന്തോ തരം മധുര പലഹാരമായിരുന്നു. 

നമ്മുടെ പ്രധാന മന്ത്രിയുടെയൊക്കെ ഇഷ്ട പലഹാരം. വലുപ്പചെറുപ്പമില്ലാതെ ആ ഒരു പെട്ടി സ്വീറ്റ്സ് അദ്ദേഹം എല്ലാവർക്കും പങ്കുവച്ചു.

എനിക്ക് രണ്ടു മൂന്നെണ്ണം നൽകിയതിൽനിന്നും ഒരെണ്ണം ഞാൻ എടുത്തു.

'മധുരം' പണ്ടേ അത്ര 'താൽപര്യ'മില്ലാത്ത ഞാൻ, അതിന്റ മേജർ ഷെയറും അന്ന് എനിക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകനും, എഴുത്തുകാരനുമായ എന്റെ സുഹൃത്ത് അഡ്വക്കേറ്റ് ശ്യാമിനു നൽകി. ബാക്കി ഒരു നുള്ള് ഞാൻ നുണഞ്ഞു. കരുതിയത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. ഒത്തിരി സ്വാദിഷ്ടമായിരുന്നു ആ 'സ്വീറ്റ്‌സ്'.

ശ്ശേ..; ഒരെണ്ണം കൂടി എടുക്കാമായിരുന്നു. കുറ്റബോധം തോന്നി. അല്ലെങ്കിലും അതങ്ങനാണല്ലോ..; പലപ്പോഴും ജീവിതത്തിൽ കൈക്കുമ്പിളിൽകൊണ്ടു വച്ചുതരുന്ന പലതിന്റെയും വിലയും ഗുണവും നമ്മൾ വൈകി മാത്രമാകും തിരിച്ചറിയുക.ഇല്ല, എനിക്ക് മതിയായില്ല. ഇനിയും വേണം.

ആഗ്രഹം ഒരു കൊതിയായി നാവിൽ അവശേഷിപ്പിച്ച് മെല്ലെ ഞാൻ അദ്ദേഹത്തെ തന്നെ സമീപിച്ചു.  ''സുരേഷ്ജി..; സ്വീറ്റ് ഒത്തിരി സ്വാദിഷ്ടമായിരുന്നു..; എനിക്ക് നൽകാൻ ഒരെണ്ണംകൂടിയുണ്ടാകുമോ? അതിനകംതന്നെ അത് എല്ലാവർക്കുമായി വീതിച്ചു നൽകി കഴിഞ്ഞിരുന്ന അദ്ദേഹം വിഷമത്തോടെ പറഞ്ഞു..; 

''അയ്യോ..; തീർന്നുപോയല്ലോ ഷമ്മീ...'' അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഞാൻ, എന്നിലെ നിരാശ മറച്ചു പിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു..; 

''സാരമില്ല സുരേഷ് ജീ. സാരമില്ല.'' 

അപ്പോഴേക്കും 'ഷോട്ട് റെഡി' എന്ന സംവിധായകന്റെ അറിയിപ്പ് വന്നു. അറിയിപ്പ് ലഭിച്ച ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നടക്കുമ്പോൾ ആ ശബ്ദം ആർദ്രമായി എന്റെ കാതിൽ മന്ത്രിച്ചു. ''തിലകൻചേട്ടന്റെ മകൻ വിഷമിക്കണ്ട..; ഈ കടം ഞാൻ വീട്ടും'' പാപ്പന്റെ ഷൂട്ട് കഴിഞ്ഞ് എല്ലാരും പിരിഞ്ഞു, അദ്ദേഹം ഡൽഹിക്കും, ഞാൻ കൊല്ലത്തേക്കും മടങ്ങി. അതിജീവനത്തിന്റെ തിരക്കുകൾക്കിടയിൽ 'മധുരമൂറുന്ന' ആ കടത്തിന്റെ കഥ ഞാൻ മറന്നു. എന്നാൽ, കൃത്യം ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 13-ന് ഒരു വിളിയെത്തി.‌

''ഷമ്മീ.., സുരേഷ് ഗോപിയാണ്. നിങ്ങൾക്ക് ഞാൻ തരാനുള്ള കടം അല്പസമയത്തിനകം നിങ്ങളുടെ വാതിൽ പടിയിൽ എത്തും. സ്വീകരിച്ചു കൊള്ളുക.'' 

പറഞ്ഞു തീർന്നില്ല. കോളിങ് ബെൽ മുഴങ്ങി. ആകാംക്ഷയോടെ ഞാൻ വാതിൽ തുറന്നു. ആർട്ട് ഡയറക്ടർ ശ്രീ. സാബു റാം വാതിൽക്കൽ. ചേട്ടന്റെ വീട്ടിലെത്തിക്കണം എന്നു പറഞ്ഞു സുരേഷ്ഗോപി സർ തന്നയച്ചതാണെന്ന് അറിയിച്ച് ഒരു പൊതി ഏൽപ്പിച്ചിട്ട് സാബു യാത്രയായി. ഞാൻ ഇന്നോളം കഴിച്ചിട്ടുള്ളതിൽവച്ച്, അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും 'സ്വാദിഷ്ടമായ മധുരം' നിറച്ചുവച്ചിട്ടുള്ള ആ സ്നേഹപ്പൊതിയുമായി തിരികെ നടക്കുമ്പോൾ ഞാൻ ഓർത്തു കൃത്യം ഒരു മാസം മുമ്പ് അദ്ദേഹം പറഞ്ഞത്. 

''തിലകൻചേട്ടന്റെ മകൻ വിഷമിക്കണ്ട..; ഈ കടം ഞാൻ വീട്ടും'' 

പ്രിയ സുരേഷ്ജി ഒത്തിരി സന്തോഷത്തിലാണ് ഞാൻ. ഒപ്പം, അങ്ങയെ പോലെ മനഷ്യപ്പറ്റുള്ളതും സഹജീവികളോട് കരുണയുള്ളവനുമായ ഒരു അതുല്യ കലാകാരന്റെ കാലഘട്ടത്തിൽ ജീവിക്കാനായതിൽ അഭിമാനിക്കുന്നു ഞാൻ. നിങ്ങൾ ഒരു വിസ്മയമാണ്.

സൂപ്പർ സ്റ്റാറുകൾക്കും മേലേയാണ് എന്റെയുള്ളിൽ അങ്ങേയ്ക്കുള്ള സ്ഥാനം. കുതികാൽ വെട്ടാതെയും., കുത്തിത്തിരിപ്പുണ്ടാക്കാതെയും, ദന്തഗോപുരങ്ങളിലെ മിഥ്യാബോധത്തിലാണ്ടു കഴിയാതെയും..; കൂടെയുള്ളവരുടെ/ഒപ്പമുള്ളവരുടെ/ഒറ്റപ്പെടുന്നവരുടെ ജീവിതങ്ങൾ കൂടി സംരക്ഷിക്കാൻ..; അവരുടെ കൊച്ചു കൊച്ചു താൽപര്യങ്ങൾ പോലും സ്വന്തം കടമായി കണ്ട് അവരെ സംരക്ഷിച്ചു പിടിക്കാൻ..ചേർത്തു പിടിക്കാൻ കഴിയുന്ന അങ്ങയെ പോലുള്ളവരാണ് സൂപ്പർസ്റ്റാർ. അങ്ങയെ പോലുള്ളവർ മാത്രമാണ് സൂപ്പർ സ്റ്റാർ!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com